കണ്ണൂർ: രാഷ്ട്രീയ ആരോപണ പ്രത്യാക്രമങ്ങൾക്കു താത്കാലിക വിടനല്കി വിവിധ രാഷ്ട്രീയ കക്ഷിനേതാക്കൾ കളിക്കളത്തിൽ ഒരുമിക്കുന്നു. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും കെപിസിസി പ്രസിഡന്റ് എം.എം. ഹസനും ബിജെപി ദേശീയ നിർവാഹക സമിതിയംഗം പി.കെ. കൃഷ്ണദാസും നാളെ കളിക്കളത്തിലിറങ്ങും.
കണ്ണൂർ സ്പോർട്ടിംഗ് ക്ലബിന്റെ ആഭിമുഖ്യത്തിൽ നാളെ ഉച്ചകഴിഞ്ഞു 3.30ന് കളക്ടറേറ്റ് മൈതാനിയിൽ നടക്കുന്ന സൗഹൃദ ക്രിക്കറ്റ് മത്സരത്തിന്റെ ഉദ്ഘാടനത്തിനാണു നേതാക്കൾ ഒന്നിക്കുന്നത്. കണ്ണൂരിൽ സ്നേഹവും സൗഹൃദവും മടക്കിക്കൊണ്ടുവരികയെന്ന ലക്ഷ്യത്തോടെയാണ് സ്പോർട്ടിംഗ് ക്ലബ് സൗഹൃദ ക്രിക്കറ്റ് മത്സരം സംഘടിപ്പിക്കുന്നത്. രാഷ്ട്രീയക്കാരും മാധ്യമപ്രവർത്തകരും ഉൾപ്പെട്ട ടീമും ഉദ്യോഗസ്ഥരും വ്യവസായികളുമുൾപ്പെട്ട ടീമുമാണു മത്സരിക്കുന്നത്. രാഷ്ട്രീയക്കാരുടെ ടീമിനെ നയിക്കുന്നതു മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളിയാണ്. ടി.വി. രാജേഷ് എംഎൽഎയാണു വൈസ് ക്യാപ്റ്റൻ.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. സുമേഷ്, ഡിസിസി പ്രസിഡന്റ് സതീശൻ പാച്ചേനി, യുവമോർച്ച വൈസ് പ്രസിഡന്റ് ബിജു ഏളക്കുഴി, കണ്ണൂർ ബ്ലോക്ക് പഞ്ചായത്തംഗം കെ.വി. ഷക്കീൽ, ഡിവൈഎഫ്ഐ സംസ്ഥാന ജോയിന്റ് സെക്രട്ടറി ബിജു കണ്ടക്കൈ, പ്രസ്ക്ലബ് പ്രസിഡന്റ് എ.കെ. ഹാരിസ്, സെക്രട്ടറി പ്രശാന്ത് പുത്തലത്ത് എന്നിവർ രാഷ്ട്രീയ മാധ്യമ ടീമിനായി കളത്തിലിറങ്ങും.
ജില്ലാ കളക്ടർ മിർ മുഹമ്മദലിയാണ് ഉദ്യോഗസ്ഥരുടെയും വ്യവസായികളുടെയും ടീമിന്റെ ക്യാപ്റ്റൻ. എസ്പി ജി. ശിവവിക്രമാണു വൈസ് ക്യാപ്റ്റൻ. കിയാൽ എംഡിയും മുൻ കണ്ണൂർ കളക്ടറുമായിരുന്ന പി. ബാലകിരൺ, കെഎപി നാലാം ബറ്റാലിയൻ കമാൻഡന്റ് സഞ്ജയ് കുമാർ ഗുരുഡിൻ, സബ് കളക്ടർ എസ്. ചന്ദ്രശേഖർ, അസിസ്റ്റന്റ് കളക്ടർ കെ. ആസിഫ്, എഡിഎം മുഹമ്മദ് യൂസഫ്, കണ്ണൂർ കോർപറേഷൻ സെക്രട്ടറി പി. രാധാകൃഷ്ണൻ, വ്യവസായികളായ മഹേഷ്ചന്ദ്ര ബാലിഗ, കെ. വിനോദ് നാരായണൻ, സി.വി. ദീപക്, പി.പി. ഷമീം, എ.കെ. മുഹമ്മദ് റഫീഖ്, പി.കെ. മെഹബൂബ് തുടങ്ങിയവർ കളക്ടറുടെ ടീമിനായി കളത്തിലിറങ്ങും. പി.കെ. ശ്രീമതി എം.പി. മുഖ്യാതിഥിയായിരിക്കും. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സമ്മാനങ്ങൾ വിതരണം ചെയ്യും.