പരിയാരം: ദേശീയപാത നിര്‍മാണ പ്രവൃത്തിക്കെത്തിയ കരാര്‍കമ്പനി തൊഴിലാളികളും വിളയാങ്കോട് എംജിഎം പോളിടെക്നിക്ക് കോളജ് വിദ്യാര്‍ഥികളും തമ്മിൽ ഏറ്റുമുട്ടി. മൂന്ന് വിദ്യാര്‍ഥികള്‍ക്ക് പരിക്കേറ്റു.
സംഭവത്തില്‍ മേഘ കണ്‍സ്ട്രക്ഷന്‍ കമ്പനിയിലെ മൂന്ന് താത്കാലിക ഡ്രൈവര്‍മാർ പോലീസ് പിടിയിലായി. വിളയാങ്കോട് സ്വദേശികളായ ഫെബിന്, റോബിന്, പുത്തൂര്‍ക്കുന്നിലെ സഞ്ജയ് എന്നിവരാണ് അറസ്റ്റിലായത്. ഇവരെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടു.
അഭിനവ് (19), യദു(19), വിനായക് (19) എന്നീ വിദ്യാര്‍ഥികളെ പരിക്കുകളോടെ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇന്നലെ വൈകിട്ട് നാലരയോടെയായിരുന്നു സംഭവം. കോളജിനു സമീപത്താണ് ദേശീയപാത നിര്‍മാണ കരാറുകാരായ മേഘ കണ്‍സ്ട്രക്ഷന്‍ കമ്പനിയുടെ ഓഫീസ് പ്രവര്‍ത്തിക്കുന്നത്.
നൂറുകണക്കിനു തൊഴിലാളികളും ഇവിടെ താമസിക്കുന്നുണ്ട്. ഉച്ചയോടെ നിര്‍മാണകമ്പനിയുടെ ലോറികള്‍ കടന്നുപോകുമ്പോള്‍ വിദ്യാര്‍ഥികള്‍ റോഡില്‍ കൂട്ടംകൂടി നിന്നതു ചോദ്യം ചെയ്തപ്പോള്‍ വിദ്യാര്‍ഥികള്‍ കൈയേറ്റം ചെയ്തതായി കമ്പനി അധികൃതര്‍ പറഞ്ഞു.
ഇതിന്റെ പ്രതികാരമായി കോളജ് വിട്ട് ഹോസ്റ്റലിലേക്ക് പോകുന്ന വിദ്യാര്‍ഥികളെ ജീവനക്കാര്‍ പട്ടികകഷണങ്ങളും പണിയായുധങ്ങളും കൊണ്ട് മര്‍ദ്ദിച്ചതായാണ് പരാതി.
പരിയാരം പോലീസ് സ്ഥലത്തെത്തിയാണ് സംഘർഷം നിയന്ത്രിച്ചത്. വിദ്യാർഥികളെ മർദിക്കുന്നതും ഭീഷണിപ്പെടുത്തുന്നതും സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.