കോന്നി: കുടുംബ വഴക്കിനിടെ തീപ്പൊള്ളലേറ്റ അഞ്ചുവയസുകാരന്റെ നില നില ഗുരുതരമായി തുടരുന്നു. മുതുപേഴുങ്കൽ താന്നിനില്‍ക്കും മുകളിൽ രതീഷിന്റെ ഭാര്യ കൊല്ലൻപടിയിൽ ഗോഗുലത്തിൽ രമ്യ (29), മകൻ അഞ്ചു വയസുകാരൻ അഭിജിത്ത് എന്നിവർക്കാണ് പൊള്ളലേറ്റത്. കൊല്ലൻപടി ജംഗക്ഷനു സമീപം ഇവർ വാടകയ്ക്ക് താമസിച്ചിരുന്ന വീട്ടിൽ ഇന്നലെ വൈകുന്നേരം ഏഴരയോടെയാണ് സംഭവം നടന്നത്.
കുടുംബ വഴക്കിനെ തുടർന്ന് മദ്യപിച്ചെത്തിയ ഭർത്താവിന്റെ മുന്പിൽ കുഞ്ഞിനെ ചേർത്തു നിർത്തി നേരത്തെ കരുതി വച്ചിരുന്ന പെട്രോൾ ഒഴിച്ച ശേഷം തീകൊളുത്തുമെന്ന് രമ്യ ഭീഷണി മുഴക്കുകയായിരുന്നു. ഇതിനിടെ മദ്യ ലഹരിയിലായിരുന്ന രതീഷ് പെട്രോളിൽ കുളിച്ചു നിന്ന രണ്ടുപേരുടെയും ശരീരത്തേക്ക് തീ കത്തിച്ചിടുകയായിരുന്നുവെന്ന് കോന്നി പോലീസ് പറഞ്ഞു.
ഭാര്യയുടെ ഭീഷണിയിൽ അരിശം പൂണ്ടാണ് ഇയാൾ തീ കത്തിച്ചിട്ടതെന്ന് പോലീസ് പറയുന്നു. സംഭവത്തിനു ശേഷം ഓടി രക്ഷപെടാൻ ശ്രമിച്ച രതീഷിനെ നാട്ടുകാരും പോലീസും ചേർന്ന് പിടികൂടി. തീ കത്തുന്നതു കണ്ട് ഓടിയെത്തിയ ബന്ധുക്കൾ ഇവരെ ആദ്യം കോന്നി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും നില ഗുരുതരമായതിനാൽ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ എത്തിച്ച് പ്രാഥമിക ചികിത്സ നല്കി പിന്നീട് കോട്ടയം മെഡിക്കൽ കോളേജിലേക്കു മാറ്റി.
മുഖവും, കഴുത്തും, വയറും പൂർണ്ണമായും പൊള്ളിയ അഭിജിത്തിന്റെ നില ഗുരുതരമാണ്. രമ്യയുടെ ശരീര ഭാഗങ്ങൾക്കും പൊള്ളലേറ്റിട്ടുണ്ട്. എന്നാൽ ഗുരുതരമല്ല. ു