ആലുവ: കാർമേഘങ്ങൾകൊണ്ട് ആകാശം മേഘാവൃതമാണെങ്കിലും സമാധാനാന്തരീക്ഷത്തിൽ ആലുവയിൽ പോളിംഗ് പുരോഗമിക്കുന്നു. നിയോജകമണ്ഡലത്തിലെ 167 ബൂത്തുകളിലാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. ചിലയിടങ്ങളിൽ വോട്ടിംഗ് യന്ത്രങ്ങൾ തകരാറിലായതിനാൽ സമയനിഷ്ഠ പാലിക്കാനായില്ല. അധികൃതർ എത്തി തകരാറുകൾ പരിഹരിച്ചശേഷം പോളിംഗ് തുടർന്നു. എല്ലാ ബൂത്തുകളിലും രാവിലെ തന്നെ സാമാന്യം നല്ല തിരക്കനുഭപ്പെട്ടു.
കീഴ്മാട് പഞ്ചായത്തിലെ ചാലയ്ക്കൽ എസ്എൻഡിപി ഹാളിൽ പ്രവർത്തിക്കുന്ന 96-ാം നന്പർ ബൂത്തിലെ മെഷീനിലെ സീരിയൽ നന്പറിൽ വ്യത്യാസം തോന്നിയത് തർക്കത്തിനിടയാക്കി. തുടർന്ന് അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫീസറുടെ നിർദേശപ്രകാരം വില്ലേജ് ഓഫീസറും ടെക്നീഷ്യ·ാരും ബൂത്തിലെത്തി പ്രശ്നം പരിഹരിച്ചു. 45 മിനിട്ട് വൈകി 7.45ന് പോളിംഗ് ആരംഭിക്കുകയും ചെയ്തു.
തോട്ടയ്ക്കാട്ടുകര ഹോളി ഗോസ്റ്റ് കോണ്‍വന്റ് സ്കൂളിലെ 79-ാം നന്പർ ബൂത്തിലെ വോട്ടിംഗ് യന്ത്രം തകരാറിലായെങ്കിലും പകരം മെഷീൻ എത്തിച്ച് കൃത്യസമയത്തുതന്നെ പോളിംഗ് തുടങ്ങി.നെടുന്പാശേരി പഞ്ചായത്തിലെ രണ്ടാം നന്പർ ബൂത്തിലെ യന്ത്രത്തകരാർ പരിഹരിച്ച് 8.30നാണ് പോളിംഗ് ആരംഭിച്ചത്. ഈ പഞ്ചായത്തിൽ തന്നെ എട്ടാം ബൂത്തിലും വോട്ടിംഗ് യന്ത്രം പണിമുടക്കിയതിനെ തുടർന്ന് 7.45 നാണ് പോളിംഗ് ആരംഭിക്കാൻ കഴിഞ്ഞത്.
സമാധാനപരമായ നിലയിലാണ് വോട്ടിംഗ് പുരോഗമിക്കുന്നതെന്ന് യുഡിഎഫ് നിയോജകമണ്ഡലം ചെയർമാൻ ലത്തീഫ് പൂഴിത്തറയും എൽഡിഎഫ് നിയോജകമണ്ഡലം കണ്‍വീനർ കെ.എം. കുഞ്ഞുമോനും രാഷ്ട്രദീപികയോട് പറഞ്ഞു.
പെരിയാറിന്റെ ഇരുകരകളിലായി ചെങ്ങമനാട്, നെടുന്പാശേരി, ശ്രീമൂലനഗരം, കാഞ്ഞൂർ, ചൂർണിക്കര, എടത്തല, കീഴ്മാട് പഞ്ചായത്തുകളും ആലുവ നഗരസഭയും ഉൾപ്പെടുന്നതാണ് ആലുവ നിയോജകമണ്ഡലം.
ചാലക്കുടി ലോക്സഭാ മണ്ഡലം നിലവിൽ വന്നതിനുശേഷം നടന്ന രണ്ട് തെരഞ്ഞെടുപ്പുകളിൽ ഓരോ വട്ടം ഇരുമുന്നണികളും വിജയിച്ചിരുന്നു. മൂന്നാംവട്ടം ഇഞ്ചോടിഞ്ച് പോരാട്ടമാണ് മുന്നണികൾ മണ്ഡലത്തിൽ കാഴ്ചവയ്ക്കുന്നത്.
വോട്ടെടുപ്പിനുശേഷം ഉദ്യോഗസ്ഥർ വോട്ടിംഗ് യന്ത്രങ്ങൾ ആലുവ യുസി കോളജിൽ എത്തിക്കും. തുടർന്ന് സുരക്ഷാസൗകര്യം കണക്കിലെടുത്ത് യന്ത്രങ്ങൾ രാത്രി തന്നെ കളമശേരിയിലേക്ക് കൊണ്ടുപോകും.