പത്തനംതിട്ട: 2016 നിയമസഭ തെരഞ്ഞെടുപ്പിലെ പോളിംഗ് ശതമാനത്തിനു സമാനമായിട്ടാണ് ഇത്തവണ ലോക്സഭ തെരഞ്ഞെടുപ്പിൽ വോട്ടെടുപ്പ് നടന്നിരിക്കുന്നത്. എല്ലാ നിയമസഭ മണ്ഡലങ്ങളിലും നിയമസഭയിലേക്ക് രേഖപ്പെടുത്തിയ പോളിംഗ് ശതമാനമാണ് ലോക്സഭയിലേക്കും ഉണ്ടായത്. നിയമസഭ തെരഞ്ഞെടുപ്പിൽ പോളിംഗ് ശതമാനത്തിലെ വർധന എല്ലാ മുന്നണികൾക്കും വോട്ടുകൾ വർധിപ്പിച്ചു.
എന്നാൽ ദേശീയ രാഷ്ട്രീയ പ്രധാന വിഷയമായ ലോക്സഭ തെരഞ്ഞെടുപ്പിൽ നിയമസഭ തെരഞ്ഞെടുപ്പിലെ പ്രതികരണമായിരിക്കില്ലെന്ന അഭിപ്രായവുമുണ്ട്. എന്തായാലും വോട്ടിംഗ് ശതമാനത്തിലെ വർധനയെ സംബന്ധിച്ച് മൂന്ന് മുന്നണികളും തകൃതിയായി ചർച്ചകൾ നടത്തുകയാണ്.
ഒരു മാസത്തോളം ചർച്ചകൾക്ക് അവസരമുണ്ടെങ്കിലും ബൂത്തുകളുടെ കണക്കെടുത്ത് ഏകദേശ വിലയിരുത്തൽ നടത്തി. എല്ലാവരും വിജയം അവകാശപ്പെടുന്പോഴും ചില ആശങ്കകളും ഇല്ലാതില്ല. വോട്ട് വർധിച്ച മേഖലകളും കുറഞ്ഞതുമെല്ലാം ആശങ്കകൾക്കു കാരണമാകുന്നു. സ്ത്രീകളുടെ അധികമായ പങ്കാളിത്തവും ചർച്ചാവിഷയമാണ്.
2016 നിയമസഭ തെരഞ്ഞെടുപ്പിൽ പത്തനംതിട്ട ലോക്സഭ മണ്ഡലത്തിലുൾപ്പെടുന്ന ഏഴ് നിയമസഭ മണ്ഡലങ്ങളിൽ നിന്നായി യുഡിഎഫിന് ലഭിച്ചത് 3,64,728 വോട്ടാണ്. എൽഡിഎഫിന് 3,67,928, എൻഡിഎയ്ക്ക് 1,91,656 വോട്ടുകളുമാണ് ലഭിച്ചത്.
2014 ലോക്സഭ തെരഞ്ഞെടുപ്പിൽ യുഡിഎഫ് വോട്ട് 3,58,842, എൽഡിഎഫ് 3,02,651, എൻഡിഎ 1,38,954 എന്നിങ്ങനെയായിരുന്നു. പോളിംഗ് ശതമാനത്തിലെ വർധനയും കുറവുമെല്ലാം മുന്നണി വോട്ടുകളെ എത്തരത്തിൽ ബാധിക്കുമെന്നത് ചർച്ച ചെയ്യപ്പെടുന്പോഴും ഇത്തവണത്തെ പ്രത്യേകമായ സാഹചര്യവും വോട്ടുകളുടെ ധ്രുവീകരണവുമെല്ലാം വിഷയങ്ങളാണ്.
