ന്യൂഡൽഹി: രണ്ടു ദിവസത്തെ സന്ദർശനത്തിനായി പോളണ്ടിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി പോളിഷ് പ്രധാനമന്ത്രി ഡോണൾഡ് ടസ്കുമായി ഇന്നു കൂടിക്കാഴ്ച നടത്തും.
ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധത്തിന്റെ 70 -ാം വാർഷികം ആഘോഷിക്കുന്ന വേളയിലാണ് മോദിയുടെ പോളണ്ട് സന്ദർശനം. ഡോണൾഡ് ടസ്കുമായുള്ള കൂടിക്കാഴ്ചക്കുശേഷം ഇന്ത്യൻ സമൂഹം നൽകുന്ന സ്വീകരണത്തിലും മോദി പങ്കെടുക്കും. ഇതിനുശേഷം വൈകിട്ട് മോദി പോളണ്ടിൽനിന്നു ട്രെയിനിൽ യുക്രെയിനിലേക്ക് പോകും.
പോളണ്ടിലെ അതിർത്തി നഗരമായ ഷെംഷോയിൽനിന്നു പത്തു മണിക്കൂർ ട്രെയിൻ യാത്ര നടത്തിയാവും മോദി കീവിൽ എത്തുക. നയതന്ത്ര ബന്ധം ആരംഭിച്ച് 30 വര്‍ഷമാകുമ്പോഴാണ് ഒരു ഇന്ത്യൻ പ്രധാനമന്ത്രി യുക്രെയിൻ സന്ദര്‍ശിക്കുന്നത്.
റഷ്യ-യുക്രൈൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ മോദിയുടെ യുക്രൈൻ സന്ദർശനത്തിന് രാഷ്ട്രീയ പ്രസക്തി ഏറും. റഷ്യ-യുക്രെയിൻ സംഘർഷം അവസാനിപ്പിക്കാനുള്ള ഇന്ത്യയുടെ നിർദ്ദേശം യുക്രെയിൻ പ്രസിഡന്റ് വ്ളാദിമിർ സെലൻസ്കിയുമായി ചർച്ച ചെയ്യുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യയിൽനിന്ന് തിരിക്കും മുൻപ് പറഞ്ഞിരുന്നു.