കേരളത്തിലെ മൂന്നരക്കോടി ജനങ്ങൾക്ക് ഒന്നരക്കോടി വാഹനങ്ങളുണ്ടെന്ന് ഈയടുത്ത കാലത്തെ ഒരു പഠനം സ്ഥിരീകരിക്കുന്നു. 2011-ൽ 60 ലക്ഷം വാഹനങ്ങളുണ്ടായിരുന്ന കേരളത്തിൽ ഇപ്പോൾ 1.56 കോടി വിവിധതരം വാഹനങ്ങളുണ്ട്.
വാഹനങ്ങൾ വഴിക്കുള്ള അന്തരീക്ഷ മലിനീകരണമാണ് പ്രധാന പ്രശ്നം. കാർബൺ ഡയോക്സൈഡ്, കാർബൺ മോണോക്സൈഡ്, ഹൈഡ്രോ കാർബൺ, സൾഫർ ഡയോക്സൈഡ്, നൈട്രസ് ഓക്സൈഡ്, സൂക്ഷ്മ പൊടിപടലങ്ങൾ ഇവവഴി, ശ്വസിക്കുന്ന വായു വിഷപങ്കിലം.
അന്തരീക്ഷ മലിനീകരണത്തെപ്പറ്റി ഇന്റർനാഷണൽ റിസേർച്ച് ജേർണൽ ഓഫ് എൻജിനീയറിംഗ് ആൻഡ് ടെക്നോളിയുടെ റിപ്പോർട്ട് ഏവരേയും ഭീതിയുടെ മുൾമുനയിൽ നിർത്തുന്നു.
മാരകരോഗങ്ങൾക്കു പിന്നിൽ
2012-ൽ ഒരു കിലോമീറ്ററിനുള്ളിൽ 865 ഗ്രാം കാർബൺ മോണോക്സൈഡ്, 2018-ൽ അത് 1727 ഗ്രാമായി. 2030-ൽ 3200 ഗ്രാമായും 2040-ൽ 4400 ഗ്രാമായും വർധിക്കും.
ഇതേരീതിയിൽ മറ്റു വാതകങ്ങളിലും വിനാശകരമായ വർധനയുണ്ടാകും. ഹൃദ്രോഗം, സ്ട്രോക്ക്, ശ്വാസകോശ രോഗങ്ങൾ, കാൻസർ തുടങ്ങിയ മാരക രോഗങ്ങൾ ഉണ്ടാകുന്നതിനുപിന്നിൽ വായു മലിനീകരണം പ്രധാന ഹേതുവായി നിൽക്കുന്നുവെന്ന് ലോകാരോഗ്യസംഘടനയുടെ പഠനം വ്യക്തമാക്കുന്നു.
രോഗവ്യാപനം പ്രതിരോധിക്കണം
ഭക്ഷണത്തേക്കാൾ മരുന്നിനു പണം ചെലവഴിക്കുന്നവരാണു ശരാശരി മലയാളികൾ എന്നതാണ് ഈയിടെ നടന്ന ചില നിരീക്ഷണങ്ങൾ സൂചന നല്കുന്നത്.
സമഗ്രവും സന്പൂർണവുമായ ആരോഗ്യസംരക്ഷണത്തിനു വലിയ ഒരാശുപത്രിയും മികച്ച ഡോക്ടർമാരും അടുത്തുണ്ടായാൽ മതിയെന്നാണു പലരുടെയും ചിന്ത.
ആശുപത്രിയുടെ വലുപ്പ ത്തിലും ചികിത്സാ സാമഗ്രികളുടെ ബാഹുല്യത്തിലും ഡോക്ടർമാരുടെ ബിദുദത്തിലും അമിതവിശ്വാസം പുലർത്തുന്ന നാം കാതലായ പല അടിസ്ഥാന തത്വങ്ങളും കാണാതെ പോകുന്നു.
ആരോഗ്യ പരിപാലനത്തിന്റെ വേരുകൾ ചികിത്സയിലല്ല, രോഗവ്യാപനത്തിന്റെ സമൂലമായ പ്രതിരോധത്തിലാണു തഴച്ചുവളരേണ്ടതെന്ന യാഥാർഥ്യം പലർക്കുമറിയില്ല.
പ്രത്യേകിച്ച് പരിശോധനയും ചികിത്സയും കൊണ്ട് പൊറുതിമുട്ടി ദാരിദ്ര്യത്തിലേക്ക് കൂപ്പുകുത്തിയ കുടുംബങ്ങളുടെ കഥകൾ കൂടി കേൾക്കുന്പോൾ അതിന്റെ പൊരുൾ കൂടുതൽ വ്യക്തമാകുന്നു.
പകർച്ചവ്യാധികൾ ഓർമിപ്പിക്കുന്നത്…
എത്രയൊക്കെ ചികിത്സ ലഭിച്ചാലും പല രോഗങ്ങളുടെയും സംഹാരതാണ്ഡവത്തിൽ നിന്ന് രക്ഷപ്രാപിക്കാൻ സാധ്യമല്ലെന്ന് ഈ അടുത്തകാലത്തുണ്ടായ പല പകർച്ചവ്യാധികളും നമ്മെ പഠിപ്പിച്ചു.
മനുഷ്യന്റെ ആരോഗ്യം അവൻ വസിക്കുന്ന മണ്ണിനോടും പരിസ്ഥിതിയോടും ചുറ്റുമുള്ള ജീവജാലങ്ങളോടും അഭേദ്യമായി ബന്ധപ്പെട്ടു കിടക്കുന്നുവെന്ന് പകർച്ചവ്യാധികൾ ഓർമിപ്പിക്കുന്നു.
പ്രകൃതിയെ മുറിവേൽപ്പിച്ചാൽ…
പ്രകൃതിയുടെയും പരിസ്ഥിതിയുടെയും അതിൽ വിരാജിക്കുന്ന മറ്റു ജീവജാലങ്ങളുടെയും ആരോഗ്യവും സന്തുലിതാവസ്ഥയും മനുഷ്യാരോഗ്യത്തെ നിർവചിക്കുന്നു.
അവയെ നശിപ്പിച്ചുകൊണ്ട് മനുഷ്യകുലത്തിന് അസ്തിത്വമില്ല. മലേഷ്യയിൽ കാടുകൾ നശിപ്പിച്ചപ്പോഴാണു വവ്വാലുകൾ കൂട്ടമായി ആഹാരം തേടി ജനവാസ കേന്ദ്രങ്ങളിലേക്കു കുടിയേറിയത്.
അങ്ങനെ നിപ്പ പടർന്നു. ചൈനയിലെ വുഹാനിൽ ഭക്ഷിക്കരുതെന്നു പ്രകൃതി നിശ്ചയിച്ചിരുന്ന ജീവികളെ കൊന്നുതിന്നപ്പോൾ കൊറോണ വൈറസ് മനുഷ്യരിൽ വ്യാപിച്ചു.
അപ്പോൾ ഏതൊരു പകർച്ചവ്യാധിയും വ്യാപിക്കുന്നതിനു കാരണമായി മനുഷ്യൻ പ്രകൃതിയിൽ ഏല്പിക്കുന്ന മുറിവുകളുടെ കഥകൾ എഴുതിച്ചേർക്കപ്പെടുന്നു.
(തുടരും)
വിവരങ്ങൾ: ഡോ. ജോർജ് തയ്യിൽ MD, FACC, FRCP
സീനിയർ കൺസൾട്ടന്റ് കാർഡിയോളജിസ്റ്റ്,
ലൂർദ് ആശുപത്രി, എറണാകുളം