ആര്.കെ നഗര്‍ ഉപതെരഞ്ഞെടുപ്പില്‍ കോടികള്‍ ഒഴുക്കാന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ കച്ച മുറുക്കുന്നതായി സൂചന. ഇതേത്തുടര്‍ന്ന് തമിഴ്നാട്ടില്‍ വ്യാപകമായ റെയ്ഡിന് ഉത്തരവിട്ടിരിക്കുകയാണ്. തമിഴ്നാട്ടിലെ 35 ഇടങ്ങളില്‍ ആദായ നികുതി വകുപ്പ് റെയ്ഡ് നടത്തുന്നുണ്ടെന്നാണ് വിവരം. ഇതില്‍ ചെന്നെയിലെ 20 പ്രദേശങ്ങളും ഉള്‍പ്പെടുന്നു. പുതുകോട്ടൈ, നാമക്കല്‍, ട്രിച്ചി, കൊയമ്പത്തൂര് എന്നീ നഗരങ്ങളിലും റെയ്ഡ് നടത്തുന്നുണ്ട്.
ശശികല വിഭാഗം സ്ഥാനാര്‍ത്ഥി ടി.ടി.വി ദിനകരന് പിന്തുണ പ്രഖ്യാപിച്ച നടന് ശരത്കുമാറിന്റെ നീലന്‍കരെയിലുള്ള വീട്ടില്‍ ആജാ നികുതി വകുപ്പ് റെയ്ഡ് നടത്തി. തമിഴ്നാട് ആരോഗ്യമന്ത്രി സി. വിജയഭാസ്കറിന്റെ വീട്ടിലും റെയ്ഡ് നടന്നു. വികെ ശശികലയുടെ പാര്‍ട്ടി അണ്ണാഡിഎംകെ അമ്മയ്ക്ക് വോട്ട് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഒരാള്‍ വോട്ടര്‍ക്ക് പണം കൈമാറുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ കഴിഞ്ഞദിവസം വൈറലായിരുന്നു. ഇതിനു പിന്നാലെയാണ് അധികൃതര്‍ പരിശോധനയ്ക്ക് ഇറങ്ങിയിരിക്കുന്നത്. റൂമിനുള്ളില്‍ വെച്ച് മൂന്ന് പേര്‍ക്ക് നാലായിരം രൂപ വെച്ച് കൈമാറുന്നതാണ് പുറത്തുവന്ന വീഡിയോയില്‍. പണം നല്കുന്നയാള് മൂന്ന് പേരോടും അണ്ണാഡിഎംകെ അമ്മയുടെ ചിഹ്നമായ തൊപ്പിയില്‍ വോട്ട് ചെയ്യണമെന്ന് ആവശ്യപ്പെടുന്നതും വീഡിയോയില്‍ കാണാം. കുട്ടിയെ എടുത്തുനില്‍ക്കുന്ന ഒരു സ്ത്രീയും വീഡിയോയിലുണ്ട്.
വോട്ടര്‍മാരെ സ്വാധീനിക്കായി ശശികല വിഭാഗം ആമസോണ്‍, ഫ്ളിപ്പ്കാര്‍ട്ട് എന്നീ ഇ-കൊമേഴ്സ് സൈറ്റുകള്‍ വഴി സമ്മാനങ്ങള്‍ നല്‍കുന്നുണ്ടെന്ന് കാട്ടി കഴിഞ്ഞദിവസം ഒപിഎസ് വിഭാഗം തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയിരുന്നു. ആര്‍കെ നഗര്‍ മണ്ഡലത്തില്‍ നടക്കുന്ന പണവിതരണത്തില്‍ ആരോഗ്യമന്ത്രിയ്ക്ക് പങ്കുണ്ടെന്നാണ് അധികൃതരുടെ നിഗമനം. എന്നാല്‍ ആരോപണം ആര്‍കെ നഗറിലെ പാര്‍ട്ടി സ്ഥാനാര്‍ത്ഥിയെ കരിവാരി തേക്കാനാണെന്നാണ് ശശികല വിഭാഗം പറയുന്നു.