കൊച്ചി: കേരളത്തിലേക്കുള്ള എംഡിഎംഎ കടത്തിലെ മുഖ്യകണ്ണിയായ നീഗ്രോ വംശജനും നൈജീരിയൻ പൗരനുമായ ഒക്കാഫോർ എസേ ഇമ്മാനുവേൽ(36) പാലാരിവട്ടം പോലീസ് കീഴടക്കിയത് അതിസാഹസികമായി.
ബംഗളൂരിൽ താമസിച്ച് മയക്കുമരുന്നു കച്ചവടത്തിന് നേതൃത്വം വഹിക്കുകയായിരുന്ന ഇയാൾ കൂട്ടാളികൾ പിടിയിലായത് അറിഞ്ഞതിനെ തുടർന്ന് മൊബൈൽ ഓഫ് ചെയ്ത് താമസവും മാറ്റി കഴിയുകയായിരുന്നു.
സൈബർസെല്ലിന്റെയും മൊബൈൽ ഫോണ് കന്പനിയുടെയും സഹായത്തോടെ നടത്തിയ അന്വേഷണത്തിനൊടുവിൽ ബംഗളൂരു കെആർ പുരത്തുനിന്നാണ് പാലാരിവട്ടം പോലീസ് ഇൻസ്പെക്ടർ എസ്. സനലിന്റെ നേതൃത്വത്തിലുള്ള സംഘം ഇയാളെ പിടികൂടിയത്.
ആറു മണിക്കൂർ വീട്ടിൽ ഒളിച്ചിരുന്ന് പോലീസ്
ബംഗളൂരു കെആർ പുരത്തെ ഇയാളുടെ വീട്ടിൽ ആറു മണിക്കൂർ ഒളിച്ചിരുന്നായിരുന്നു പോലീസിനെ ഇയാളെ വലയിൽ വീഴ്ത്താനായത്.
കേസിൽ നേരത്തെ പിടിയിലായ ഫോർട്ടുകൊച്ചി സ്വദേശി വർഗീസ് ഫെർണാണ്ടസുമായാണ് അന്വേഷണ സംഘം ബംഗളൂരുവിലേക്ക് പുറപ്പെട്ടത്.
വർഗീസ് ഇയാളുടെ ഒളിത്താവളം പോലീസിന് കാണിച്ചുകൊടുത്തെങ്കിലും അവിടെ കൂട്ടാളികൾ ഉണ്ടായതിനാൽ പോലീസിന് കടക്കാനായില്ല.
മൂന്നു ദിവസം കാത്തിരുന്നതിനുശേഷമാണ് ഒക്കാഫോർ പുറത്തുപോയ സമയത്ത് പോലീസ് സംഘം വീട്ടിനുള്ളിൽ കയറി.
ഈ സമയം ഇയാളുടെ ജർമൻ സ്വദേശിയായ ഭാര്യ മാത്രമായിരുന്നു വീട്ടിൽ ഉണ്ടായിരുന്നത്. തുടർന്ന് മണിക്കൂറുകളോളം ഒക്കാഫോറിനായി വീട്ടിനുള്ളിൽ പോലീസ് സംഘം കാത്തിരുന്നു.
തുടർന്ന് ഇയാളെ വീട്ടിലെത്തിയപ്പോൾ ബല പ്രയോഗത്തിലൂടെയാണ് പോലീസ് സംഘം ഇയാളെ പിടികൂടിയത്.
ആറു മാസത്തിനുള്ളിൽ നാലര കിലോ എംഡിഎംഎ
മയക്കുമരുന്നു സംഘം കഴിഞ്ഞ ആറു മാസത്തിനുള്ളിൽ കേരളത്തിലേക്ക് കടത്തിയത് നാലര കിലോ എംഡിഎംഎയാണെന്നാണ് പോലീസ് കണ്ടെത്തിയിരിക്കുന്നത്.
കർണാടകയിൽ മയക്കുമരുന്നു നിർമാണവുമായി ബന്ധപ്പെട്ട് വലിയൊരു സംഘം തന്നെ പ്രവർത്തിക്കുന്നുണ്ടെന്നും ഇതിലെ മുഖ്യകണ്ണിയാണ് നൈജീരിയൻ സ്വദേശിയെന്നും പാലാരിവട്ടം പോലീസ് ഇൻസ്പെക്ടർ എസ്. സനൽ പറഞ്ഞു.
ഇയാൾ ഉൾപ്പെട്ട സംഘമാണ് കൊച്ചിയിലേക്ക് ഏറ്റവും കൂടുതൽ എംഡിഎംഎ കൈമാറുന്നത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
സ്കൂട്ടറിൽ എംഡിഎംഎ
കഴിഞ്ഞമാസം 20ന് ജവഹർലാൽ നെഹ്റു ഇന്റർനാഷണൽ സ്റ്റേഡിയം ലിങ്ക് റോഡിൽ പാർക്കുചെയ്തിരുന്ന സ്കൂട്ടറിൽ നിന്നും രണ്ടുകവറുകളിലായി വില്പനയ്ക്കു വച്ചിരുന്ന 102.04 ഗ്രാം എംഡിഎംഎ പിടികൂടിയതുമായി ബന്ധപ്പെട്ട് നടത്തിയ തുടരന്വേഷണങ്ങളാണ് നൈജീരിയൻ സ്വദേശിയിലേക്കെത്തിച്ചത്.
അന്ന് ഹാരൂണ് സുൽത്താൻ എന്നയാളെ അറസ്റ്റുചെയ്തിരുന്നു. തുടർന്ന് 28ന് അലിൻ ജോസഫ്, നിജു പീറ്റർ എന്നിവരെയും ഈ മാസം അഞ്ചിന് അലൻ ടോണി എന്നയാളെയും പാലാരിവട്ടം പോലീസ് പിടികൂടി.
പിന്നീട് 13ന് ഫോർട്ട്കൊച്ചി സൗത്ത് വെളി ഇൻഫന്റ് ജീസസ് റോഡിൽ സുനിൽ കോട്ടേജിൽ വർഗീസ് ജോസഫ് ഫെർണാണ്ടസ് എന്നയാളെയും അറസ്റ്റു ചെയ്തു. ഇയാളിൽ നിന്നാണ് നീഗ്രോ വംശജനെ കുറിച്ചുള്ള വിവരം ലഭിച്ചത്.