വൈപ്പിന്‍: ശ്രീലങ്കയില്‍നിന്നും കടല്‍മാര്‍ഗം രണ്ട് സംഘങ്ങളായി തമിഴ്നാട്ടിലെത്തി കൊച്ചി വഴി പാകിസ്ഥാനിലേക്ക് മനുഷ്യക്കടത്ത് നടന്നേക്കാമെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിൽ കൊച്ചി തീരിത്ത് നടത്തിയ പരിശോധനയിൽ ബോട്ട് പിടികൂടി.
ഫോര്‍ട്ട് കൊച്ചി കോസ്റ്റല്‍ പോലീസാണ് പോണ്ടിച്ചേരി രജിസ്ട്രേഷന് ഉള്ള മേരി മേഴ്സി എന്ന ബോട്ട് പിടികൂടിയത്. ബോട്ടില്‍ ഏഴ് മലയാളികളും ആറ് തമിഴ്നാട്ടുകാരുമാണ് ഉണ്ടായിരുന്നത്.കഴിഞ്ഞ നാലു ദിവസമായി ശ്രീലങ്കന്ബോട്ടുകളെ പിടികൂടാന്‍ തീരത്ത് വലവിരിച്ചു കാത്തിരിക്കുകയായിരുന്നു കോസ്റ്റല്‍ പോലീസ്.
ഇതിനിടെ ഇന്നലെ രാവിലെ സംശയാസ്പദമായി ഒരു ബോട്ട് കൊച്ചി ലക്ഷ്യമാക്കി വരുന്നുണ്ടെന്ന് കോസ്റ്റല്‍ പോലീസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ബി. സുനുകുമാറിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ സബ് ഇന്‍സ്പെക്ടര്‍ ജോര്‍ജ് ലാലിന്റെ നേതൃത്വത്തിലുള്ള സംഘം നടത്തിയ പട്രോളിംഗിലാണ് ബോട്ട് കസ്റ്റഡിയിലെടുത്തത്.
അന്യസംസ്ഥാന യാനങ്ങള്‍ സംസ്ഥാനത്തിന്റെ പരിധിയായ 12 നോട്ടിക്കല്‍ മൈലിനകത്ത് പ്രവേശിക്കണമെങ്കില്‍ സ്പെഷല്‍ പെര്‍മിറ്റ് വേണമെന്നുണ്ട്. എന്നാല്‍ ബോട്ടിനു ഈ പെര്‍മിറ്റോ മറ്റ് രേഖകളോ ഉണ്ടായിരുന്നില്ല. ഇതേ തുടര്‍ന്ന് നടപടികള്‍ക്കായി കോസ്റ്റല്‍ പോലീസ് ബോട്ട് മറൈന്‍ എന്‍ഫോഴ്സ്മെന്റിനു കൈമാറി.
ഇതിനിടെ ഉടമയെത്തി പെര്‍മിറ്റ് ഉണ്ടെന്നും കോവിഡിന്റെ പാശ്ചാത്തലത്തില്‍ പുതുക്കാന്‍ പറ്റാതിരുന്നതാണെന്നും അറിയിച്ച് രേഖകള്‍ കാണിച്ചു. ഇതിനുശേഷം ഉടമ 25000 രൂപ അടച്ച് സ്പെഷല്‍ പെര്‍മിറ്റ് പുതുക്കിയതിനെ തുടര്‍ന്ന് ബോട്ട് വിട്ടുകൊടുത്തതായി വൈപ്പിന്‍ ഫിഷറീസ് സ്റ്റേഷന് അസി. ഡയറക്ടര്‍ അറിയിച്ചു.