അജിത് ടോം
ജനങ്ങളുടെ വഹനം, അതാണ് ഫോക്‌സ്വാഗണ്‍. പേരിന്റെ അര്‍ഥത്തിലൂടെത്തന്നെ എന്നും ജനങ്ങള്‍ക്ക് പ്രിയപ്പെട്ട കമ്പനി. 2007ല്‍ ഇന്ത്യയിലെത്തിയതു മുതല്‍ ചെറുകാറുകള്‍ പുറത്തിറക്കി ഇന്ത്യന്‍ വാഹനപ്രേമികളുടെയും ശ്രദ്ധയാകര്‍ഷിച്ചു. 2009–10 കാലഘട്ടത്തില്‍ അവരുടെ ഏറ്റവും ചെറിയ കാറായ പോളോ ഇറങ്ങിയതോടെയാണ് കേരളത്തില്‍ ഫോക്‌സ്വാഗണ്‍ ഡീലര്‍ഷിപ്പുകള്‍ പോലും സജീവമാകുന്നത്. പിന്നീട് വെന്റോ, അമിയോ തുടങ്ങി സാധാരണക്കാരന്റെ കൈയില്‍ ഒതുങ്ങുന്ന നിരവധി മോഡലുകള്‍ ഫോക്‌സ്വാഗണ്‍ പുറത്തിറക്കിയിട്ടുണ്ട്. എന്നാല്‍, പോളോയുടെ വളര്‍ച്ച ഇന്നും തുടരുന്നു. പോളോ ജിടി–യിലേക്കും അവിടെനിന്നു പോളോ ഓള്‍സ്റ്റാറിലേക്കും പോളോയുടെ യാത്ര എത്തിനില്‍ക്കുന്നു. പോളോയുടെ ലിമിറ്റഡ് എഡിഷന്‍ മോഡലായ പോളോ ഓള്‍സ്റ്റാറിന്റെ വിശേഷങ്ങളിലൂടെ.
എക്സ്റ്റീരിയര്‍
മുഖകാന്തികൊണ്ട് ജനങ്ങളെ ആകര്‍ഷിച്ച മോഡലാണ് പോളോ. അതുകൊണ്ടു തന്നെയാവാം സ്‌പെഷല്‍ എഡിഷന്‍ മോഡലിലും മുഖത്തിനു കാര്യമായ മാറ്റം വരുത്തിയിട്ടില്ല. വലുപ്പം നന്നേ കുറഞ്ഞ ചെറിയ ഗ്രില്ലും അതിനു മധ്യത്തിലായി ഫോക്‌സ്വാഗണ്‍ ലോഗോയും പോളോയുടേതു മാത്രമല്ല, മറ്റെല്ലാ ഫോക്‌സ്വാഗണ്‍ കാറുകളുടെയും മുഖമുദ്രയാണ്. എന്നാല്‍, ബ്ലാക്ക് ഷേഡില്‍ എല്‍ഇഡി ലൈറ്റുകള്‍ നല്കിയിരിക്കുന്ന ഡുവല്‍ ബീം ഹെഡ്‌ലാമ്പും ഒപ്പം ഡേടൈം റണ്ണിംഗ് ലൈറ്റുകളും അതിനു താഴെ വളരെ ചെറിയ ഇന്‍ഡിക്കേറ്റര്‍ ലൈറ്റും നല്കിയിരിക്കുന്നു. ബംപറിന്റെ ലോവര്‍ പോര്‍ഷനില്‍ വലിയ എയര്‍ഡാമും വശങ്ങളിലെ ഫോഗ് ലാമ്പുകളെ ബന്ധിപ്പിക്കുന്ന ക്രോം ലൈനും മുന്‍ഭാഗത്തിന്റെ മാറ്റു കൂട്ടുന്നു.
