പത്തനംതിട്ട: കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് സാമൂഹിക അകലത്തില്‍ ക്യൂ നില്ക്കാന് നിര്‍ദേശമുണ്ടായിരുന്നെങ്കിലും പലയിടത്തും തിരക്ക് വര്‍ധിച്ചപ്പോള്‍ അതെല്ലാം മറന്നു.
വോട്ടെടുപ്പിനു തടസമുണ്ടായ ബൂത്തുകളില്‍ പ്രശ്ന പരിഹാരത്തിനു സമയമെടുത്തപ്പോഴാണ് തിരക്ക് വര്‍ധിച്ചത്. പത്തനംതിട്ടയില്‍ രാവിലെ മുതല്‍ കനത്ത പോളിംഗാണ്.
ആദ്യത്തെ ഒരു മണിക്കൂറില്‍ 15.3 ശതമാനമായിരുന്നു. പത്തുമണിയായപ്പോഴേക്കും പോളിംഗ് ശതമാനം 25നു മുകളിലെത്തി.സ്ത്രീ വോട്ടര്‍മാരാണ് ബൂത്തുകളിലേക്ക് കൂടുതലായെത്തുന്നത്.
വനിതാ സ്ഥാനാര്‍ഥികള്‍ തെരഞ്ഞെടുപ്പില്‍ കൂടുതലായി മത്സരിക്കുന്നതും വനിതാ വോട്ടര്‍മാരുടെ വരവ് കൂടാന്‍ കാരണങ്ങളിലൊന്നായി. ബൂത്തുകളില്‍ ഏജന്റുമാരായും സ്ത്രീകള്‍ ധാരാളമുണ്ട്.
വയോധികര്‍ക്കും ശാരീരിക അവശതയുള്ളവര്ക്കുമായി ബൂത്തുകളില്‍ പ്രത്യേക ക്രമീകരണമുണ്ട്. ഇവര്‍ക്ക് ക്യൂ നില്‍ക്കാതെ തന്നെ വോട്ടു ചെയ്യാനുള്ള ക്രമീകരണമുണ്ട്.
നടന്നു ചെല്ലാന്‍ ബുദ്ധിമുട്ടുള്ള ബൂത്തുകളിലേക്ക് എത്താനും ചിലയിടങ്ങളില്‍ സൗകര്യങ്ങള്‍ ചെയ്തിട്ടുണ്ട്. പത്തനംതിട്ട മുണ്ടുകോട്ടയ്ക്കല്‍ എസ്എന്‍വി സ്കൂളിലെ ബൂത്തുകളിലേക്ക് പതിവുപോലെ വോട്ടര്‍മാര്‍ക്കായി ഡോളി സൗകര്യം ചെയ്തിട്ടുണ്ട്.
ആലപ്പുഴയിൽ രാവിലെ 10.15 വരെ28 ശതമാനം പോളിംഗ്
ആലപ്പുഴ: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് ആരംഭിച്ചപ്പോൾ ജില്ലയിൽ പൊതുവെ കനത്ത പോളിംഗ്. രാവിലെ 10 15 വരെ 28 ശതമാനം പോളിംഗ്.
നഗരപ്രദേശങ്ങളിലേക്കാളും ഗ്രാമപ്രദേശങ്ങളിലാണ് രാവിലെ മുതൽ വോട്ടിംഗ് ശതമാനം മുന്നിൽ നിന്നത്. രാവിലെ 6.30 ന് മോക്പോളിംഗ് നടന്നു. തുടർന്ന് ഏഴിന് പോളിംഗ് ആരംഭിച്ചു. സാധാരണയിൽ വ്യതസ്തമായി സ്ത്രീകൾ രാവിലെ മുതൽക്കേ വോട്ട് ചെയ്യാനെത്തുന്ന കാഴ്ച പല ബൂത്തുകളിലും കാണാമായിരുന്നു.
ഗ്രാമ പ്രദേശങ്ങളിൽ കനത്ത പോളിംഗ്
തുറവൂർ: ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ഗ്രാമപ്രദേശം കനത്ത പോളിംഗിലാണ്. രാവിലെ ഏഴു മുതൽ പല ബൂത്തുകളിലും നീണ്ട നിരയാണ് കാണപ്പെടുന്നത്. മ
ണ്ഡലത്തിലെ വിവിധ പ്രദേശങ്ങളിലെ പത്തോളം ബൂത്തിലെ വോട്ടിംഗ് മെഷീൻ തുടക്കത്തിൽ തകരാറിലായെങ്കിലും ഉടൻതന്നെ നന്നാക്കി തെരഞ്ഞെടുപ്പ് സുഗമമായി മുന്നോട്ടു പോവുകയാണ്.
കടക്കരപ്പള്ളിയിൽ ഒരുബൂത്തിൽ ക്വാറന്റൈനിൽ ഇരിക്കുന്ന ഒരാൾ പോളിംഗ് ഏജൻറായി വന്നത് തർക്കം ഉണ്ടാക്കി. ഇതുമൂലം വോട്ടിംഗ് തൽക്കാലത്തേയ്ക്ക് നിർത്തിവെച്ചു .
കടക്കരപ്പള്ളി പഞ്ചായത്തിലെ രണ്ട് ബൂത്തുകളിൽ വോട്ടിംഗ് മെഷീൻ കേടായതിനെ തുടർന്ന് വോട്ടിംഗ് നിർത്തിവക്കേണ്ടി വന്നു. കനത്ത സുരക്ഷ സംവിധാനങ്ങളോടു കൂടിയാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്.