ആലപ്പുഴ: കാർത്തികപ്പള്ളി പല്ലന ഭാഗത്തുനിന്ന് 210 കുപ്പി പോണ്ടിച്ചേരി നിർമിത മദ്യവുമായി രണ്ടു പേർ പിടിയിൽ. കാർത്തികപ്പള്ളി എക്സൈസ് റേഞ്ച് സംഘവും ആലപ്പുഴ എക്സൈസ് ഇന്റലിജൻസ് സംഘവും സംയുക്തമായി വ്യാഴാഴ്ച അർധരാത്രിയിൽ നടത്തിയ പരിശോധനയിലാണ് മദ്യം പിടികൂടിയത്.
ക്രിസ്മസ്- ന്യൂ ഇയർ പ്രമാണിച്ച് വൻതോതിൽ പോണ്ടിച്ചേരി നിർമിത മദ്യം സ്റ്റോക്ക് ചെയ്ത് വിൽപ്പന നടത്തുന്നുവെന്ന് ആലപ്പുഴ എക്സൈസ് ഇന്റലിജൻസ് ബ്യൂറോയ്ക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് റെയ്ഡ് നടന്നത്.
തോട്ടപ്പള്ളി പൂത്തോപ്പിൽ വീട്ടിൽ അഖിൽ (33 ), തോട്ടപ്പള്ളി പുത്തൻ പറമ്പിൽ വീട്ടിൽ രാകേഷ് (29) എന്നിവരെ അറസ്റ്റ് ചെയ്തു.ഇവർക്കൊപ്പമുണ്ടായിരുന്ന പുറക്കാട് തോട്ടപ്പള്ളി പൂത്തോപ്പിൽ വീട്ടിൽ പ്രവീൺ (37) എക്സൈസ് സംഘത്തെ കണ്ട് ഓടിപ്പോയതിനാൽ അറസ്റ്റ് ചെയ്യാനായില്ല.
ഇയാൾ നേരത്തെയും ഇത്തരം കേസിൽ പ്രതിയാണ്. ഇവരിൽനിന്നും പോണ്ടിച്ചേരിയിൽ മാത്രം വിൽക്കാൻ അനുവാദമുള്ള 210 കുപ്പികളായി സൂക്ഷിച്ചിരുന്ന 105 ലിറ്റർ മദ്യമാണ് പിടികൂടിയത്. പ്രവീണാണ് പോണ്ടിച്ചേരിയിൽനിന്ന് കേരളത്തിലേക്കു മദ്യം എത്തിക്കുന്നതെന്നാണ് വിവരം.
എക്സൈസ് ഇൻസ്പെക്ടർമാരായ എസ്. രാധാകൃഷ്ണൻ, ഫെമിൻ, പ്രിവന്റീവ് ഓഫീസർമാരായ റോയ് ജേക്കബ്, ജി. ഗോപകുമാർ, ജി. അലക്സാണ്ടർ, അബ്ദുൽ ഷുക്കൂർ, സിവിൽ എക്സൈസ് ഓഫീസർമാരായ എച്ച്. മുസ്തഫ, ജി. ജയകൃഷ്ണൻ, വനിത സിവിൽ എക്സൈസ് ഓഫീസർ സംഘമിത്ര, ഡ്രൈവർ റിയാസ് എന്നിവർ പങ്കെടുത്തു.