പോളോയില്‍നിന്ന് ഓള്‍സ്റ്റാറിലെത്തുമ്പോഴുള്ള മാറ്റം ദൃശ്യമാകുന്നത് വശങ്ങളിലാണ്. ഡോര്‍ ഹാന്‍ഡിലിനു താഴെക്കൂടി കടന്നുപോകുന്ന ഷോള്‍ഡര്‍ ലൈനുകള്‍, ബ്ലാക്ക് ഫിനീഷിംഗിലുള്ള ബി പില്ലറുകള്‍ എന്നിവയ്ക്കു പുറമേ പുതിയ ഡിസൈനില്‍ നിര്‍മിച്ചിരിക്കുന്ന ഡയമണ്ട് കട്ട് 16 ഇഞ്ച് അലോയി വീലുകളും പോളോയില്‍നിന്ന് ഓള്‍സ്റ്റാറിലേക്ക് എത്തുമ്പോഴുള്ള മാറ്റങ്ങളാണ്.
പിന്‍ഭാഗം യാതൊരു രീതിയിലുമുള്ള മാറ്റത്തിനു വിധേയമാക്കിയിട്ടില്ല. താരതമ്യേന വലുപ്പം കുറഞ്ഞതാണെങ്കിലും റിഫ്‌ളക്ടറുകളും എല്‍ഇഡി ലൈറ്റുകളും നല്കി ടെയില്‍ ലാമ്പ് ആകര്‍ഷകമാക്കിയിരിക്കുന്നു. സ്‌റ്റൈലിനൊപ്പം ബൂട്ട് തുറക്കാനുള്ള ലിവറായും പ്രവര്‍ത്തിക്കുന്ന പിന്നിലെ ഫോക്‌സ്വാഗണ്‍ ലോഗോ ഫോക്‌സ്വാഗണിനു മാത്രം അവകാശപ്പെടാന്‍ സാധിക്കുന്ന ഒന്നാണ്.
3971 എംഎം നീളവും 1682 എംഎം വീതിയും1469 എംഎം ഉയരവുമാണ് ഓള്‍സ്റ്റാറിനുള്ളത്.
ഇന്റീരിയര്‍
പോളോയില്‍നിന്ന് ഓള്‍സ്റ്റാറിലേക്കുള്ള കൂടുതല്‍ ദൂരം വെളിവാകുന്നത് ഇന്റീരിയറിലാണ്. പഴയ പോളോയില്‍ ഉള്ളതുപോലെ ബ്ലാക്ക് ഫിനീഷിംഗ് ഡാഷ്‌ബോര്‍ഡും എസി വെന്റുകളും ഓള്‍ സ്റ്റാറിലും നിലനിര്‍ത്തിയിട്ടുണ്ട്. എന്നാല്‍, വെള്ളി പൂശിയ സെന്റര്‍ കണ്‍സോളില്‍ ഡിവിഡി, പെന്‍െ്രെഡവ്, ഓക്‌സിലറി എന്നിവ കണക്ട് ചെയ്യാവുന്ന ഏഴ് ഇഞ്ച് ഫുള്‍ ടച്ച് സ്ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റവും അതിനു താഴെ ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍ യൂണിറ്റുമുണ്ട്. അലുമിനിയത്തില്‍ തീര്‍ത്ത സ്‌പോര്‍ട്ടി പെഡലുകളാണ് ആക്‌സിലറേറ്റര്‍, ബ്രേക്ക്, ക്ലച്ച് എന്നിവയ്ക്ക് നല്കിയിരിക്കുന്നത്.
