വടകര: യന്ത്രത്തിലായ വോട്ട് സംബന്ധിച്ച ആശങ്കയും ആശ്വാസവും നിറഞ്ഞ് മുന്നണികൾ. പോളിംഗ് കഴിഞ്ഞതോടെ ഇനിയുള്ള ഒരു മാസം ആകാംക്ഷയോടെയുള്ള കാത്തിരിപ്പിലാണ് നേതാക്കളും പ്രവർത്തകരും. റെക്കോർഡ് പോളിംഗ് ആരെ തുണക്കുമെന്ന കാര്യത്തിൽ എല്ലാവരും അവകാശ വാദത്തിലാണ്. മറ്റു മണ്ഡലങ്ങളെ പോലെ വടകരയിലും കനത്ത പോളിംഗാണ് അനുഭവപ്പെട്ടത്. 81.24 ശതമാനമാണ് 2014 ലെ പോളിംഗെങ്കിലും ഇത്തവണയും ഇതിനടുത്ത് വോട്ടിംഗ് നടന്നിട്ടുണ്ട്.
വാശിയേറിയ മത്സരം കൊണ്ടു സംസ്ഥാനം മുഴുക്കെ ശ്രദ്ധപിടിച്ചുപറ്റിയ വടകര ആർക്കൊപ്പമായിരിക്കുമെന്ന് വോട്ടിംഗിലെ ട്രെന്റ് കൊണ്ടു പറയാനാവില്ലെങ്കിലും അക്രമരാഷ്ട്രീയത്തിനെതിരെയുള്ള പ്രതികരണം ഉറപ്പെന്നാണ് ഐക്യമുന്നണിയുടെ നിലപാട്. വടകരയോടു ചേർന്നു കിടക്കുന്ന വയനാട്ടിലെ രാഹുൽഗാന്ധിയുടെ സാന്നിധ്യവും മോദിവിരുദ്ധ വികാരവും അനുകൂല ഘടകമാണെന്നു യുഡിഎഫ് അവകാശപ്പെടുന്നു.
മുൻ തെരഞ്ഞെടുപ്പുകളിൽ നിന്ന് വ്യത്യസ്തമായി വയനാട്ടിലുണ്ടായ വോട്ടുവർധന രാഹുൽഗാന്ധിയുടെ താരപരിവേഷം കൊണ്ടുതന്നെയാണ്. ഇത് മറ്റു മണ്ഡലങ്ങളിലും പ്രതിഫലിച്ചെന്നും ഇതിന്റെ ഗുണം വടകരയിലും ഉണ്ടാവുമെന്നുമാണ് യുഡിഎഫ് കേന്ദ്രങ്ങളുടെ കണക്കൂകൂട്ടൽ.
ഈ തെരഞ്ഞെടുപ്പിൽ വടകരയിൽ ഏറ്റവും കൂടുതൽ ചർച്ച ചെയ്തത് അക്രമരാഷ്ട്രീയമാണ്. മറ്റു വിഷയങ്ങളെല്ലാം ഒഴിവാക്കി അക്രമരാഷ്ട്രീയമെന്ന വിഷയത്തിലേക്കു യുഡിഎഫ് കേന്ദ്രീകരിച്ചപ്പോൾ പലപ്പോഴും എൽഡിഎഫിനും ഇതിലേക്ക് മാറേണ്ടിവന്നു. പിണറായി സർക്കാറിന്റെ ക്ഷേമനടപടികളും മോദി സർക്കാറിന്റെ ജനവിരുദ്ധ നയങ്ങളും പ്രചാരണ വിഷയങ്ങളായെങ്കിലും പിന്നീട് എൽഡിഎഫും അക്രമരാഷ്ട്രീയം ഏറ്റെടുത്തു.
പഴയ കണക്കുകൾ നിരത്തിയാണ് യുഡിഎഫിന്റെ പ്രചാരണത്തെ എൽഡിഎഫ് നേരിട്ടത്. ഇതിന്റെ ഫലം തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കുമെന്ന് ഇടതുമുന്നണി പ്രതീക്ഷിക്കുന്നു. മുൻ തെരഞ്ഞെടപ്പുകളെ അപേക്ഷിച്ചു തരക്കേടില്ലാത്ത വോട്ട് ലഭിക്കുമെന്നാണ് എൻഡിഎ കേന്ദ്രങ്ങൾ പറയുന്നത്. ബിജെപി സ്ഥാനാർഥിയുടെ ബൂത്തിൽ പോലും ഇവർക്ക് ഏജന്റുമാരില്ലെന്ന് എൽഡിഎഫ് വിമർശിക്കുന്നുണ്ടെങ്കിലും ശക്തമായ പ്രവർത്തനമാണ് വടകരയിലുടനീളം കാഴ്ചവെച്ചതെന്നാണ് എൻഡിഎയുടെ പ്രതികരണം.
തലശേരി ഒഴികെ ആറു അസംബ്ലി മണ്ഡലങ്ങളിലും യുഡിഎഫിനു മേൽക്കൈ ഉണ്ടാവുമെന്നാണ് സ്ഥാനാർഥി വ്യക്തമാക്കുന്നത്. അതുകൊണ്ടുതന്നെ വിജയം സുനിശ്ചിതമെന്നും യുഡിഎഫ് പറയുന്നു. എന്നാൽ ഏഴ് അസംബ്ലി മണ്ഡലങ്ങളിലും എൽഡിഎഫ് മേൽക്കൈ നേടുമെന്നും നല്ല ഭൂരിപക്ഷത്തോടെ ജയരാജൻ ജയിക്കുമെന്നുമാണ് ഇടതുമുന്നണിയുടെ പ്രതീക്ഷ.
ഏതായാലും കൂട്ടിയും കിഴിച്ചുമുള്ള കണക്കുകൂട്ടലുകളിൽ വ്യാപൃതരാണ് മുന്നണി നേതാക്കളും പ്രവർത്തകരും. ആരൊക്കെ വോട്ട് ചെയ്തെന്നും ഇല്ലെന്നും എവിടെയെങ്കിലും പാളിച്ച ഉണ്ടായോ തുടങ്ങിയ കാര്യങ്ങളിലുള്ള പരിശോധനയാണ് മുന്നണികളുടെ ഭാഗത്ത് നിന്നു നടക്കുന്നത്.