മറയൂർ: പൊള്ളാച്ചിയിൽ ഇരുനൂറിലധികം പെൺകുട്ടികളെ കെണിയിൽ വീഴ്ത്തി പീഡിപ്പിച്ചെന്ന സംഭവത്തിൽ ഉടുമലൈയിൽ പ്രതിഷേധം ശക്തമാകുന്നു. പൊള്ളാച്ചി പീഡനക്കേസിൽ നാലുപേരെ കസ്റ്റഡിയിലെടുത്തു.
കേസ് സിബിസിഐഡിയിൽനിന്നും സിബിഐക്ക് വിടാൻ സർക്കാർ തീരുമാനിച്ചിട്ടുണ്ടെങ്കിലും പ്രതിഷേധം തണുപ്പിക്കാൻ കഴിഞ്ഞിട്ടില്ല. പിടിക്കപ്പെട്ടവരെ കൂടാതെ അണ്ണാ ഡിഎംകെ നേതാവിന്റെ മകനടക്കമുള്ള പ്രമുഖർ സംഭവത്തിൽ ബന്ധപ്പെട്ടതായി ആക്ഷേപമുയർന്നതോടെയാണ് കേസ് വിവാദമായതും പ്രതിഷേധം ശക്തമായതും. പ്രതിപക്ഷ കക്ഷികളുടെ നേതൃത്വത്തിൽ ശക്തമായ സമരങ്ങൾ ആരംഭിച്ചിട്ടുണ്ട്.
200-ലധികം പെണ്‍കുട്ടികളെ പ്രണയക്കെണിയിൽ വീഴ്ത്തി നഗ്നചിത്രങ്ങൾ എടുത്തു ഭീഷണിപ്പെടുത്തി തുടർച്ചയായി പീഡിപ്പിച്ചെന്ന കേസാണ് പ്രതിഷേധത്തിനു കാരണം.
ഒരു പെണ്‍കുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ അന്വേഷണം നടത്തിയപ്പോഴാണു നിരവധി പീഡന സംഭവങ്ങൾ പുറത്തുവന്നത്. പൊള്ളാച്ചി സ്വദേശിയായ റിസ്വന്ത് എന്ന ശബരി രാജൻ, തിരുനാവക്കരശ്, സതീഷ്, വസന്തകുമാർ എന്നിവരെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. ഉടുമലൈ ടൗണിൽ കോളജ് വിദ്യാർഥികളുടെ നേതൃത്വത്തിൽ മണിക്കൂറുകൾനീണ്ട റോഡ് ഉപരോധസമരം നടന്നു. എല്ലാ പ്രതികളെയും അറസ്റ്റ് ചെയ്യണമെന്നും പെണ്‍കുട്ടികൾക്ക് നീതി ഉറപ്പാക്കണമെന്നും പ്രതിഷേധക്കാർ ആവശ്യപ്പെട്ടു.
അതേസമയം, സമരത്തിന്റെ ശക്തി നാൾക്കുനാൾ വർധിച്ചുവരുന്നതിനു പിന്നിൽ മാവോയിസ്റ്റുകളുടെ ഇടപ്പെടൽ ഉള്ളതായി പോലീസ് സംശയിക്കുന്നു. പ്രതികൾ ശിക്ഷിക്കപ്പെടാതെ സംരക്ഷിക്കപ്പെടുമെന്ന പ്രചാരണം വ്യാപകമാണ്. ഇതു പ്രതിഷേധം ആളിക്കത്തിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്നു പോലീസ് കരുതുന്നു. കഴിഞ്ഞ അഞ്ചു വർഷത്തിനിടെ പൊള്ളാച്ചി, വാൽപ്പാറ പോലീസ് സ്റ്റേഷൻ അതിർത്തിയിൽ മാത്രം 30 വയസിനു താഴെയുള്ള 82 പെണ്‍കുട്ടികളാണ് ജീവനൊടുക്കിയിട്ടുള്ളത്.
ഇതിൽ 28 പെണ്‍കുട്ടികൾ സ്കൂൾ, കോളജ് വിദ്യാർഥിനികളാണ്. ഇവരുടെ മരണവും അന്വേഷണ വിധേയമാക്കണമെന്നതാണ് ഇപ്പോൾ ഉയർന്നുവരുന്ന ആവശ്യം. സിബിഐ അന്വേഷണത്തിൽ ഇതെല്ലാം പുറത്തുവരുമെന്ന പ്രതീക്ഷയാണ് സമരക്കാർക്കുള്ളത്.