മുന്‍ സീറ്റുകളുടെ മധ്യത്തില്‍ ഹാന്‍ഡ് റെസ്റ്റ് നല്കിയിട്ടുണ്ട്. പഴയ പോളോയ്ക്ക് ഇതില്ല. കൂടാതെ, അതിനുള്ളില്‍ സാമാന്യം വലുപ്പമുള്ള സ്‌റ്റോറേജ് സ്‌പേസും ഒരുക്കിയിട്ടുണ്ട്. ഡുവല്‍ ടോണ്‍ ഫാബ്രിക് ഫിനിഷിംഗുള്ള സീറ്റുകളാണ് വാഹനത്തിനുള്ളത്. പിന്‍ യാത്രക്കാര്‍ക്ക് ഏറെ പരിഗണന നല്കുംവിധമാണ് പിന്നിലെ സീറ്റ്. സുഖപ്രദമായ സീറ്റുകള്‍ക്കു പുറമേ പുറകിലും എസി വെന്റുകള്‍ നല്കിയിട്ടുണ്ട്. മീറ്റര്‍ കണ്‍സോള്‍, സ്റ്റീയറിംഗ് വീല്‍ തുടങ്ങിയവയില്‍ മാറ്റങ്ങള്‍ ഒന്നും വരുത്തിയിട്ടില്ല.
സുരക്ഷ
എല്ലാ പ്രീമിയം ഹാച്ച്ബാക് മോഡലിലുമുള്ള സുരക്ഷാ സംവിധാനങ്ങള്‍ ഇതിലും ഒരുക്കിയിട്ടുണ്ട്. രണ്ട് എസ്ആര്‍എസ് എയര്‍ബാഗുകളും എബിഎസ് ഇബിഡി ബ്രേക്കിംഗ് സംവിധാനവും റിവേഴ്‌സ് സെന്‍സറുകളുമാണ് പോളോയില്‍ സുരക്ഷയൊരുക്കുന്നത്.
എന്‍ജിന്‍
അഞ്ച് സ്പീഡ് മാന്വല്‍ ഗിയര്‍ ബോക്‌സില്‍ 1.2 ലിറ്റര്‍ പെട്രോള്‍ എന്‍ജിനിലും 1.5 ലിറ്റര്‍ ഡീസല്‍ എന്‍ജിനിലുമാണ് പോളോ ഓള്‍സ്റ്റാര്‍ നിരത്തിലിറക്കിയിരിക്കുന്നത്.
1198 സിസി കരുത്തില്‍ മൂന്ന് സിലിണ്ടര്‍ എംപിഐ പെട്രോള്‍ എന്‍ജിന്‍ 75 എന്‍എം ടോര്‍ക്ക് 110 പിഎസ് പവറും, 1498 സിസി കരുത്തില്‍ നാല് സിലിണ്ടര്‍ ടിഡി ഐ ഡീസല്‍ എന്‍ജിന്‍ 90 എന്‍എം ടോര്‍ക്ക് 230 പിഎസ് പവറുമാണ് ഉത്പാദിപ്പിക്കുന്നത്.
നിറങ്ങള്‍
അഴകാര്‍ന്ന ആറു വ്യത്യസ്ത നിറങ്ങളില്‍ ഓള്‍സ്റ്റാര്‍ ലഭ്യമാണ്. റിഫ്‌ളെക്‌സ് സില്‍വര്‍, കാന്‍ഡി വൈറ്റ്, ഫ്‌ളാഷ് റെഡ്, ടോഫി ബ്രൗണ്‍, കാര്‍ബണ്‍ സ്റ്റീല്‍ എന്നിവയ്ക്കു പുറമേ ബ്ലൂ സില്‍ക്കി എന്ന പുതിയ നിറത്തിലും പോളോ നിരത്തിലെത്തുന്നു.
മൈലേജ്
പെട്രോള്‍ മോഡലിന് 16.47 കിലോമീറ്ററും ഡീസല്‍ മോഡലുകള്‍ക്ക് 20.14 കിലോമീറ്ററും കമ്പനി അവകാശപ്പെടുന്നുണ്ട്.
വില
പെട്രോള്‍ മോഡലിന് 8.38 ലക്ഷം മുതലും ഡീസല്‍ മോഡലിന് 10.07 ലക്ഷം രൂപ മുതലുമാണ് കോട്ടയത്തെ ഓണ്‍റോഡ് വില.
ടെസ്റ്റ്‌ഡ്രൈവ്: ഇവിഎം മോട്ടോഴ്‌സ് കോട്ടയംഫോണ്‍: 9895133440