പത്തനംതിട്ട: പോപ്പുലർ ഫിനാൻസുമായി ബന്ധപ്പെട്ട നിക്ഷേപ തട്ടിപ്പ് കേസിൽ കേന്ദ്ര ഏജൻസികൾ വിവരശേഖരണം തുടങ്ങി. പോലീസ് അന്വേഷണത്തിൽ കണ്ടെത്തിയ പ്രാഥമിക വിവരങ്ങളുടെ അടിസ്ഥാനത്തിൽ ഇൻകംടാക്സ്, എൻഫോഴ്സ്മെന്റ് വിഭാഗങ്ങളാണ് വിവരശേഖരണം നടത്തുന്നത്. സ്ഥിരനിക്ഷേപകരിൽ നല്ലൊരു ശതമാനവും പരാതിയുമായി രംഗത്തുവന്നിട്ടില്ലെന്ന കണ്ടെത്തലുകളുടെ അടിസ്ഥാനത്തിലാണിത്.
വൻതുക നിക്ഷേപം നടത്തിയ പലരും പരാതികൾ നൽകിയിട്ടില്ലെന്നതു പോലീസിന്റെ ശ്രദ്ധയിൽപെടുത്തിയിരുന്നു. പണത്തിന്റെ ഉറവിടം വ്യക്തമാക്കാൻ ആഗ്രഹിക്കാത്ത പലരും പരാതിയുമായി എത്തുന്നില്ലെന്ന നിഗമനമാണ് അന്വേഷണസംഘത്തിനുള്ളത്.
സംസ്ഥാനത്തിനകത്തും തമിഴ്നാട്, കർണാടക, മഹാരാഷ്ട്ര, ഡൽഹി സംസ്ഥാനങ്ങളിലുമായി പോപ്പുലർ ഫിനാൻസിന് 271 ശാഖകൾ പ്രവർത്തിക്കുന്നുണ്ട്.
നിയമപരമായി പണം സന്പാദിച്ചവരും കള്ളപ്പണക്കാരും പോപ്പുലർ ഫിനാൻസിൽ നിക്ഷേപകരായുണ്ട്. സ്ഥലം വിറ്റും ചിട്ടി പിടിച്ചും പെൻഷൻ തുകയും നിക്ഷേപിച്ച മുന്നൂറോളം ആളുകളാണ് പരാതിപ്പെട്ടിട്ടുള്ളത്. വരവിൽ കവിഞ്ഞ് സന്പാദ്യമുള്ള നിരവധി ആളുകൾ കന്പനിയിൽ കോടികൾ നിക്ഷേപിച്ചിട്ടുണ്ട്.
കേസിൽ റിമാൻഡിലായ പോപ്പുലർ മാനേജിംഗ് പാർട്ണർ തോമസ് ഡാനിയേൽ (റോയി), ഭാര്യയും കന്പനി പാർട്ണറുമായ പ്രഭാ തോമസ്, മക്കളായ റിനു, റേബ എന്നിവരാണ് അറസ്റ്റിലായത്.
തോമസിനെ കൊല്ലം നായേഴ്സ് ആശുപത്രിയിലെ കോവിഡ് സെന്ററിലേക്കും ഭര്യയെയും മക്കളെയും ഈസ്റ്റ്ഫോർട്ട് ജിഎൽഎസ് കോവിഡ് സെന്ററിലേക്കും മാറ്റിയിരിക്കുകയാണ്. കോവിഡ് പരിശോധന ഫലം വന്ന ശേഷമാണ് ജയിലിലേക്ക് മാറ്റുന്നത്.
ഓണാവധിയും തിരക്കും കാരണം രണ്ടുദിവസമായി പോലീസ് അന്വേഷണസംഘം നടപടികൾ നടത്തിയിട്ടില്ല. ഇതിനിടെ തട്ടിപ്പുമായി ബന്ധപ്പെട്ട് കേന്ദ്ര ഏജൻസികൾ വിവരശേഖരണം ആരംഭിച്ചിട്ടുണ്ട്. എൻഫോഴ്സ്മെന്റ്, ഇൻകംടാക്സ് വിഭാഗങ്ങൾ ഇതു സംബന്ധിച്ച് അന്വേഷണം തുടങ്ങി.
പോപ്പുലർ ഫിനാൻസ് പ്രവർത്തിച്ചത് റിസർവ് ബാങ്കിന്റെ മാനദണ്ഡങ്ങൾ പാലിക്കാതെയാണെന്ന് അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. 2014 മുതൽ പോപ്പുലർ ഫിനാൻസിന് നിക്ഷേപം സ്വീകരിക്കാൻ നിയമപരമായി അനുമതി ഉണ്ടായിരുന്നില്ല. 12 ശതമാനം പലിശയാണ് പോപ്പുലർ ഫിനാൻസ് വാഗ്ദാനം ചെയ്യുന്നത്.
