ന്യൂഡൽഹി: രാഷ്ട്രീയത്തിലിറങ്ങാൻ തീരുമാനിച്ചതായി പ്രിയയങ്ക ഗാന്ധിയുടെ ഭർത്താവും ബിസിനസുകാരനുമായ റോബർട്ട് വദ്ര. പ്രിയങ്കാ ഗാന്ധി അമേഠിയിലോ റായ്ബറേലിയിലോ മത്സരിക്കുമോ എന്ന അഭ്യൂഹങ്ങൾക്കിടയിലാണ് റോബർട്ട് വദ്ര രാഷ്ട്രീയത്തിലേക്ക് ഇറങ്ങുന്നുവെന്ന പ്രഖ്യാപനം.
അമേഠിയിൽ മത്സരിക്കാൻ ജനങ്ങൾ നിർബന്ധിക്കുന്നതായും പാർട്ടിയുടെ അനുമതി വാങ്ങുമെന്നും ഒരു മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ അദ്ദേഹം വ്യക്തമാക്കി.”ബിജെപി എന്നെയും എന്റെ വ്യവസായങ്ങളെയും കുടുംബത്തെയും കുറിച്ച് പല അഭ്യൂഹങ്ങളും പ്രചരിപ്പിച്ചിട്ടുണ്ട്. ഇതൊക്കെ രാഷ്ട്രീയ പ്രതികാരമാണെന്നു ജനം കാണുന്നുമുണ്ട്.
ഞാൻ രാഷ്ട്രീയ ത്തിൽ നിൽക്കുകയാണെങ്കിൽ ഇതൊക്കെ പാർലമെന്റിലും തെരുവിലും നേരിടാൻ കഴിയുമെന്നു ജനം കരുതുന്നു. ഇതുവരെ ഞാൻ മാറിനിന്നു.
എന്നാൽ, ബിസിനസ് ചെയ്യാൻ അനുവദിക്കാതെ തന്നെ ചിലർ രാഷ്ട്രീയത്തിലേക്ക് തള്ളിവിടുകയാണ്. റായ്ബറേലിയും അമേഠിയിലും മാത്രമല്ല മറ്റു സ്ഥലങ്ങളിൽനിന്നും മത്സരിക്കാൻ നിർബന്ധിക്കുന്നുണ്ട്.
പല മണ്ഡലങ്ങളിലുമുള്ളവർ തനിക്കായി പോസ്റ്റർ പതിക്കുന്നു. ഗാന്ധി കുടുംബത്തിൽനിന്നു ബിസിനസ് നടത്തുന്നതിനെക്കാൾ എളുപ്പം രാഷ്ട്രീയത്തിലിറങ്ങുന്നതാണെന്നും വദ്ര അഭിപ്രായപ്പെട്ടു.