പൊൻകുന്നം: നാട്ടിലേക്ക് ഇപ്പോൾ വരേണ്ട, കേരളത്തിൽത്തന്നെ തുടരുക, കേരളമാണ് സുരക്ഷിതം… ബംഗാളിൽനിന്നു കേരളത്തിൽ എത്തിയ ഇതരസംസ്ഥാന തൊഴിലാളികളുടെ കുടുംബങ്ങളിൽനിന്നുള്ള വാക്കുകളാണിവ.
അപ്രതീക്ഷിതമായി രാജ്യം അടച്ചിട്ടപ്പോൾ അന്യദേശത്ത് അകപ്പെട്ട് പോയോ എന്ന ആവലാതിയിൽ വീട്ടുകാരെ വിളിക്കുന്പോൾ കേരളത്തെക്കുറിച്ച് ലഭിക്കുന്നത് പ്രത്യാശാവഹമായ സന്ദേശങ്ങൾ.
സ്വന്തം നാട്ടിൽ ലഭിക്കുന്ന സേവനങ്ങളേക്കാൾ എത്രയോ ഉപരിയാണ് ഇവിടെ ലഭിക്കുന്നതെന്ന് മുഴുവൻ തൊഴിലാളികളും ഒരേസ്വരത്തിൽ പറയുന്നു.
അതിഥി തൊഴിലാളികൾക്കായി എലിക്കുളത്ത് അഭയം പാലിയേറ്റീവ് യൂണിറ്റിന്റെയും ഇളങ്ങുളം സർവീസ് സഹകരണ ബാങ്കിന്റെയും നേതൃത്വത്തിൽ നടക്കുന്ന സമൂഹ അടുക്കള ഇതിന് ഉദാഹരണം. ദിനവും 50ൽപ്പരം ഭക്ഷണ പൊതികളാണു തയാറാക്കുന്നത്. തനത് ശൈലിയിൽ തൊഴിലാളികൾ തന്നെയാണ് അവർക്കു വേണ്ട പാചകം.
ഓരോ ദിവസവും മൂന്നു പേർ വീതം ഭക്ഷണം പാകം ചെയ്യാൻ എത്തുന്നു. സമൂഹ അടുക്കളയിൽ ഭക്ഷണം പാകം ചെയ്യാൻ എത്തിയ ആനന്ദ ഫുൽമാലിയാണ് നാട്ടിൽനിന്ന് ലഭിക്കുന്ന വിവരങ്ങൾ പറഞ്ഞത്. ബംഗാൾ സിഐടിയു ഘടകവുമായി ബന്ധപ്പെട്ട് കൂരാലിയിൽ സമൂഹ അടുക്കള തുടങ്ങുന്നതിനു കാരണമായതും ഫുൽമാലിയാണ്.
രാജ്യത്തിനു പൂട്ട് വീണപ്പോൾ എന്തു ചെയ്യണം എന്നറിയാൻ വേണ്ടി ബംഗാളിലേക്കു വിളിക്കുകയായിരുന്നു സിപിഎം ജാംവാർ ലോക്കൽ കമ്മിറ്റിയംഗം കൂടിയായ ഫുൽമാലി.
പാർട്ടി തലത്തിൽ ബന്ധപ്പെട്ടതോടെ സംഭവമറിഞ്ഞ അഭയം പ്രവർത്തകർ നേരിട്ടെത്തി സഹായം വാഗ്ദാനം ചെയ്തു. അടുത്തദിവസം മുതൽ ഭക്ഷണവും നൽകി തുടങ്ങി.
ബംഗാളിലെ മുർഷിദാബാദ് ജാംവാറിൽ കേബിൾ ടിവി യൂണിറ്റ് നടത്തിയിരുന്നയാളാണ് ആനന്ദ ഫുൽമാലി. ചാനലുകൾക്ക് ചാർജ് കൂട്ടിയതോടെ ജോലി മതിയാക്കേണ്ടി വന്നു.
കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ജാംവാർ പഞ്ചായത്തിൽ മത്സരിക്കേണ്ട സിപിഎം സ്ഥാനാർഥിയായിരുന്നു ഫുൽ മാലി. നോമിനേഷൻ കൊടുക്കാൻ എത്തിയ പ്രവർത്തകർക്കുനേരേ എതിർവിഭാഗം പ്രവർത്തകർ ബോംബ് എറിഞ്ഞു.
ബോംബേറിൽ നിരവധിയാളുകൾക്ക് സാരമായി പരിക്കേറ്റിരുന്നു. ബോംബ് പൊട്ടി ഫുൽമാലിയുടെ കാലിനും പരിക്കേറ്റിരുന്നു. സംസ്ഥാന ഗവണ്മെന്റിന്റെ പ്രവർത്തനങ്ങൾ കാണുന്പോൾ സന്തോഷമാണ് ഉണ്ടാകുന്നതെന്നും ആനന്ദ ഫുൽമാലി പറഞ്ഞു.