വൈക്കം: വളർത്തുമത്സ്യങ്ങള്‍ കൂട്ടത്തോടെ ചത്തുപൊങ്ങി. അയല്‍വാസി കുളത്തില്‍ വിഷം കലക്കിയതാണെന്ന സംശയത്തില്‍ കര്ഷകന് പോലീസില്‍ പരാതി നല്കി. വൈക്കം വടക്കേമുറി നെടിയാഴത്ത് ബി. ജയശങ്കറിന്റെ കുളത്തിലെ കരിമീന്‍ മത്സ്യങ്ങളാണ് ചത്തുപൊങ്ങിയത്. പശുക്കളെയും പക്ഷികളെയും വളര്‍ത്തിയാണ് ജയശങ്കര്‍ ഉപജീവനം നടത്തുന്നത്. കന്നുകാലികള്‍ക്കും പക്ഷികള്‍ക്കും കുടിക്കാൻ ഈ കുളത്തിലെ വെള്ളമാണു നല്‍കുന്നത്.
മത്സ്യങ്ങള്‍ ചത്തതിനെത്തുടര്‍ന്ന് സംശയം തോന്നിയതിനാല്‍ പശുക്കള്‍ക്കും പക്ഷികള്‍ക്കും കുളത്തിലെ വെള്ളം നല്‍കിയില്ല. മത്സ്യങ്ങള്‍ ഇല്ലാതിരുന്നെങ്കില്‍ വിഷം കലര്‍ന്ന വെള്ളം കുടിച്ച് പശുക്കളും പക്ഷികളും ചത്ത് തന്റെ ജീവിതം വഴിമുട്ടുമായിരുന്നെന്ന് ജയശങ്കര്‍ പറഞ്ഞു.
പ്രദേശത്ത് ഗതാഗതയോഗ്യമായ വഴിയില്ലാതിരുന്നതിനാല്‍ തന്റെ 13 സെന്റ് സ്ഥലം കൂടി വിട്ടു നല്‍കിയാണ് വഴി തീര്‍ത്തത്. തന്റെ പുരയിടത്തിലേക്ക് ടിപ്പര്‍ ലോറിയില്‍ പൂഴി കൊണ്ടുവന്നപ്പോള്‍ വഴിയോരത്ത് താമസിക്കുന്ന അയല്‍വാസിയുടെ പത്തലുകള്‍ ലോറി തട്ടി ചാഞ്ഞിരുന്നു.
ഇതേ തുടര്‍ന്ന് അയല്‍വാസി തന്നെയും കുടുംബത്തെയും അസഭ്യം പറഞ്ഞിരുന്നു. പിറ്റേന്നാണ് കുളത്തിലെ മത്സ്യങ്ങള്‍ കൂട്ടത്തോടെ ചത്തുപൊങ്ങിയതായി കണ്ടത്. വാഹനം തട്ടി വഴിയിലെ പത്തല് ചാഞ്ഞതിന്റെ വിരോധത്തിലാണ് അയല്ക്കാരന് കുളത്തില്‍ വിഷം കലക്കിയതെന്ന് സംശയിക്കുന്നതായി ജയശങ്കര്‍ വൈക്കം പോലീസില്‍ നല്കിയ പരാതിയില്‍ പറയുന്നു.