കുമരകം: പൊങ്ങലക്കരി കോളനി നിവാസികൾ സമരമുഖത്തേക്ക്. വാഹനഗതാഗത യോഗ്യമായ പാലം നിർമിക്കണമെന്ന് ആവശ്യപ്പെട്ടാണ് കോളനി നിവാസികളുടെ സമരം. സമരപരിപാടിയുടെ ആദ്യഘട്ടമായി 18നു കുമരകം പഞ്ചായത്ത് ഓഫീസിലേക്ക് ബഹുജന മാർച്ച് നടത്തും.
പൊങ്ങലക്കരി പ്രദേശത്തേക്ക് വാഹന ഗതാഗതയോഗ്യമായ പാലം ഇല്ലാത്തതുമൂലം പതിറ്റാണ്ടുകളായി പ്രദേശവാസികൾ ദുരിതത്തിലാണ്. മെത്രാൻകായൽ കൊയ്ത്ത് ഉത്സവവുമായി ബന്ധപ്പെട്ട് മന്ത്രി തോമസ് ഐസക് കരിയിൽ പ്രദേശത്ത് വന്നപ്പോൾ കോളനി നിവാസികൾ കൂട്ടമായി എത്തി പാലം ഇല്ലാത്തതുമൂലമുള്ള ദുരവസ്ഥ ബോധ്യപ്പെടുത്തുകയും തുടർന്നു പാലം നിർമാണത്തിനുള്ള പ്രാരംഭ നടപടികൾക്ക് നിർദേശം നൽകുകയും ചെയ്തു.
എന്നാൽ മണ്ണു പരിശോധന മാത്രമാണ് നടന്നത്. നടപ്പാത ഉൾപ്പെടെ എട്ടു മീറ്റർ വീതിയിൽ റോഡ് നിർമിക്കാനായിരുന്നു പദ്ധതി. സ്ഥലം ഏറ്റെടുക്കുന്നതിന് മാത്രം മൂന്നു കോടി രൂപയാണ് എസ്റ്റിമേറ്റിൽ വകകൊള്ളിച്ചിരിക്കുന്നത്. ഇത്രയും വലിയ പാലം പൊങ്ങലക്കരി പ്രദേശത്തിന് യോജിച്ചതല്ലെന്നാണ് നാട്ടുകാരുടെ നിലപാട്. ഭൂപ്രദേശത്തിന് അനുയോജ്യമായ രീതിയിലുള്ള പാലം അടിയന്തരമായി നിർമിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
പൊങ്ങലക്കരി തോടിന് 26 മീറ്റർ വീതിയുണ്ട്. 150 കുടുംബങ്ങളാണ് ഈ കോളനിയിൽ താമസിക്കുന്നത്. മെത്രാൻകായൽ ഉൾപ്പടെയുള്ള പാടശേഖരത്തേക്ക് പോകുന്നതിനുള്ള മാർഗവും ഇതാണ്. നിലവിലുള്ള നടപ്പാലം കാലപ്പഴക്കം മൂലം തകിട് ദ്രവിച്ച് കാൽനടയാത്രയ്ക്കു പോലും യോഗ്യമല്ല.
വള്ളത്തിലാണ് രോഗികൾ ഉൾപ്പെടെ ഉള്ളവരെ കോളനിയിൽനിന്നും പുറത്തേക്ക് എത്തിക്കുന്നത്. വർഷങ്ങളായുള്ള പ്രദേശവാസികളുടെ ദുരവസ്ഥക്ക് ശാശ്വത പരിഹാരം ഉണ്ടാകുന്നതുവരെ സമര പരിപാടികൾ നടത്താനാണ് നാട്ടുകാരുടെ തീരുമാനം.