കൊച്ചി: സാമ്പത്തിക ഇടപാട് സംബന്ധിച്ച വാക്കുതര്‍ക്കത്തെത്തുടര്‍ന്ന് ഓട്ടോ ഡ്രൈവറായ യുവാവിനെ സുഹൃത്തുക്കളടങ്ങിയ സംഘം ഇരുമ്പുപൈപ്പ് കൊണ്ട് അടിച്ചു കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതികളെ ഇന്നു കോടതിയില്‍ ഹാജരാക്കും.
ഇടപ്പള്ളി കുന്നുംപുറം സ്വദേശി ഉങ്കശേരി കൃഷ്ണകുമാര്‍ (കണ്ണന്-32) കൊല്ലപ്പെട്ട സംഭവത്തില്‍ എറണാകുളം എആര്‍ ക്യാമ്പിലെ പോലീസ് ഉദ്യോഗസ്ഥനായ ഇടപ്പള്ളി നോര്‍ത്ത് സ്വദേശി വൈമോലില് ബിജോയ് (35), മരട് നെട്ടൂര്‍ സാജിതാ മന്‍സലില്‍ ഫൈസല്‍ മോന് (39), ആലുവ എരമം സ്വദേശികളായ തോപ്പില്‍ ഉബൈദ് (25), ഓളിപ്പറമ്പ് അന്‍സല്‍ (26), ഇടപ്പള്ളി നോര്‍ത്ത് സ്വദേശി ബ്ലായിപ്പറമ്പ് ഫൈസല്‍ (40), ഇടപ്പള്ളി കുന്നുംപുറം വടക്കേടത്ത് സുബിഷ് (38) എന്നിവരാണ് പിടിയിലായത്.
കഴിഞ്ഞ ദിവസം രാത്രിയിലാണു സംഭവം നടന്നത്. ഇന്നലെ പുലര്‍ച്ചയ്ക്കുമുമ്പ് പ്രതികളെ മിക്കവരെയും പിടികൂടാന്‍ അധികൃതര്‍ക്കു സാധിച്ചു.
പിടിയിലായ പോലീസുകാരനെതിരേ വകുപ്പുതല നടപടിയുണ്ടാകും. ഫൈസല്‍ മുഖാന്തിരം ഇയാള്‍ 50,000 രൂപ കടം വാങ്ങിയിരുന്നു.
ഇതു തിരികെ കൊടുക്കുന്നത് സംബന്ധിച്ചുള്ള തര്‍ക്കമാണു കൊലപാതകത്തില്‍ കലാശിച്ചതെന്നു പോലീസ് പറഞ്ഞു.
ഫൈസല്‍ ഫോണില്‍ ആവശ്യപ്പെട്ടതിനെത്തുടര്‍ന്നു രാത്രി പീലിയാട് ഭാഗത്തെത്തിയ കൃഷ്ണകുമാറിനെ മറ്റു പ്രതികള്‍ ചേര്‍ന്ന് ആക്രമിക്കുകയായിരുന്നു. കുന്നുംപുറം ഓട്ടോ സ്റ്റാന്‍ഡിലെ ഡ്രൈവറാണു കൃഷ്ണകുമാര്‍.
പരേതനായ ശശിധരനാണു കൃഷ്ണകുമാറിന്റെ പിതാവ്. മാതാവ്: സുധ. സഹോദരങ്ങള്‍: രാജേഷ്, സന്ദീപ്.