തിരുവനന്തപുരം: വീറും വാശിയും നിറഞ്ഞുകണ്ട ലോക്സഭാ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് കനത്ത പോളിംഗ്. പ്രാഥമിക കണക്കനുസരിച്ച് 77.40 ശതമാനം പേരാണു സംസ്ഥാനത്തെ 20 മണ്ഡലങ്ങളിലായി സമ്മതിദാനാവകാശം രേഖപ്പെടുത്തിയത്. ഏറ്റവും ഉയർന്ന പോളിംഗ് ശതമാനം(82.27) കണ്ണൂർ മണ്ഡലത്തിലായിരുന്നു. കുറഞ്ഞ പോളിംഗ് ശതമാനം (73.38) തിരുവനന്തപുരത്തും. കോണ്ഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി മത്സരിച്ച വയനാട്ടിൽ ഉയർന്ന പോളിംഗ് രേഖപ്പെടുത്തി 80.06%.
പോളിംഗ് ശതമാനം ഉയർന്നതോടെ ഫലം തങ്ങൾക്ക് അനുകൂലമാകുമെന്ന പ്രതീക്ഷയിലാണു മൂന്നു മുന്നണികളും. കഴിഞ്ഞ തവണത്തേക്കാൾ 3.36 ശതമാനം വോട്ട് വർധന ഉണ്ടായതായാണു പ്രാഥമിക കണക്കുകൾ സൂചിപ്പിക്കുന്നത്.
2014ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ 74.04 ശതമാനമായിരുന്നു സംസ്ഥാനത്തെ പോളിംഗ്. 2016ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ 77.35 % പോളിംഗ് രേഖപ്പെടുത്തി. 1989ൽ 79.3 ശതമാനവും 1977ൽ 79.2 ശതമാനവും പോളിംഗ് രേഖപ്പെടുത്തിയതാ ണു ലോക്സഭാ തെരഞ്ഞെടുപ്പിലെ വലിയ പോളിംഗ് നിരക്ക്.
ശക്തമായ ത്രികോണ പോരാട്ടം നടന്ന തിരുവനന്തപുരത്തും പത്തനംതിട്ടയിലും തൃശൂരിലും വോട്ടിംഗ് ശതമാനത്തിൽ കാര്യ മായ വർധനയുണ്ടായി. വൈകുന്നേരം ആറിനു വോട്ടെടുപ്പ് അവസാനിച്ചെങ്കിലും നിരയിലുണ്ടായിരുന്നവർക്കു സ്ലിപ്പ് നൽകിയതിനാൽ ചിലയിടത്തു വോട്ടെടുപ്പു രാത്രിയിലും തുടർന്നു.
സംസ്ഥാനത്തു പലയിടങ്ങളിലും വോട്ടിംഗ് യന്ത്രം തകരാറിലായതിനെത്തുടർന്നു വോട്ടെടുപ്പു മണിക്കൂറുകളോളം തടസപ്പെട്ടു. മുഖ്യമന്ത്രി പിണറായി വിജയൻ വോട്ട് ചെയ്ത ബൂത്തിലും വോട്ടിംഗ് യന്ത്രം തകരാറിലായി. തിരുവനന്തപുരം മുടവൻമുകളിൽ നടൻ മോഹൻലാലിന് ഒന്നര മണിക്കൂറോളം കാത്തുനിൽക്കേണ്ടിവന്നു. ചെയ്ത വോട്ട് കാണാൻ കഴിയുന്ന വിവി പാറ്റ് ഉപയോഗിച്ചതിനാലാണ് അധികസമയം വേണ്ടിവന്നതെന്നാണു വിശദീകരണം.
തിരുവനന്തപുരത്തു കോവളം ചൊവ്വരയിലും പട്ടത്തും പത്തനംതിട്ടയിലും വോട്ടിംഗ് യന്ത്രങ്ങളുടെ ക്രമക്കേടുമായി ബന്ധപ്പെട്ടു പരാതിയുയർന്നു. വോട്ട് ചെയ്ത സ്ഥാനാർഥിയുടെ ചിഹ്നമല്ല വിവിപാറ്റിൽ കണ്ടതെന്നു പരാതി ഉന്നയിച്ച തിരുവനന്തപുരം പട്ടം സ്വദേശി എബിൻ ബാബുവിനെ പോലീസ് അറസ്റ്റ് ചെയ്തു. വിവിപാറ്റുമായി ബന്ധപ്പെട്ടു സംസ്ഥാനത്തെ ആദ്യ അറസ്റ്റാണിത്. മറ്റിടങ്ങളിൽ സാങ്കേതിക തകരാർ മാത്രമെന്നായിരുന്നു തെരഞ്ഞെടുപ്പ് കമ്മീഷൻ വിശദീകരണം.
വോട്ടെടുപ്പിനിടെ വിവിധ സ്ഥലങ്ങളിലായി ഒൻപതു പേർ കുഴഞ്ഞുവീണു മരിച്ചു. ഒറ്റപ്പെട്ട ചില അക്രമസംഭവങ്ങൾ ഒഴിച്ചാൽ കാര്യമായ അക്രമമുണ്ടായില്ല.
