തിരുവനന്തപുരം: പി.ശശിയെ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറിയാക്കിയതിനെ വിമർശിച്ച പി.ജയരാജനെ തള്ളി എൽഡിഎഫ് കൺവീനർ ഇ.പി.ജയരാജൻ രംഗത്ത്.
ശശിക്ക് അയോഗ്യതയില്ലെന്നും സംസ്ഥാന സമിതിയിൽ ഏകാഭിപ്രായത്തോടെയാണ് അദ്ദേഹത്തെ പൊളിറ്റിക്കൽ സെക്രട്ടറിയായി നിയമിച്ചതെന്നും ഇ.പി.ജയരാജൻ പറഞ്ഞു.
പി. ശശിയെ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറിയായി നിയമിച്ചതിനെതിരേ സിപിഎം സംസ്ഥാന സമിതിയിലാണ് പി. ജയരാജൻ രൂക്ഷ വിമർശനം ഉയർത്തിയത്.
നിയമനത്തിൽ സൂക്ഷ്മത പുലർത്തണമായിരുന്നെന്നും സെക്രട്ടറിയേറ്റ് തീരുമാനം പുനഃപരിശോധിക്കണമെന്നും ജയരാജൻ ആവശ്യപ്പെട്ടിരുന്നു.
മുഖ്യമന്ത്രിയുടെ ഓഫീസിലെ നിയമനത്തിൽ ജാഗ്രത വേണമായിരുന്നു. ശശിക്കെതിരേ പാർട്ടിയിൽ എന്തിന്റെ പേരിലാണോ നടപടി എടുത്തത്, അതേ തെറ്റുകൾ ആവർത്തിക്കാൻ ഇടയുണ്ടെന്നും ജയരാജൻ സംസ്ഥാന സമിതിയിൽ പറഞ്ഞു.
താൻ ഉന്നയിക്കുന്ന വിമർശനങ്ങൾക്ക് തന്റെ കൈവശം തെളിവുകളുണ്ടെന്ന് ജയരാജൻ വ്യക്തമാക്കി. എന്നിട്ട് എന്തുകൊണ്ടാണ് നേരത്തേ തന്നെ പാർട്ടി നേതൃത്വത്തെ അറിയിച്ചില്ല.
നിയമനം നടത്തുമ്പോഴാണോ ഇത്തരം കാര്യങ്ങൾ അറിയിക്കേണ്ടതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ചോദിച്ചു.
എന്നാൽ സംസ്ഥാന സമിതിയിൽ കാര്യങ്ങൾ വരുമ്പോഴല്ലേ അറിയിക്കാൻ കഴിയുകയുള്ളുവെന്നാണ് ജയരാജന്റെ മറുപടി. മുഖ്യമന്ത്രിയുടെ പുതിയ പൊളിറ്റിക്കല്‍ സെക്രട്ടറിയായി പി. ശശിയെ ചൊവ്വാഴ്ചയാണ് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് തെരഞ്ഞെടുത്തത്.
പൊളിറ്റിക്കല്‍ സെക്രട്ടറി പദവിയില്‍ നിന്നും പുത്തലത്ത് ദിനേശന് ഒഴിഞ്ഞ സാഹചര്യത്തിലാണ് പി. ശശിയെ നിയമിച്ചത്. 1996ലെ എൽഡിഎഫ് ഭരണകാലത്ത് ഇ.കെ നായനാർ മുഖ്യമന്ത്രിയായിരുന്നപ്പോൾ പി.ശശി പൊളിറ്റിക്കൽ സെക്രട്ടറിയായി പ്രവർത്തിച്ചിരുന്നു.