കൊടകര: ബൗദ്ധികവും ഭൗതികവുമായ ഉന്നമനമാണ് വിദ്യാഭ്യാസത്തിന്റെ ലക്ഷ്യമെന്നും ജീവിതാവസാനംവരെ മനുഷ്യൻ പഠിച്ചുകൊണ്ടേയിരിക്കണമെന്നും ഇരിങ്ങാലക്കുട രൂപത ബിഷപ് മാർ പോളി കണ്ണൂക്കാടൻ പറഞ്ഞു. കൊടകര സഹൃദയ കോളജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിലെ ബിരുദദാന ചടങ്ങിൽ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് എല്ലാവരെയും എത്തിക്കുവാൻ വിദ്യാർഥികൾക്ക് സാധിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കാലിക്കട്ട് യൂണിവേഴ്സിറ്റി രജിസ്ട്രാർ ഡോ. സി. എൽ. ജോഷി വിദ്യാർഥികളെ അഭിസംബോധന ചെയ്ത് സംസാരിച്ചു.
സമൂഹത്തിനോടുള്ള പ്രതിബദ്ധതയാണ് വിദ്യാഭ്യാസത്തിന്റെ കാതലെന്ന് അദ്ദേഹം പറഞ്ഞു. കോളേജ് പ്രിൻസിപ്പാൾ ഡോ. പി. ഒ. ജെൻസണ് വിദ്യാർത്ഥികൾക്ക് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. കഴിഞ്ഞ അക്കാദമിക് വർഷത്തിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികൾക്കുള്ള സമ്മാനദാനം, സഹൃദയ ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻ മാനേജർ മോണ്‍. ലാസർ കുറ്റിക്കാടൻ നിർവഹിച്ചു. കോളജ് എക്സിക്യൂട്ടീവ് ഡയറക്ടർ റവ. ഡോ. ഡേവിസ് ചെങ്ങിനിയാടൻ, വൈസ് പ്രിൻസിപ്പൽ ഡോ. എം. ജെ. റാണി, പ്രോഗ്രാം ജനറൽ കണ്‍വീനർ പ്രഫ. സി. സി. ഉഷാകുമാരി എന്നിവർ സംസാരിച്ചു