വൈ.എസ്. ജയകുമാർ
തിരുവനന്തപുരം: തലസ്ഥാന നഗരത്തെ വലിയ പൊങ്കാലക്കളമാക്കി ലക്ഷക്കണക്കിനു സ്ത്രീകൾ ആറ്റുകാൽ ഭഗവതിക്ക് പൊങ്കാലയിട്ടു. കത്തിജ്വലിച്ച കുംഭവെയിലും പൊങ്കാല അടുപ്പിലെ തീയും പുകയും ചൂടും മറന്ന് ഭക്തർ പൊങ്കാലയൊരുക്കി.ആറ്റുകാൽ ക്ഷേത്രാങ്കണം, ചുറ്റുപാടിലെ വീടുകൾ, പറന്പുകൾ,ഇടവഴികൾ എന്നിവിടങ്ങളും റോഡരികും പൊങ്കാലക്കളങ്ങളായി മാറി.
ക്ഷേത്രത്തിലെ പണ്ടാര അടുപ്പിൽ തീപകർന്നതോടെയാണ് നഗരത്തിലെ പൊങ്കാല അടുപ്പുകളിലേക്ക് തീപകർന്നത്. ക്ഷേത്രനടയിലെ പാട്ടുപുരയിൽ ചിലപ്പതികാരത്തിലെ കണ്ണകീ ചരിതം തോറ്റം പാട്ടുകാർ പാടുകയായിരുന്നു. പാണ്ഡ്യ രാജാവിനെ കണ്ണകി വധിച്ച ഭാഗം പാടി തീർത്തതോടെ തന്ത്രി പുണ്യാഹം തളിച്ചു. തുടർന്ന് ക്ഷേത്ര തന്ത്രി തെക്കേടത്ത് കുഴിക്കാട്ട് പരമേശ്വരൻ വാസുദേവൻ ഭട്ടതിരിപ്പാട് ശ്രീകോവിലിൽ നിന്ന്് ദീപം പകർന്ന് മേൽശാന്തി എൻ. വിഷ്ണു നന്പൂതിരിക്ക് കൈമാറി.
അദ്ദേഹം വലിയ തിടപ്പള്ളിയിൽ തീപകർന്നശേഷം സഹ മേൽശാന്തിക്കു കൈമാറി. സഹശാന്തി ക്ഷേത്രമുറ്റത്ത് പാട്ടുപുരയ്ക്കു മുന്നിലെ പണ്ടാര അടുപ്പിൽ തീപകർന്നതോടെ കതിനാവെടികൾ മുഴങ്ങി. കൊട്ടുംകുരവയും ഉയർന്നുപൊങ്ങി. അല്പ സമയത്തിനകം കിലോമീറ്ററുകളോളം ദൂരത്തെ പൊങ്കാല അടുപ്പുകളിലേക്ക് തീപകർന്നു. പൊങ്കാലയ്ക്കു പുറമേ തെരളി, മണ്ടപ്പുറ്റ് എന്നിവയും ഭക്തർ ഒരുക്കാൻ തുടങ്ങി. പൊങ്കാലയിട്ടു തീർന്നവർ നിവേദ്യം തളിക്കാനുള്ള കാത്തിരിപ്പായി.
ദേശീയപാതയിൽ ഉള്ളൂർ കടന്ന് പോങ്ങുംമൂട് ഭാഗത്തോളവും എംസി റോഡിൽ പരുത്തിപ്പാറവരെയും വിഴിഞ്ഞം റൂട്ടിൽ തിരുവല്ലം വരേയും ബൈപ്പാസിൽ കരിയ്ക്കകംവരേയും വെള്ളയന്പലം കവടിയാർ പേരൂർക്കടവരേയും പൊങ്കാലക്കലം നിരന്നു. ശ്രീകാര്യം കടന്ന് ചാവടി, സിഇടിക്കടുത്ത് അന്പാടി ശ്രീകൃഷ്ണ ക്ഷേത്രം, നാലാഞ്ചിറ എന്നിവിടങ്ങളിൽ ഒറ്റപ്പെട്ടും പൊങ്കാലയിട്ടു.
