കെ. ഷിന്റുലാല്‍
കോഴിക്കോട്: സംസ്ഥാന പോലീസിലെ സബ്സിഡറി സെന്‍ട്രല്‍ പോലീസ് കാന്റീനിലെ അഴിമതി മായ്ക്കാന്‍ പോലീസിലെ ചില ഉന്നതരുടെ അറിവോടുകൂടി വ്യാജ രേഖകള്‍ തയാറാക്കുന്നതായി സൂചന.
അടൂര്‍ കെഎപി 3 ബറ്റാലിയനിലെ കാന്റീനില്‍നിന്നു കാണാതായ 11,33,777 രൂപയുടെ സാധനങ്ങള്‍ക്കും കെട്ടികിടക്കുന്ന 42,29,956 രൂപയുടെ സാധനങ്ങള്‍ക്കുമാണ് വ്യാജ രേഖകള്‍ തയാറാക്കുന്നത്.
ഇതിനായി മികച്ച ബ്രാന്‍ഡിലുള്ള കമ്പനികളുടെ സഹായം തേടിയതായാണു പുറത്തുവരുന്ന വിവരം. കാന്റീനില്‍ അഴിമതി നടന്നിട്ടില്ലെന്നും സുതാര്യമായാണ് പ്രവര്‍ത്തിച്ചതെന്നും തെളിയിക്കുന്നതിനായാണ് പ്രതിസ്ഥാനത്തുള്ളവര്‍ വ്യാജരേഖകള്‍ തയാറാക്കുന്നത്.
തിരികെ എടുത്തോ?
കാന്റീനില്‍ കെട്ടിക്കിടക്കുന്ന സാധനങ്ങള്‍ അതേ കമ്പനികള്‍ തന്നെ തിരികെ എടുത്തിട്ടുണ്ടെന്ന രീതിയിലുള്ള രേഖകളാണ് ഇപ്പോള്‍ തയാറാക്കുന്നത്.
ഇതിനായി സംസ്ഥാനത്തെ കാന്റീനിലേക്കു സാധനങ്ങള്‍ നല്കുന്ന കമ്പനികളുമായി മുന്‍ നടത്തിപ്പുകാര്‍ ബന്ധപ്പെട്ടിട്ടുണ്ടെന്ന് ഉന്നത ഐപിഎസ് ഉദ്യോഗസ്ഥര്‍ക്കു വിവരം ലഭിച്ചു.
ആവശ്യം പരിഗണിച്ചില്ലെങ്കില്‍ പോലീസ് കാന്റീനുകളില്‍ കമ്പനിയുടെ സാധനങ്ങള്‍ വില്‍ക്കില്ലെന്നും ഇനി മുതല്‍ പര്‍ച്ചേഴ്സ് ഓര്‍ഡര്‍ നല്‍കില്ലെന്നും വരെ ഭീഷണി മുഴക്കിയതായാണ് വിവരം.
ഉത്പന്നങ്ങളുടെ വിപണി നഷ്ടപ്പെടുമെന്നതിനാല്‍ വന്‍കിട കമ്പനികള്‍ ഇത്തരത്തില്‍ രേഖകള്‍ നല്‍കാനും സമ്മതിച്ചിട്ടുണ്ട്. കാണാതായ സാധനങ്ങള്‍ വിറ്റഴിച്ചതായും തിരിച്ചെടുത്തതായുമുള്ള രേഖകളും തയാറാക്കുന്നുണ്ട്.
റിപ്പോർട്ടുകളെ വ്യാജമാക്കും!
കമ്പനി വ്യാജരേഖകളും പണവും നല്കിയാല് കാന്റീന് അഴിമതി സംബന്ധിച്ച് നല്കിയ റിപ്പോര്‍ട്ടുകള്‍ വ്യാജമാണെന്ന് വരുത്തി തീര്‍ക്കാനാവും. ഇല്ലാത്ത അഴിമതിയെ കുറിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിച്ച ഉദ്യോഗസ്ഥര്ക്കെതിരേ നടപടിയും സ്വീകരിക്കാം. ഇതിനുള്ള നീക്കങ്ങളാണ് അണിയറയില്‍ സജീവമായി നടക്കുന്നത്.
അടൂര്‍ കെഎപിയിലെ എസ്ഐ തസ്തികയിലുള്ള വ്യക്തിയാണ് ഫ്ളോര്‍ ഇന്‍ചാര്‍ജ് എന്ന പേരില്‍ കാന്റീനില്‍ ക്രമക്കേടുകള്‍ നടത്തിയതെന്നായിരുന്നു ഡിജിപിക്കും ആഭ്യന്തര വകുപ്പിനും സമര്‍പ്പിച്ച റിപ്പോര്‍ട്ടിലുള്ളത്.
2018-19 കാലഘട്ടത്തില്‍ 42,29,956 രൂപയുടെ ചെലവാകാന്‍ സാധ്യതയില്ലാതിരുന്ന സാധനങ്ങള്‍ കാന്റീനില്‍ വാങ്ങി കൂട്ടിയിരുന്നു. ഇതിനു പുറമേയാണ് 11,33,777 രൂപയുടെ സാധനങ്ങള്‍ കാണാതാവുകയും ചെയ്തത്.
കൂടാതെ കാന്റീന് പ്രവര്‍ത്തനത്തിന്റെ ഭാഗമായി കെട്ടിട നിര്‍മാണവുമായി ബന്ധപ്പെട്ട് എട്ട് ലക്ഷം രൂപ വിവിധ കമ്പനിയുടെ വിതരണക്കാരില്‍നിന്നു തട്ടിപ്പിലൂടെ കൈപ്പറ്റി.
പിന്നിൽ
പോലീസ് ആസ്ഥാനത്തെ ഒരു ഉദ്യോഗസ്ഥയാണ് സാധനങ്ങള്‍ വാങ്ങുന്നതിനും മറ്റും വാട്സ് ആപ്പ് വഴി കാന്റീന് ചുമതലയുള്ളയാള്ക്കു നിര്‍ദേശം നല്‍കുന്നതെന്നുമായിരുന്നു റിപ്പോര്‍ട്ടിലുള്ളത്.
അടൂര്‍ ബറ്റാലിയന് കമാന്‍ഡന്റ് ജെ.ജയനാഥും പോലീസ് ആസ്ഥാനത്ത് ഇപ്പോള്‍ പ്രവര്‍ത്തിച്ചുവരുന്ന ഒരു റിട്ട. ഐഎഎസ് ഉദ്യോഗസ്ഥനും ഡിജിപിക്കും ആഭ്യന്തരവകുപ്പിനും റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.
നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ മുഖ്യമന്ത്രി കൈകാര്യം ചെയ്യുന്ന ആഭ്യന്തരവകുപ്പിനു കീഴിലുള്ള സ്ഥാപനത്തിലെ അഴിമതി സര്‍ക്കാരിനെ പ്രതികൂലമായി ബാധിക്കുകയും ചെയ്തിരുന്നു.
പ്രതിപക്ഷ പാര്‍ട്ടികള്‍ വരെ ഈ വിഷയം വിവാദമാക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് അഴിമതി നടന്നിട്ടില്ലെന്നു വരുത്തി തീര്‍ക്കാന്‍ ശ്രമിക്കുന്നത്.