ഇത് റിസർവ് ബാങ്ക് മാനദണ്ഡങ്ങൾക്ക് എതിരാണ്. 2014ൽ ക്രൈംബ്രാഞ്ച് കേസ് രജിസ്റ്റർ ചെയ്തതോടെയാണ് പോപ്പുലർ ഫിനാൻസിന് നിയമപരമായ തടസങ്ങളുണ്ടായത്. എന്നാൽ, ഈ കേസിൽ ഹൈക്കോടതിയെ സമീപിച്ച് ഉടമകൾ തുടർനടപടികൾ നീട്ടിക്കൊണ്ടുപോയി.
പലതും കടലാസിൽ മാത്രം!
മാനേജിംഗ് പാർട്നർ തോമസ് ഡാനിയേലിന്റെ മക്കളുടെ പേരിലാണ് പോപ്പുലർ ഫിനാൻസിന്റെ 21 ലിമിറ്റഡ് ലയബലിറ്റി പാർട്ണർഷിപ്പ് കന്പനികൾ രജിസ്റ്റർ ചെയ്തിരുന്നത്.
ഇത് കടലാസ് പ്രസ്ഥാനങ്ങളാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ലാഭവും നഷ്ടവും നിക്ഷേപകർ തന്നെ സഹിക്കുന്നതാണ് വ്യവസ്ഥകൾ. സംഭാവനകളെന്ന പേരിലാണ് കന്പനികളിൽ സമീപകാലത്ത് നിക്ഷേപങ്ങൾ സ്വീകരിച്ചിരുന്നത്.
അടുത്തിടെ കന്പനികൾ നഷ്ടത്തിലാണെന്ന് വരുത്തിതീർക്കുകയും രണ്ടാഴ്ച മുന്പ് ഉടമസ്ഥാവകാശം തോമസ് ഡാനിയേലിന്റെ പേരിലേക്ക് മാറ്റുകയും ചെയ്തു. അറസ്റ്റിലായ റിനു പോപ്പുലർ ഫിനാൻസിന്റെ സിഇഒ തസ്തികയിലും റേബ ഡയറക്ടറായും പ്രവർത്തിച്ചിരുന്നു. മറ്റൊരു മകൾ റിയ, സ്ഥാപനത്തിന്റെ മാനേജർമാർ എന്നിവരെക്കൂടി ഇനി പിടികൂടാനുണ്ട്.
പോപ്പുലർ ഫിനാൻസിന്റെ വിവിധ ശാഖകളിൽ ഇടപാടുകാർ ഈടായി നൽകിയ സ്വർണം കന്പനി മറ്റു ബാങ്കുകളിൽ പണയം വച്ചതായും കണ്ടെത്തിയിട്ടുണ്ട്.
വിവിധ ബാങ്കുകളുടെ തിരുവനന്തപുരം, കൊട്ടാരക്കര എന്നിവിടങ്ങളിലെ ശാഖകളിൽ സ്വർണം പണയംവച്ച് 80 കോടി രൂപയാണ് ഉടമകൾ വാങ്ങിയത്. എന്നാൽ, തോമസ് ഡാനിയേലിന്റെ മരവിപ്പിച്ച ബാങ്ക് അക്കൗണ്ടുകളിൽ ഏതാനും ലക്ഷങ്ങൾ മാത്രമാണ് ബാക്കിയുള്ളത്.
തോമസിന്റെ ഭാര്യയും മക്കളും കന്പനിയുടെ ദൈനംദിന പ്രവർത്തനങ്ങൾ കൂടുതലായി ഇടപെട്ടപ്പോഴുണ്ടായ പ്രശ്നങ്ങളാണ് നിക്ഷേപ തട്ടിപ്പ് പുറത്തുകൊണ്ടുവന്നത്. സാന്പത്തിക കാര്യങ്ങളിൽ വിദഗ്ധനായചില പ്രധാന ജീവനക്കാരിൽ നിന്നാണ് കന്പനി പ്രതിസന്ധിയിലായെന്ന് നിക്ഷേപകർ അറിഞ്ഞുതുടങ്ങിയത്.
ഇവരിൽ പലരും നിക്ഷേപം പിൻവലിച്ചു തുടങ്ങിയതോടെ പ്രതിസന്ധിയും അതിരൂക്ഷമായി.സംസ്ഥാനത്തിനകത്തും തമിഴ്നാട്, കർണാടക, മഹാരാഷ്ട്ര, ഡൽഹി സംസ്ഥാനങ്ങളിലുമായി പോപ്പുലർ ഫിനാൻസിന് 271 ശാഖകൾ പ്രവർത്തിക്കുന്നുണ്ട്. നിയമപരമായി പണം സന്പാദിച്ചവരും കള്ളപ്പണക്കാരും പോപ്പുലർ ഫിനാൻസിൽ നിക്ഷേപകരായുണ്ട്.
സ്ഥലം വിറ്റും ചിട്ടി പിടിച്ചും പെൻഷൻ തുകയും നിക്ഷേപിച്ച മുന്നൂറോളം ആളുകളാണ് പരാതിപ്പെട്ടിട്ടുള്ളത്. വരവിൽ കവിഞ്ഞ് സന്പാദ്യമുള്ള നിരവധി ആളുകൾ കന്പനിയിൽ കോടികൾ നിക്ഷേപിച്ചിട്ടുണ്ട്.