കോട്ടയം: ജില്ലയിൽ വോട്ടിംഗ് സമാധാനപരം. ഇതുവരെ അനിഷ്ട സംഭവങ്ങൾ ഒന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. വോട്ടിംഗ് യന്ത്രം വ്യാപകമായി തകരാറിലായി. ഏഴു മണിക്ക് വോട്ടെടുപ്പ് പലയിടത്തും ആരംഭിക്കാൻ കഴിഞ്ഞില്ല. ചിലയിടത്ത് ഒന്നര മണിക്കൂറോളം വൈകി. ജില്ലയിലെ 1564 പോളിംഗ് ബൂത്തുകളിലും വോട്ടിംഗ് പുരോഗമിക്കുന്നു. വോട്ടിംഗ് ആരംഭിച്ചതു തന്നെ മന്ദഗതിയിലാണ്. ആദ്യത്തെ ഒരു മണിക്കൂറിൽ 4.27 പേർ വോട്ട് രേഖപ്പെടുത്തി.
പനച്ചിക്കാട് പഞ്ചായത്തിൽ ഏഴിടത്ത് രാവിലെ വോട്ടിംഗ് വൈകി. യന്ത്രം പണി മുടക്കിയതാണ് കാരണം. ചോഴിയക്കാട് ലക്ഷം വീട് കോളനിയിൽ 155-ാം നന്പർ ബൂത്തിൽ വോട്ടിംഗ് തുടങ്ങിയപ്പോൾ തന്നെ യന്ത്രം പണിമുടക്കി. പിന്നീട് 8.15 കഴിഞ്ഞാണ് വോട്ടിംഗ് പുനരാരംഭിച്ചത്.
ചോഴിയക്കാട്ട് 153-ാം നന്പർ ബൂത്തിൽ അരമണിക്കൂർ വൈകി. കടുവാക്കുളം നിർമിതി കേന്ദ്രത്തിലെ ബൂത്തിൽ ഒരു മണിക്കൂർ വോട്ടിംഗ് വൈകി. കൊല്ലാട് പുന്നയ്ക്കൽ ബൂത്തിൽ ഒന്നര മണിക്കൂർ വോട്ടിംഗ് തടസപ്പെട്ടു. പള്ളം ഗവണ്മെന്റ് എൽപി സ്കൂളിൽ വോട്ടംഗ് തുടങ്ങിയപ്പോൾ തന്നെ യന്ത്രം തകരാറിലായി. അര മണിക്കൂർ വൈകിയാണ് വോട്ടിംഗ് പുനരാരംഭിച്ചത്.
ആർപ്പൂക്കര പഞ്ചായത്തിലെ തൊണ്ണംകുഴി എൽപി സ്കൂളിലും അരമണിക്കൂർ വൈകി. കൊങ്ങാണ്ടൂർ സെന്റ് ജോസഫ്സ് എൽപി സ്കൂളിലെ ബൂത്തിൽ ആദ്യത്തെ ഒരു വോട്ട് കഴിഞ്ഞപ്പോൾ യന്ത്രം തകരാറിലായി. പിന്നീട് പകരം മെഷീൻ കൊണ്ടുവന്നാണ് വോട്ടിംഗ് പുനരാരംഭിച്ചത്.
തുരുത്തി ഗവൺമെന്റ് എൽപി സ്കൂളിന്റെ വടക്കുഭാഗത്തുള്ള ബൂത്തിൽ യന്ത്രം തുടക്കത്തിലെ തന്നെ പ്രവർത്തിക്കാതിരുന്നത് ഒരു മണിക്കൂറിലേറെ വോട്ടെടുപ്പ് വൈകിപ്പിച്ചു. വടക്കേക്കര ഗവൺമെന്റ് ഹൈസ്കൂളിലെ ബൂത്തിൽ യന്ത്രത്തകരാർ മൂലം മുക്കാൽ മണിക്കൂറോളം വോട്ടിംഗ് വൈകി. മാടപ്പള്ളി ഗവൺമെന്റ് എൽപി സ്കൂളിലെ 84-ാം നന്പർ ബൂത്തിലും തങ്കിപ്പുറം സിഎസ് യുപിഎസ് എൽപി സ്കൂളിലെ ബൂത്തിലും വോട്ടിംഗ് അരമണിക്കൂറോളം വൈകി.
രാവിലെ ഏഴു മുതൽ വൈകുന്നേരം ആറു വരെയാണ് വോട്ടെടുപ്പ്. രാവിലെ ആറിന് മോക് പോൾ നടത്തി. വോട്ടിംഗ് യന്ത്രത്തിന്റെ പ്രവർത്തനക്ഷമത ഉറപ്പുവരുത്തുന്നതിനായി മോക് പോളിൽ വോട്ടുകൾ രേഖപ്പെടുത്തിയശേഷമാണ് പോളിംഗ് തുടങ്ങിയത്. വൈകുന്നേരം ആറു മണിക്ക് ക്യൂവിലുള്ള എല്ലാവർക്കും വോട്ടു ചെയ്യാൻ അവസരം ലഭിക്കും.