പത്തനംതിട്ട: കോവിഡ് രണ്ടാം തരംഗത്തോടെ തകർന്നടിയുകയാണ് സ്വകാര്യബസ് മേഖല. നൂറുകണക്കിനു തൊഴിലാളികളും അവരുടെ കുടുംബാംഗങ്ങളും പട്ടിണിയിലായി. വായ്പയും നികുതികളും അടയ്ക്കാൻ നിർവാഹമില്ലാതെ ഉടമകളും.
2020 മാർച്ചിൽ ആരംഭിച്ചതാണ് ഈ ഗതികേട്. ഇതേവരെ കരകയറാനായിട്ടില്ല. അൽപം യാത്രക്കാരെയൊക്കെ കിട്ടി ഒന്നു പച്ചപിടിച്ച് വന്നപ്പോഴാണ് കോവിഡ് രണ്ടാം തരംഗം നാടാകെ പടർന്നത്.
സാധാരണക്കാർ ഏറെ ആശ്രയിക്കുന്ന സ്വകാര്യ ബസ് സർവീസ് കോവിഡ് രണ്ടാം തരംഗത്തോടെ പൂർണ തകർച്ചയിലെത്തി.
ഇനി ലോക്ഡൗണ് കഴിഞ്ഞാലും സ്വകാര്യബസ് വ്യവസായ മേഖലയ്ക്ക് ഒരു തിരിച്ചുവരവ് സാധ്യമോയെന്ന ആശങ്ക ഉണ്ട്. ഒന്നാംതരംഗം കഴിഞ്ഞതോടെ ഈ മേഖലയിൽ നിന്നും നിരവധിപേർ പടിയിറങ്ങി. പല ബസുകളും ഒരുവർഷത്തിലേറെയായി ഒരേ കിടപ്പിലാണ്.
കോവിഡ് പ്രതിസന്ധിയിൽ സ്വകാര്യ ബസ് ജീവനക്കാരുടെ നട്ടെല്ല് ഒടിഞ്ഞിരിക്കേുന്പാഴാണ് ഇപ്പോൾ ഇന്ധന വില വർധന. ഡീസൽ വില നൂറിലേക്കടക്കുന്പോൾ ഉടമകളുടെ ചങ്ക് പിടയുകയാണ്.
2020ൽ മുന്നുമാസത്തോളമാണ് നിരത്തുകളിൽ നിന്നു വിട്ടുനിൽക്കേണ്ടിവന്നത്. പിന്നീട് ബസുകൾ ഓടിത്തുടങ്ങിയെങ്കിലും യാത്രക്കാർ കുറവായിുരുന്നു. പലരും റൂട്ട് ഉപേക്ഷിച്ചു.
പല ഉടമകളും ജി ഫോം നൽകി ബസ് കയറ്റിയിട്ടു. ഇത്തരത്തിൽ ഓടാതെ കിടന്ന ബസുകൾ നശിച്ചു. ടയറുകളും സ്പെയർ പാർട്സുകളും നഷ്ടപ്പെട്ടു.
ഇനി നിരത്തിലിറക്കണമെങ്കിൽ നല്ല ഒരു തുക വേണം. പല ബസുകളും കിടന്ന സ്ഥലത്തുതന്നെ കിടന്ന് നശിക്കുകയാണ്. 30 ശതമാനം ബസുകൾ ഇത്തരത്തിൽ സർവീസുകൾ അവസാനിപ്പിച്ചിട്ടുള്ളതായി പറയുന്നു.
തൊഴിലാളി കുടുംബങ്ങൾ പട്ടിണിയിൽ
തൊഴിലാളികളുടെ കുടുംബങ്ങൾ മുഴുപട്ടിണിയിലാണ്. മറ്റ് പണികൾക്കും പോകാൻ പറ്റാത്ത അവസ്ഥ. ജില്ലയിൽ സ്വകാര്യബസുകളിൽ ജോലി ചെയ്യുന്ന 12,800ഓളം തൊഴിലാളികളാണുള്ളത്.
ബസുകൾ ഒന്നുപോലും ഓടാത്തതിനാൽ ഇവർ പൂർണമായും തൊഴിൽ രഹിതരാണ്. സർക്കാരും സാമൂഹ്യസംഘടനകളും എത്തിക്കുന്ന ഭക്ഷ്യക്കിറ്റുകളിലാണ് പല കുടുംബങ്ങളുടെയും ആശ്രയം.