കരമന നദിക്കപ്പുറം കോവളം റൂട്ടിൽ വാഴമുട്ടത്തും പൊങ്കാലക്കലം നിരന്നു.ഉച്ചയ്ക്ക് 2.15-നാണ് പൊങ്കാല നിവേദിക്കുന്നത്. നിവേദിക്കാനായി 250 ഓളം ശാന്തിക്കാരെ നിയോഗിച്ചിട്ടുണ്ട്. നിവേദ്യം കഴിയുന്നതോടെ നഗരം പൊങ്കാലയുമായി മടങ്ങുന്നവരെക്കൊണ്ടു നിറയും. കെഎസ്ആർടിസിയും റെയിൽവേയും വിപുലമായ സൗകര്യങ്ങളാണ് പൊങ്കാലക്കാർക്കായി ഒരുക്കിയിട്ടുള്ളത്. ബാലികമാർ അണിഞ്ഞൊരുങ്ങി താലത്തിൽ പൂവുമായെത്തി ദേവിക്കു മുന്നിൽ പൊലിക്കുന്ന നേർച്ചയായ താലപ്പൊലി പുലർച്ചേ മുതൽ തുടരുകയാണ്.
ഇന്ന് രാത്രി 7.30-ന് കുത്തിയോട്ട ബാലന്മാർക്ക് ചൂരൽകുത്ത് ആരംഭിക്കും. 815 ബാലന്മാർ കുത്തിയോട്ടത്തിന് വ്രതമെടുത്ത് ക്ഷേത്രാങ്കണത്തിൽ കഴിയുകയാണ്. രാത്രി 11.15-ന് ദേവിയെ പുറത്തേക്കെഴുന്നളളിക്കാൻ ആരംഭിക്കും. വീടുകളിലും സംഘടനകളും ഒരുക്കിയിട്ടുള്ള പറയെടുത്തശേഷം എഴുന്നള്ളിപ്പ് മുന്നോട്ടുനീങ്ങും. വെണ്കൊറ്റക്കുട, ആലവട്ടം, വെഞ്ചാമരം, വിവിധ വാദ്യമേളങ്ങൾ, ഫ്ളോട്ടുകൾ എന്നിവ പുറത്തേക്കെഴുന്നള്ളിപ്പിനെ വർണാഭമാക്കും.
നാളെ രാവിലെ എഴുന്നള്ളിപ്പ് ഒന്നര കിലോമീറ്റർ അകലെയുള്ള മണക്കാട് ശ്രീധർമശാസ്താക്ഷേത്രത്തിലെത്തുന്പോൾ കുത്തിയോട്ട വ്രതമെടുത്ത ബാലന്മാരെ ക്ഷേത്രത്തിലേക്ക് മടക്കി അയയ്ക്കും. ചൂരൽ ഉൗരുന്നതോടെ കുട്ടികൾ വ്രതം പൂർത്തിയാക്കി മടങ്ങും. വിശ്രമത്തിനും പൂജകൾക്കുംശേഷം ഉച്ചയ്ക്കു മുന്പ് എഴുന്നള്ളത്ത് ക്ഷേത്രത്തിൽ മടങ്ങിയെത്തും. രാത്രി 9.15-ന് കാപ്പഴിച്ച് കുടിയിളക്കും.
രാത്രി 12.15-ന് കുരുതി തർപ്പണത്തോടെ പൊങ്കാല ഉത്സവത്തിന് സമാപനമാകും. പൊങ്കാലക്കാർക്കായി വിവിധ സംഘടനകളുടെ നേതൃത്വത്തിൽ നഗരത്തിലെന്പാടും പ്രഭാതഭക്ഷണവും ഉച്ചഭക്ഷണവും ഒരുക്കിയിരുന്നു. ഇതിനു പുറമേ ദാഹജല വിതരണവും നടന്നു. നഗരത്തിൽ വിവിധ സംഘടനകളുടെ നേതൃത്വത്തിൽ ഇന്നലെ രാത്രിയിൽ കലാപരിപാടികളും അരങ്ങേറി.