പാലക്കാട് : അഞ്ച് വയസിന് താഴെയുള്ള കുട്ടികൾക്കുള്ള പൾസ് പോളിയോ തുള്ളി മരുന്ന് 11ന് വിതരണം ചെയ്യും. ജില്ലയിലാകെ 2.29 ലക്ഷം കുട്ടികൾക്കാണ് പോളിയോ നൽകാൻ ആരോഗ്യവകുപ്പ് ലക്ഷ്യമിടുന്നത്. ഇതിനായി 2293 പോളിയോ ബൂത്തുകൾ സജ്ജമാക്കും.
അങ്കണവാടികൾ, സ്കൂളുകൾ, ആരോഗ്യസ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ രാവിലെ എട്ട് മുതൽ വൈകിട്ട് അഞ്ച് വരെ ബൂത്തുകൾ പ്രവർത്തിക്കും. ഓരോ ബൂത്തിലും പരിശീലനം ലഭിച്ച രണ്ട് വൊന്റിയർമാരുണ്ടാകും. ബസ് സ്റ്റാൻഡുകൾ, റെയിൽവെ സ്റ്റേഷനുകൾ എന്നിവിടങ്ങളിലും പോളിയോ നൽകാനുള്ള സൗകര്യമൊരുക്കും.
ഇതര സംസ്ഥാന തൊഴിലാളികളുടെ കുട്ടികൾക്ക് പോളിയോ നൽകുന്നതിനായി സഞ്ചരിക്കുന്ന മൊബൈൽ ക്ലിനിക്കുകൾ പ്രവർത്തിക്കും. മാർച്ച് 12, 13 തീയതികളിൽ ആരോഗ്യവകുപ്പ് വൊളന്റിയർമാർ ഗൃഹ സന്ദർശനം നടത്തി കുട്ടികൾക്ക് പോളിയോ തുള്ളിമരുന്ന് നൽകിയെന്ന് ഉറപ്പാക്കും. തുള്ളിമരുന്ന് ലഭിക്കാത്ത കുട്ടികൾക്കും ഈ ദിവസങ്ങളിൽ മരുന്ന് നൽകും.
പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം 11 രാവിലെ എട്ടിന് ജില്ലാ ആശുപത്രിയോട് ചേർന്നുള്ള സ്ത്രീകളുടേയും കുട്ടികളുടേയും ആശുപത്രിയിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ശാന്തകുമാരി നിർവഹിക്കും. നഗരസഭാ ചെയർപേഴ്സണ് പ്രമീള ശശിധരൻ അധ്യക്ഷയാകും. പരിപാടിയുമായി ബന്ധപ്പെട്ട് എ.ഡി.എം. (ഇൻ ചാർജ്) ആർ. നളിനിയുടെ അധ്യക്ഷതയിൽ ടാസ്ക് ഫോഴ്സ് യോഗം ചേർന്നു.
ജില്ലാ കലക്റ്ററേറ്റ് സമ്മേളനഹാളിൽ ചേർന്ന യോഗത്തിൽ ഡി.എം.ഒ. ഡോ: കെ.പി. റീത്ത, ആർ.സി.എച്ച് ഓഫീസർ ഡോ: ജയന്തി, വിവിധ വകുപ്പ് ജില്ലാതല ഉദ്യോഗസ്ഥർ പങ്കെടുത്തു.