കൊച്ചി: ഒന്നര വയസുകാരിയെ ക്രൂരമായി മർദിക്കുകയും പൊള്ളലേൽപിക്കുകയും ചെയ്ത സംഭവത്തിൽ അമ്മയ്ക്കും കാമുകനുമെതിരേ പോലീസ് കേസെടുത്തു. പള്ളുരുത്തി സ്വദേശി സൈറ ഭാനു (23), കാമുകൻ കോഴിക്കോട് ബേപ്പൂർ സ്വദേശി ജുനൈദ് (27) എന്നിവർക്കെതിരേയാണ് പള്ളുരുത്തി പോലീസ് കേസ് രജിസ്റ്റർ ചെയ്തത്. ഇവർക്കായി അന്വേഷണം ആരംഭിച്ചു.
ഫോർട്ടുകൊച്ചി കുറ്റിക്കാട്ടിൽ അനൂപിന്റെ മകൾ മിൻഹ ഫാത്തിമയ്ക്കാണ് മർദനമേറ്റത്. ഭാര്യ സൈറ ഭാനുവും കോഴിക്കോട് സ്വദേശിയായ ജുനൈദും ചേർന്നു കുട്ടിയെ ഉപദ്രവിച്ചുവെന്നാണ് അനൂപ് നൽകിയ പരാതിയിൽ പറയുന്നത്. ഇടത് തോളെല്ല് പൊട്ടിയ കുട്ടിയുടെ ദേഹമാകെ മർദിച്ചതിന്റെയും പൊള്ളലേൽപിച്ചതിന്റെയും പാടുകളുമുണ്ട്. കീഴ്ചുണ്ട് മുറിഞ്ഞനിലയിലാണ്. കാലുകൾ കയറിട്ട് മുറുകെ കെട്ടിയതിന്റെ കരിവാളിച്ച പാടുണ്ട്. ഗുരുതരമായി പരിക്കേറ്റ കുട്ടിയെ എറണാകുളം ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
സംഭവത്തെപ്പറ്റി പോലീസ് പറയുന്നത് ഇങ്ങനെ: രണ്ടു മാസം മുൻപു ഫേസ്ബുക്കിലൂടെയാണു കോഴിക്കോട് സ്വദേശി ജുനൈദുമായി സൈറാ ഭാനു പരിചയത്തിലാകുന്നത്. കഴിഞ്ഞ ജൂണ് 22ന് കുടുംബശ്രീയുടെ യോഗത്തിനു പോകുകയാണെന്ന വ്യാജേന കുഞ്ഞിനെയുംകൊണ്ടു സൈറ ഭാനു വീടു വിട്ടു. ഇരുവരെയും കാണാതായതിനെത്തുടർന്ന് അനൂപ് പള്ളുരുത്തി പോലീസിൽ പരാതി നൽകുകയും അന്വേഷണത്തിൽ സൈറയും കുഞ്ഞും കോഴിക്കോടുണ്ടെന്നു കണ്ടെത്തുകയും ചെയ്തു.
തുടർന്നു മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ ഇവരെ യുവതിയുടെ താത്പര്യപ്രകാരം മാതാപിതാക്കൾക്കൊപ്പം കോടതി വിട്ടു. പിന്നീട് ദിവസങ്ങൾക്കുശേഷം സൈറയെയും കുഞ്ഞിനെയും വീണ്ടും കാണാതായി. ഇതിൽ യുവതിയുടെ കുടുംബം പോലീസിൽ പരാതി നൽകിയിരുന്നില്ല. കഴിഞ്ഞ ദിവസം സ്വന്തം വീട്ടിലെത്തിയ യുവതി ഭർത്താവിനെ ഫോണിൽ വിളിച്ചു കുട്ടിയെ കൂട്ടിക്കൊണ്ടുപോകാൻ ആവശ്യപ്പെട്ടു. കുഞ്ഞിനെ കൂട്ടിക്കൊണ്ടുപോകാൻ എത്തിയ അനൂപ് കുഞ്ഞിന്റെ ദേഹത്തെ പാടുകൾ കണ്ടു പരാതി നൽകുകയായിരുന്നു.
തന്റെ ഭാര്യയും കാമുകനും ചേർന്നാണു കുഞ്ഞിനെ ഉപദ്രവിച്ചതെന്നു കുട്ടിയുടെ പിതാവ് ആരോപിക്കുന്നു. സംഭവത്തിൽ ചൈൽഡ് ലൈനും കേസെടുത്തിട്ടുണ്ട്. കുട്ടിയുടെ ദേഹത്തുണ്ടായ മുറിവ് ബോധപൂർവം ഉണ്ടാക്കിയതാണെന്നു പരിശോധിച്ച ഡോക്ടർമാരും വ്യക്തമാക്കിയതിനെത്തുടർന്നാണ് പള്ളുരുത്തി പോലീസ് കേസെടുത്തിട്ടുള്ളത്. വനിതാ സെല്ലും മൊഴി രേഖപ്പെടുത്തി. സംഭവം നടന്നത് കോഴിക്കോട് ബേപ്പൂരായതിനാൽ കൂടുതൽ അന്വേഷണങ്ങൾക്കായി കേസ് ബേപ്പൂർ പോലീസിന് കൈമാറിയതായി പള്ളുരുത്തി പോലീസ് അറിയിച്ചു.