ബസുടമകളുടെ ഭാഗത്തുനിന്നും സഹായം ലഭിച്ചു. പക്ഷേ അവരും കഷ്ടത്തിലായതോടെ അതും നിലച്ചു.
സ്വകാര്യ ബസ് ജീവനക്കാരിൽ ഭൂരിഭാഗവും യുവാക്കളാണ്. പലരുടെയും പ്രായംചെന്ന മാതാപിതാക്കളുടെ ചികിത്സ പോലും മുടങ്ങിയ നിലയിലാണ്.
സൗജന്യ റേഷനും കിറ്റും ലഭിക്കുന്നതിനാലാണ് പട്ടിണി കൂടാതെ കഴിയുന്നതെന്ന് തൊഴിലാളികൾ പറയുന്നു. ബസ് ഓടിയില്ലെങ്കിലും ഉടമകൾ തൊഴിലാളികൾക്ക് വേതനം നൽകണമെന്നാണ് വ്യവസ്ഥ. അതിനുള്ള ശേഷി ബസുടമകളിൽ ഒരു ശതമാനത്തിനുപോലുമില്ല.
ബസ് വ്യവസായം ഉപേക്ഷിച്ച് ഉടമകൾ
ഉടമകളിൽ നല്ലൊരു പങ്കിനും വലിയ തുക വായ്പയായുണ്ട്. ബസുകൾ വാങ്ങാനായി ധനകാര്യ സ്ഥാപനങ്ങളിൽ നിന്നും ബാങ്കുകളിൽ നിന്നും എടുത്തിട്ടുള്ള വായ്പകളുടെ തിരിച്ചടവ് മുടങ്ങി.
ഇതോടെ ബാങ്കുകളിൽ നിന്നും ജപ്തി ഭീഷണി അടക്കം നേരിടുന്നു. വായ്പ എടുത്താണ് ബസ് വാങ്ങിയത്.
ഇത്രത്തോളം പ്രതിസന്ധിയിലായിട്ടും സർക്കാരിൽ നിന്നും നികുതിയിളവ് പോലും ലഭിക്കുന്നില്ലെന്ന് ബസ് ഉടമകൾ പരാതിപ്പെടുന്നു.
ക്ഷേമനിധിയിൽ ഉടമകളുടെയും തൊഴിലാളികളുടെയും വിഹിതം അടയ്ക്കുന്നതിനും സാവകാശം അനുവദിച്ചിട്ടില്ല. ഓരോ ബസ് ഉടമകൾക്കും നികുതി ഇനത്തിൽ വലിയ തുകയാണ് അടയ്ക്കാനുള്ളത്.
നേരത്തെ കെഎസ്ആർടിസിക്ക് നികുതി ഒഴിവാക്കികൊടുത്തു. ബാങ്കുകളുടെ ഭീഷണിയാണ് മറ്റൊന്ന്. വായ്പാ കുടിശികയുടെ പേരിൽ പലരും കരിന്പട്ടികയിലായി.
ക്ഷേമനിധിയിൽ 20,000 രൂപയും ഇൻഷ്വറൻസ് ഇനത്തിൽ 80,000 രുപ വരെയും അടയ്ക്കേണ്ടി വരുന്നു. ഇതിനൊക്കെ തുക എവിടെ നിന്ന് കണ്ടെത്തുമെന്നറിയാതെ ബസ് ഉടമകൾ വലയുകയാണ്.
നികുതി ഒഴിവാക്കിയും ഡീസൽ സബ്സിഡി അനുവദിച്ചും സ്വകാര്യ ബസ് സർവീസിനെ സഹായിക്കാൻ സർക്കാർ തയാറാകണമെന്ന് നിരവധി നിവേദനങ്ങൾ നൽകിയിട്ടും ഫലം ഉണ്ടായില്ലെന്ന് കേരള സ്റ്റേറ്റ്പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷൻ കേന്ദ്ര കമ്മിറ്റി അംഗം ലാലു മാത്യൂ പറഞ്ഞു.
വർഷങ്ങളായി ക്ഷേമനിധിയിൽബസ് ഉടമകളും തൊഴിലാളികളും വിഹിതം അടയ്ക്കുന്നതാണ്. എന്നാൽ ക്ഷേമ നിധിയിൽ നിന്നും പലിശ രഹിത വായ്പ പോലും അനുവദിക്കാൻ തയാറാകുന്നില്ലെന്ന് ലാലു മാത്യു ചൂണ്ടിക്കാട്ടി.