ലണ്ടന്‍: എലിസബത്ത് രാജ്ഞിയുടെ മരണത്തിനു പിന്നാലെ മൂത്ത മകന് ചാള്‍സ്(73) ബ്രിട്ടന്റെ പുതിയ രാജാവാകും. കിംഗ് ചാള്‍സ് III എന്ന പേരിലാണ് ഇനി അദ്ദേഹം അറിയപ്പെടുക.
ബ്രിട്ടന്റെ രാജപദവിയിലേയ്ക്ക് അവരോധിക്കപ്പെടുന്ന ഏറ്റവും പ്രായകൂടിയ വ്യക്തിയെന്ന നേട്ടം ഇനി ചാൾസിനു സ്വന്തമാകും. സ്ഥാനാരോഹണ തീയതി നിശ്ചയിച്ചിട്ടില്ല.
ചാള്‍സ് രാജകുമാരന് ബ്രിട്ടനിലെ രാജാവാകുന്നതിനൊപ്പം തന്നെ അദേഹത്തിന്റെ രണ്ടാം ഭാര്യ കാമിലയെ രാജ്ഞിയെന്ന് വിളിക്കാമെന്ന് എലിസബത്ത് രാജ്ഞി നേരത്തെ തന്നെ പറഞ്ഞിരുന്നു.
രാജ്ഞിയുടെ എഴുപതാം ഭരണവാര്‍ഷികത്തോടനുബന്ധിച്ചുള്ള സന്ദേശത്തിലായിരുന്നു കാമിലയുടെ പദവിയെക്കുറിച്ച് അറിയിച്ചത്.
ചാള്‍സിന്റെ രണ്ടാം ഭാര്യയായ കാമിലയ്ക്ക് ക്വീന്‍ കൊന്‍സൊറ്റ്(രാജപത്നി) എന്ന പദവി സമ്മാനിച്ചാണ് എലിസബത്ത് രാജ്ഞിയുടെ വിടവാങ്ങല്‍.
അടുത്തിടെയായി കടുത്ത ആരോഗ്യപ്രശ്നങ്ങള്‍ നേരിട്ടതോടെ രാജ്ഞി കൂടുതല്‍ ചുമതലകള്‍ മകന് ചാള്‍സ് രാജകുമാരനും രാജകുടുംബത്തിലെ മറ്റ് അംഗങ്ങള്‍ക്കും കൈമാറിയിരുന്നു.
യുകെ കൂടാതെ, കാനഡ, ഓസ്ട്രേലിയ, ന്യൂസിലാന്‍ഡ് എന്നിവയുള്‍പ്പെടെ ലോകമെമ്പാടുമുള്ള 14 കോമണ്‍വെല്‍ത്ത് രാജ്യങ്ങളിലും രാജ്ഞി രാഷ്ട്രത്തലവനായിരുന്നു.