സംസ്ഥാനത്ത് ഇന്നലെ രാവിലെ മുതൽ കനത്ത പോളിംഗാണു രേഖപ്പെടുത്തിയത്. രാവിലെ ഏഴിന് പോളിംഗ് ആരംഭിച്ച് ആദ്യ രണ്ടു മണിക്കൂർ പിന്നിട്ടപ്പോൾ 15 ശതമാനത്തോളം പേർ വോട്ട് രേഖപ്പെടുത്തി. 11 മണിയോടെ വോട്ടിംഗ് ശതമാനം 23 ആയി ഉയർന്നു. പാലക്കാട്, കോട്ടയം മണ്ഡലങ്ങളിൽ ഇതേ സമയം പോളിംഗ് ശതമാനം 25 കടന്നു. കോണ്ഗ്രസ് അധ്യക്ഷൻ രാഹുൽഗാന്ധി മത്സരിക്കുന്ന വയനാട്ടിലും കനത്ത പോളിംഗാണ് ആദ്യ മണിക്കൂറുകളിൽ രേഖപ്പെടുത്തിയത്.
ഉച്ചയ്ക്ക് പന്ത്രണ്ടോടെ പോളിംഗ് ശതമാനം 34 കടന്നതായി തെരഞ്ഞെടുപ്പു കമ്മീഷൻ അറിയിച്ചു. ആദ്യഘട്ടങ്ങളിൽ മികച്ച പോളിംഗ് രേഖപ്പെടുത്തുന്ന സംസ്ഥാനമായി കേരളം മാറി. രാവിലെ ഏഴുമുതൽ വോട്ടെടുപ്പു കേന്ദ്രങ്ങളുടെ മുന്നിലെല്ലാം നീണ്ട നിര കാണാമായിരുന്നു. ആദ്യഘട്ടങ്ങളിൽ സ്ത്രീകളേക്കാൾ കൂടുതൽ പുരുഷന്മാരായിരുന്നു. പിന്നീടു സ്ത്രീകളുടെ നീണ്ട നിര പലയിടത്തും രൂപപ്പെട്ടു.
വോട്ടിംഗ് യന്ത്രത്തെക്കുറിച്ചു വ്യാപക പരാതി
തിരുവനന്തപുരം: റിക്കാർഡ് പോളിംഗ് രേഖപ്പെടുത്തിയ സംസ്ഥാനത്ത് ഇന്നലെ വോട്ടെടുപ്പ് പൊതുവേ സമാധാനപരമായിരുന്നു. കാര്യമായ അക്രമസംഭവങ്ങളൊന്നും ഉണ്ടായില്ലെങ്കിലും ചിലയിടത്തു വോട്ടിംഗ് യന്ത്രം പണിമുടക്കിയത് അസ്വാരസ്യങ്ങൾക്കു കാരണമായി.
കോവളം ചൊവ്വര മാധവവിലാസം സ്കൂളിലെ ബൂത്തിൽ കൈപ്പത്തി ചിഹ്നത്തിൽ വോട്ട് രേഖപ്പെടുത്തിയപ്പോൾ താമര ചിഹ്നത്തിലെ ലൈറ്റ് തെളിഞ്ഞുവെന്ന ആരോപണം വോട്ടിംഗ് തടസപ്പെടുത്തി. 76പേർ വോട്ടു ചെയ്തതിനു ശേഷം 77-ാമത്തെ വോട്ട് രേഖപ്പെടുത്തുന്പോഴായിരുന്നു സംഭവം. യുഡിഎഫ് പ്രവർത്തകരുടെ പ്രതിഷേധത്തെത്തുടർന്ന് വേറെ വോട്ടിംഗ് യന്ത്രം കൊണ്ടുവന്നതിനു ശേഷമായിരുന്നു വോട്ടെടുപ്പ് പുനരാരംഭിച്ചത്.
വോട്ടിംഗിനിടെ ഒന്പതു പേർ കുഴഞ്ഞുവീണു മരിച്ചു. കോട്ടയത്തും കണ്ണൂരും രണ്ടു പേരും പത്തനംതിട്ട, കൊല്ലം, വടകര, കാസർഗോഡ്, പാലക്കാട് എന്നീവിടങ്ങളിൽ ഓരോരുത്തരുമാണു മരിച്ചത്.
പോളിംഗ് വർധന
(2014-നെ അപേക്ഷിച്ച് പോളിംഗ് ശതമാനം കാര്യമായി വർധിച്ച മണ്ഡലങ്ങൾ)
വയനാട് 6.87
മലപ്പുറം 4.01
ആലത്തൂർ 3.69
തൃശൂർ 5.35
ചാലക്കുടി 3.16
എറണാകുളം 3.15
ഇടുക്കി 6.14
കോട്ടയം 3.57
മാവേലിക്കര 3.03
പത്തനംതിട്ട 8.21
ആറ്റിങ്ങൽ 5.45
തിരുവനന്തപുരം 4.74