തിരുവനന്തപുരം: ശാന്തി സമിതി യുടെ ആഭിമുഖ്യത്തിൽ മൂന്നാം തവണയും പാളയം സെന്റ് ജോസഫ് മെട്രോപൊളിറ്റൻ കത്തീഡ്രൽ അങ്കണത്തിൽ ആറ്റുകാൽ പൊങ്കാലയോട് അനുബന്ധിച്ചു വിശ്വാസികൾക്ക് സംഭാരവിതരണം സംഘടിപ്പിച്ചു. ശാന്തി സമിതി രക്ഷാധികാരികളായ തിരുവനന്തപുരം അതിരൂപത ആർച്ച് ബിഷപ് ഡോ. എം. സൂസപാക്യം, പാളയം ഇമാം വി.പി. ഷുഹൈബ് മൗലവി, ശാന്തി സമിതി ചെയർപേഴ്സൺ സുഗതകുമാരി എന്നിവർ ചേർന്ന് ആണ് ഭക്ത ജനങ്ങൾക്ക് സംഭാരം നൽകിയത്.
പൊങ്കാലക്കെത്തുന്നവർക്കായി ശാന്തി സമിതിയുടെ ആഭിമുഖ്യത്തിൽ നടത്തുന്ന സംഭാരവിതരണം മാതൃകപരമാണെന്നും എല്ലാവരുടെ വിശ്വാസങ്ങളും ആദരിക്കപ്പെടേണ്ടവ ആണെന്നും ആർച് ബിഷപ് സൂസപാക്യം വ്യക്തമാക്കി.
ശാന്തിസമിതി വൈസ് ചെയർമാനും സെന്റ് ജോസഫ് കത്തീഡ്രൽ ഇടവക വികാരിയുമായ ഫാ. ജോർജ് ജെ. ഗോമസ്, ശാന്തി സമിതി സെക്രട്ടറി ജെ.എം.റഹിം, കൺവീനർ ആർ. നാരായണൻ തമ്പി, പാളയം ഇടവക സെക്രട്ടറി ഓസ്കാർ ലോപ്പസ്, മദ്യനിരോധന സമിതി നേതാവ് ആർ. രഘു തുടങ്ങിയവർ സംഭാരവിതരണത്തിന് നേതൃത്വം നൽകി. അഞ്ഞൂറ് ലിറ്റർ തൈര് ഉപയോഗിച്ച് പതിനായിരത്തോളം പേർക്ക് സംഭാരം വിതരണം ചെയ്തു. വിഷവിമുക്തമായ ഇഞ്ചി, പച്ചമുളക്, കറിവേപ്പില, മല്ലിയില എന്നിവ അരച്ച് ചേർത്താണ് സംഭാരം തയ്യാറാക്കിയത്. ഗ്രീൻ പ്രോട്ടോകോൾ പാലിക്കാനായി സ്റ്റീൽ കപ്പിലും സ്റ്റീൽ പാത്രങ്ങളിലും ആണ് സംഭാരം വിശ്വാസികൾക്ക് നൽകിയത്.