കാക്കനാട്: കലൂരിലെ പുക പരിശോധനാ കേന്ദ്രത്തിൽ എത്തുന്ന വാഹനങ്ങളിൽനിന്നു അമിതഫീസ് ഈടാക്കിയതായി മോട്ടോർ വാഹനവകുപ്പ് നടത്തിയ പരിശോധനയിൽ കണ്ടെത്തി. വാഹന പുക പരിശോധന കേന്ദ്രങ്ങളില്‍ അമിത ഫീസ് ഈടാക്കുന്നുവെന്ന പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.
രജിസ്റ്റര്‍ പരിശോധിച്ചപ്പോള്‍ 750 പേരില്‍ നിന്ന് കൂടിയ ഫീസ് ഈടാക്കിയതായി കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിൽ അധികമായി വാങ്ങിയ പണം ഫോണില്‍ വിളിച്ചുവരുത്തി തിരികെ നൽകാന് നിര്‍ദേശം നല്കി. പണം തിരികെ നല്‍കിയതായി ഉറപ്പാക്കുമെന്ന് പരിശോധനയ്ക്ക് നേതൃത്വം നൽകിയ മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ എല്‍ദോ വര്‍ഗീസ് പറഞ്ഞു.
പുക പരിശോധന കേന്ദ്രങ്ങളില്‍ ഇത്തരത്തില്‍ തട്ടിപ്പ് നടത്തുന്ന സ്ഥാപനങ്ങളുടെ അംഗീകാരം റദ്ദാക്കുന്നതുള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കും. പരിശോധന വ്യാപകമാക്കാനും തീരുമാനിച്ചിട്ടുണ്ട്. ജില്ലയിൽ 100 ഓളം പുക പരിശോധന കേന്ദ്രങ്ങളാണുള്ളത്. എല്ലാ സ്ഥാപനങ്ങളും പരിശോധിച്ച് ശക്തമായ നടപടിയെടുക്കുമെന്നും മോട്ടോർ വാഹന വകുപ്പ് അധികൃതർ പറഞ്ഞു.
പുക പരിശോധനയ്ക്കായി സർക്കാർ നിശ്ചയിച്ചിട്ടുള്ള ഫീസ് ഇരുചക്രവാഹനങ്ങളും മുചക്ര വാഹനങ്ങളും 60 രൂപ, ലൈറ്റ് വാഹനങ്ങൾക്ക് 75 രൂപ, ഹെവി വാഹനങ്ങൾക്ക് 100 രൂപ എന്നിങ്ങനെയാണ്. എന്നാൽ 60 രൂപയ്ക്ക് പകരം 80 രൂപയും, 75 രൂപയ്ക്ക് പകരം 100 രൂപയും, 100 രൂപയ്ക്ക് പകരം 125 രൂപയുമാണ് ഈടാക്കുന്നതെന്നാണ് പരാതിയുള്ളത്. ജോയിന്റ് ആർടിഒ ബിജു ജയിംസിന്റെ നിർദേശപ്രകാരമായിരുന്നു പരിശോധന.