രാഷ്ട്രീയ കൊലപാതകവും അതുമായി ബന്ധപ്പെട്ട് ഉണ്ടായിക്കൊണ്ടിരിക്കുന്ന സംഘര്‍ഷങ്ങളും ഏറ്റുമുട്ടലുകളും ഹര്‍ത്താലുമെല്ലാം കേരളത്തെ അസ്വസ്ഥതപ്പെടുത്തിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍, രാഷ്ട്രീയ കൊലപാതകം അരങ്ങേറുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പുത്രന്റെ വിവാഹത്തില്‍ പങ്കെടുക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ ചിത്രം ചര്‍ച്ചയും ശ്രദ്ധേയവുമാകുന്നു.
വ്യവസായിയായ ഭാസിയുടെ മകള്‍ ശ്രീജ ഭാസിയുടെയും ചെന്നിത്തലയുടെ മകന് രോഹിത്തിന്റെയും വിവാഹത്തില്‍ സകുടുംബമാണ് മുഖ്യമന്ത്രി പങ്കെടുത്തത്. അങ്കമാലി ആഡ്ലക്സ് കണ്വെന്ഷന് സെന്ററില്‍ വെച്ചായിരുന്നു വിവാഹ ചടങ്ങുകള്‍. രോഹിത്തും ശ്രീജയും ഡോക്ടര്‍മാരാണ്.
രാഷ്ട്രീയ വൈരാഗ്യത്തിന്റെ പേരില്‍ സാധാരണക്കാരും യുവാക്കളും തമ്മില്‍ തല്ലി ചാവുമ്പോള്‍ നേതാക്കള്‍ തമ്മിലുള്ള സൗഹൃദത്തിന്റെ ആഴമാണ് സോഷ്യല്‍മീഡിയ ഇപ്പോള്‍ ചര്‍ച്ച ചെയ്തുകൊണ്ടിരിക്കുന്നത്. ഇവര്ക്കുവേണ്ടിയൊക്കെ തല്ലാനും ചാവാനും തയാറായി നടക്കുന്നവര്‍ വല്ലപ്പോഴുമൊക്കെ ഇത്തരം ചിത്രങ്ങളിലേയ്ക്ക് കണ്ണോടിക്കുന്നത് നന്നായിരിക്കുമെന്ന് ഉപദേശിക്കുന്നവരുമുണ്ട്.