പട്ടിക്കാട്: അച്ഛൻ പോലീസായി ജോലി ചെയ്യുന്ന സ്റ്റേഷനിൽ മകനും ഡ്യൂട്ടി. പീച്ചി പോലീസ് സ്റ്റേഷനിലാണ് വടക്കുംപാടം സ്വദേശിയായ സുകേഷ് എത്തിയിരിക്കുന്നത്. അച്ഛൻ സുരേന്ദ്രൻ കുറച്ചു വർഷങ്ങളായി പീച്ചി പോലീസ് സ്റ്റേഷനിലാണ് ഡ്യൂട്ടി.
മകൻ സുകേഷ് രാമവർമപുരം പോലീസ് അക്കാദമിയിൽ ട്രെയിനിംഗിലായിരുന്നു. 2017ലാണ് ട്രെയിനിംഗിനു ചേർന്നത്. എംസിഎ കഴിഞ്ഞ സുകേഷ് എസ്ഐ റാങ്ക് ലിസ്റ്റിലുണ്ടായിരുന്നെങ്കിലും ലഭിച്ചില്ല.
പിന്നീടാണ് പിഎസ്്സി വഴി പോലീസാകാൻ അവസരം ലഭിച്ചത്. അച്ഛനും മകനും പോലീസായി ഒരേ സ്റ്റേഷനിൽ ജോലി ചെയ്യുന്നതിന്റെ ത്രില്ലിലാണ് സുകേഷ്.
നാലാഴ്ചയായി ഇവിടെ അച്ഛനോടൊപ്പം ജോലി ചെയ്യാൻ തുടങ്ങിയിട്ട്. കോവിഡ് മൂലം ട്രെയിനിംഗിനിടയിൽ എല്ലാവരോടും അതാത് പോലീസ് സ്റ്റേഷനുകളിൽ ചാർജെടുക്കാൻ പറഞ്ഞതോടെയാണ് അച്ഛനോടൊപ്പം ജോലി ചെയ്യാൻ അവസരം ലഭിച്ചത്.
വൈകീട്ട് ട്രെയിനിംഗിന്റെ ഭാഗമായി ഓണ്‍ലൈൻ ക്ലാസുമുണ്ട്.
ഐടി മേഖലയോടു താൽപര്യമുള്ളതിനാൽ പോലീസിൽ ഈ മേഖലയിൽ നിരവധി അവസരങ്ങളുണ്ടെന്നതാണ് ഏറെ സന്തോഷമെന്നു സുകേഷ് പറഞ്ഞു. അതിനുള്ള ശ്രമങ്ങളാണ് നടത്തുന്നത്. ജോലി ലഭിക്കുന്നതിനുമുന്‍പ് പാരലൽ കോളജുകളിൽ ക്ലാസെടുത്തിരുന്നു.