പരവൂർ : കുളത്തിൽ വീണ് ആഴങ്ങളിലേയ്ക്ക് മുങ്ങി താഴ്ന്ന യുവതിക്ക് രക്ഷകനായി പത്താം ക്ലാസുകാരനായ അക്ഷയ് ചന്ദ്രൻ.
ഈ പത്താം ക്ലാസ് വിദ്യാർഥിയുടെ ധീരതയും സമയോചിതമായ ഇടപെടലും കൊണ്ട് മരണത്തിന്റെ ആഴങ്ങളിലേയ്ക്ക് മുങ്ങി കൊണ്ടിരുന്ന യുവതിയ്ക്ക് കിട്ടിയത് പുതുജന്മം.
ഞായറാഴ്ച വൈകിട്ട് നാലരയോടെയാണ് സംഭവം. നെടുങ്ങോലം പാറയിൽ കാവ് കുളത്തിന് സമീപം യുവതി ബോധരഹിതയായി വീഴുകയായിരുന്നു. കുളത്തിൽ വീണ യുവതി മുങ്ങിത്താഴുന്നത് കണ്ട് അക്ഷയ് കുളത്തിലേയ്ക്ക് ചാടി.
യുവതിയെ കരയിലേക്ക് വലിച്ചു കയറ്റി. തുടർന്ന് പ്രാഥമിക ശുശ്രൂഷ നൽകി. പിന്നീട് പരിസരവാസികളുടെ നേതൃത്വത്തിൽ 21 കാരിയായ യുവതിയെ പാരിപ്പള്ളി ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
നെടുങ്ങോലം പാറയിൽ കാവ് ക്ഷേത്രത്തിന് സമീപം ശിവപുരിയിൽ സന്തോഷ് കുമാറിന്റെയും മഞ്ചു സന്തോഷിന്റെയും മകനായ അക്ഷയ് ചന്ദ്രൻ നെടുങ്ങോലം ഗവ.ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥിയാണ്.