തളിപ്പറമ്പ്: തളിപ്പറമ്പ് താലൂക്ക് ഹെഡ്ക്വാര്‍ട്ടേഴ്സ് ആശുപത്രിയിലെ പ്രവര്‍ത്തനരഹിതമായ ബയോമെഡിക്കല്‍ ഉപകരണങ്ങളും ആശുപത്രിയിലെ മറ്റ് ഉപകരണങ്ങളും ഫര്‍ണിച്ചറുകളും പയ്യന്നൂര്‍ വനിതാ പോളിടെക്നിക് കോളജിലെ നാഷണല്‍ സര്‍വീസ് സ്കീം യൂണിറ്റുകളുടെ നേതൃത്വത്തില്‍ അറ്റകുറ്റപ്പണി നടത്തി നവീകരിച്ചു. ആശുപത്രിയിലെ ലക്ഷക്കണക്കിന് രൂപയുടെ ഉപകരണങ്ങളാണ് വിദ്യാർഥിനികളുടെ ഇടപെടലിലൂടെ പ്രവര്‍ത്തനക്ഷമമായത്.
സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന നാഷണല്‍ സര്‍വീസ് സ്കീം ടെക്നിക്കല്‍ സെല്‍ സംസ്ഥാന വ്യാപകമായി സര്‍ക്കാര്‍ ആശുപത്രികളില്‍ നടപ്പിലാക്കുന്ന പുനര്‍ജനി പദ്ധതിയുടെ ഭാഗമായിട്ടാണ് സെപ്റ്റംബർ 29 മുതല്‍ ഒക്ടോബര്‍ രണ്ട് വരെ നാല് ദിവസങ്ങളിലായി ക്യാമ്പ് സംഘടിപ്പിച്ചത്. 28 ലക്ഷം രൂപയുടെ ആസ്തികളാണ് അറ്റകുറ്റപ്പണി ചെയ്തത്.
ചെറിയ കേടുപാടുകള്‍ സംഭവിച്ച ഉപകരണങ്ങളെല്ലാം മാറ്റിവച്ച നിലയിലായിരുന്നു. സംസ്ഥാനതലത്തില്‍ പരിശീലനം ലഭിച്ച നൂറോളം വിദ്യാര്‍ഥികളാണ് അറ്റകുറ്റപ്പണിക്ക് നേതൃത്വം നല്‍കിയത്. എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍മാരായ എം.അനീഷ്കുമാര്‍ , എ.വി.സലിന് എന്നിവര്‍ മേല്‍നോട്ടം വഹിച്ചു.