
ചെറുതോണി: കോവിഡ് ബാധിച്ച് മരിച്ച പോലീസ് ഉദ്യോഗസ്ഥന് ജൻമനാട്ടിൽ കണ്ണീരിൽ കുതിർന്ന വിടനൽകി. ഇടുക്കി സ്പെഷൽ ബ്രാഞ്ച് എസ്ഐ തൊടുപുഴ പൂച്ചപ്ര സ്വദേശി വരന്പനാൽ വി.ടി. അജിതൻ (55) ആണ് കഴിഞ്ഞരാത്രി കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ മരണത്തിനു കീഴടങ്ങിയത്.
കോവിഡ് രോഗത്തിനുള്ള ചികിത്സയിലിരിക്കെയാണ് മരണം.
ഹൃദ്രോഗികൂടിയായ അജിതൻ കോവിഡ് ബാധയെതുടർന്ന് ഇടുക്കി മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു. കഴിഞ്ഞ ബുധനാഴ്ചയാണ് രോഗം മൂർഛിച്ചതിനെതുടർന്ന് കോട്ടയം മെഡിക്കൽ കോളേജാശുപത്രിലേക്ക് മാറ്റിയത്.
ചെറുതോണി ടൗണിൽ ബ്യൂട്ടിപാർലർ നടത്തുന്ന ഇദ്ദേഹത്തിന്റെ ഭാര്യ രമണിക്കും മക്കൾക്കും ഏതാനും ദിവസംമുന്പ് രോഗം സ്ഥിരീകരിച്ചിരുന്നു. ഇവരിൽനിന്നാണ് ഇദ്ദേഹത്തിന് രോഗബാധയുണ്ടായതെന്നാണ് നിഗമനം. മക്കളായ അക്ഷയ, അഫിൻ എന്നിവർ വിദ്യാർഥികളാണ്. രമണിയും മകനും രോഗമുക്തരായി. മകൾ ചികിത്സയിലാണ്.
കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് തൊടുപുഴ പൂച്ചപ്രയിലെ വീട്ടുവളപ്പിൽ ഇന്നലെ രാവിലെ 10-30-ന് അജിതന്റെ മൃതദേഹം ദഹിപ്പിച്ചു. ജില്ലാ പോലീസ് മേധാവി ഉൾപ്പെടെ മുതിർന്ന പോലീസ് ഉദ്യോഗസ്ഥർ ചടങ്ങുകളിൽ പങ്കെടുത്തു. കോവിഡ് ചികത്സയിലുള്ള മകളെ പിപിഇ കിറ്റ് ഉൾപ്പെടെ ധരിപ്പിച്ചാണ് മൃതദേഹ സംസ്കാര സ്ഥലത്ത് എത്തിച്ചത്. ഭാര്യക്കും മക്കൾക്കും അകലെനിന്ന് കാണാൻ മാത്രമെ അനുവാദമുണ്ടായിരുന്നുള്ളൂ.
ജില്ലാ ആസ്ഥാന മേഖല ഉൾപ്പെട്ട വാഴത്തോപ്പ് പഞ്ചായത്തിൽ ഇതിനോടകം 81 പേർക്കാണ് രോഗം ബാധിച്ചത്. ചെറുതോണിയിൽ മാത്രം 39 പേർക്ക് കരിന്പനിലെ ഹോട്ടലിൽ നിന്നുമുള്ള സന്പർക്കം വഴിയാണ് രോഗബാധയുണ്ടായത്.
തൊടുപുഴ പൂച്ചപ്ര സ്വദേശിയാണെങ്കിലും ജീവിതത്തിന്റെ നല്ലകാലമത്രയും ചെലവഴിച്ചത് ഇടുക്കിയിലെ മലയോരത്താണ്. അജിതൻ ജോലിയിൽ കർക്കശക്കാരനായിരുന്നെങ്കിലും ജനങ്ങളോട് അലിവുള്ളവനായിരുന്നുവെന്ന് സഹപ്രവർത്തകർ പറയുന്നു.
1990-ൽ ഇടുക്കി എആർ ക്യാന്പിലെത്തിയ ഇദ്ദേഹത്തിന്റെ ഒൗദ്യോഗിക ജീവിതം ഇടുക്കിയിൽ തന്നെയായിരുന്നു. ഇടുക്കിയിൽനിന്നും വിവാഹം കഴിച്ച് പൂർണ ഇടുക്കിക്കാരനായി മാറിയിരുന്നു. പൈനാവിൽ ക്വാർട്ടേഴ്സിലായിരുന്നു താമസം. 2018-ലെ പ്രളയകാലത്ത് രാപകലില്ലാതെ ജോലിചെയ്ത് ജനഹൃദയങ്ങളിൽ ഇടംപിടിച്ച മനുഷ്യ സ്നേഹികൂടിയായിരുന്നു അജിതൻ. വോളിബോൾ പ്രേമിയും നല്ല കളിക്കാരനുമായിരുന്നു.
ഇടുക്കി സ്റ്റേഷനിലും കഞ്ഞിക്കുഴിയിലും എസ്ഐ ആയി സേവനംചെയ്തു. കഞ്ഞിക്കുഴി സ്റ്റേഷനിൽ സബ് ഇൻസ്പെക്ടറായിരിക്കെ ഏതാനും നാളുകൾക്കുമുന്പാണ് ഇദ്ദേഹത്തെ വർക്കിംഗ് അറേജ്മെന്റിൽ ഇടുക്കി സ്പെഷൽ ബ്രാഞ്ച് എസ്ഐയായി നിയമിച്ചത്.
പൂച്ചപ്രയിലെ വീട്ടിൽ ഇദ്ദേഹത്തിന്റെ ഛായാചിത്രത്തിനുമുന്നിൽ ജില്ലാ പോലീസ് മേധാവി ആർ. കറുപ്പുസ്വാമി ഉൾപ്പെടെയുള്ള സഹപ്രവർത്തകർ ഒൗദ്യോഗികമായി യാത്രയയപ്പ് നൽകി.
കോവിഡ് ബാധിച്ച് മരിക്കുന്ന സംസ്ഥാനത്തെ ആദ്യ പോലീസ് ഉദ്യോഗസ്ഥനാണ് അജിതൻ.
കോവിഡ് നിയന്ത്രണങ്ങളുണ്ടായിരുന്നതിനാൽ ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും സഹപ്രവർത്തകർക്കും സംസ്കാരചടങ്ങിൽ പങ്കെടുക്കാനായില്ല.