മൂന്ന് മുന്നണികളുടെയും സജീവമായ ഇടപെടലും വോട്ടർമാരുടെയിടയിൽ പ്രവർത്തിക്കാൻ കൂടുതൽ സമയം ലഭിച്ചതും പോളിംഗ് ശതമാനത്തിന്റെ വർധനയ്ക്കു കാരണമായി. സ്വന്തം വോട്ടുകൾ നഷ്ടമാക്കാതെ എല്ലാം ബൂത്തുകളിലെത്തിച്ചെന്ന ആശ്വാസത്തിലാണ് മുന്നണികൾ.
ആന്റോ ആന്റണി
പോളിംഗ് ശതമാനം ഉയർന്നത് യുഡിഎഫിന് ഗുണകരമെന്ന് യുഡിഎഫ് സ്ഥാനാർഥി ആന്റോ ആന്റണി. യുഡിഎഫ് വൻ ഭൂരിപക്ഷത്തിന് വിജയിക്കും. 2009, 2014 തെരഞ്ഞെടുപ്പുകളിലേതിലും അനുകൂല സാഹചര്യമാണ്. നേതാക്കളും പ്രധാന പ്രവർത്തകരുമായി ഇന്നലെ ആശയവിനിമയം നടത്തി.
പ്രതീക്ഷിച്ച തോതിൽ തന്നെയാണ് വോട്ടിംഗ് ശതമാനമെന്ന് സ്ഥാനാർഥി വിലയിരുത്തി. ബിജെപി അടക്കം ഉയർത്തിയ കള്ള പ്രചാരണങ്ങളെ തടയിടാൻ ജനം സംഘടിച്ച് പോളിംഗ് ബൂത്തുകളിലെത്തിയ സ്ഥിതി. എല്ലാ മണ്ഡലങ്ങളിലും യുഡിഎഫിന് ഭൂരിപക്ഷം വർധിക്കും.
വീണാ ജോർജ്
പോളിംഗ് ശതമാനം ഉയർന്നതോടെ വന്പിച്ച ഭൂരിപക്ഷത്തിന് എൽഡിഎഫ് ജയിക്കും. എൽഡിഎഫിന്റെ ചിട്ടയായ പ്രവർത്തനങ്ങളാണ് പോളിംഗ് ശതമാനം വർധിക്കാൻ കാരണം. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിലേതിനു സമാനമാണ് പോളിംഗ് വർധന. ഇത് എൽഡിഎഫിനാണ് ഗുണം ചെയ്തത്.
പൂഞ്ഞാർ, കാഞ്ഞിരപ്പള്ളി മണ്ഡലങ്ങളിലടക്കം എൽഡിഎഫിന് അനുകൂലമായ സാഹചര്യം ഉരുത്തിരിഞ്ഞു. അതിന്റെ പ്രയോജനം ലഭിച്ചത് എൽഡിഎഫിനാണെന്നും നേതാക്കളുമായി നടന്ന ചർച്ചയിൽ വിലയിരുത്തിയിട്ടുണ്ട്. അതേ അവസ്ഥയാണ് ഇത്തവണയും നിലനിൽക്കുന്നതെന്നാണ് എൽഡിഎഫ് വിലയിരുത്തൽ.
കെ. സുരേന്ദ്രൻ
എല്ലാബുത്തുകളിലും എൻഡിഎ വൻ മുന്നേറ്റം കുറിച്ചിട്ടുണ്ട്. കണക്കുകൾ എൻഡിഎയ്ക്ക് അനുകൂലമാണ്. പോളിംഗ് ശതമാനത്തിലെ വർധനയിലൂടെ വന്പിച്ച മുന്നേറ്റം എൻഡിഎ നടത്തും. ബൂത്തുകളിൽ നിന്നു ലഭ്യമായ കണക്കുകൾ ഇന്നലെ എൻഡിഎ നേതൃയോഗം പരിശോധിച്ചു. വിശ്വാസിസമൂഹത്തിന്റെ വികാരം വോട്ടെടുപ്പിൽ പ്രതിഫലിച്ചിട്ടുണ്ടെന്ന് വിവിധ മേഖകളിലെ കണക്കുകളിൽ വ്യക്തമാണ്.