തിരുവനന്തപുരം: ഭക്തിയുടെയും വ്രതശുദ്ധിയുടെയും നിറവിൽ ആറ്റുകാലമ്മയ്ക്ക് പൊങ്കാലയർപ്പിച്ച് ഭക്തലക്ഷങ്ങൾ. അനന്തപുരിയെ യാഗശാലയാക്കി നഗരത്തിലെ കിലോമീറ്ററുകളോളം നീണ്ട പ്രദേശങ്ങളിൽ സ്ത്രീ ഭക്തജനങ്ങൾ പൊങ്കാലയർപ്പിക്കുകയാണ്. കൊടും ചൂടിനെ വകവയ്ക്കാതെയാണ് വിവിധ പ്രായത്തിലുള്ള സ്ത്രീകൾ ആറ്റുകാൽ അമ്മയ്ക്ക് പൊങ്കാല അർപ്പിക്കാൻ എത്തിയത്.
ഇന്ന് രാവിലെ 9.45 ന് ക്ഷേത്രത്തിൽ നടത്തിയ ശുദ്ധ പുണ്യാഹത്തോടെയാണ് ചടങ്ങുകൾക്ക് തുടക്കം കുറിച്ചത്.രാവിലെ 10.15 ന് അടുപ്പ് വെട്ട് ചടങ്ങ് ആരംഭിച്ചു. ക്ഷേത്ര തന്ത്രി പരമേശ്വരൻ വാസുദേവൻ ഭട്ടതിരിപ്പാടിന്റെ മുഖ്യകാർമികത്വത്തിലാണ് അടുപ്പ് വെട്ട് ചടങ്ങ് ആരംഭിച്ചത്.
ക്ഷേത്ര മേൽശാന്തി വി. മുരളീധരൻ നന്പൂതിരി ശ്രീകോവിലിൽ നിന്നുള്ള ഭദ്രദീപം തിടപ്പള്ളിയിൽ പകർന്നശേഷം പണ്ടാര അടുപ്പിലേക്ക് പകർന്നതോടെ ആറ്റുകാൽ പൊങ്കാലയ്ക്ക് തുടക്കമായി.കണ്ണകി ചരിതത്തിലെ പാണ്ഡ്യ രാജാവിന്റെ വധം നടത്തുന്ന ഭാഗം തോറ്റം പാട്ടുകാർ പാടി വർണിച്ച സന്ദർഭത്തിലാണ് പൊങ്കാല അടുപ്പിലേക്ക് തീ പകരാനുള്ള കർമങ്ങൾക്ക് തുടക്കമിട്ടത്. ഉച്ചയ്ക്ക് 1.15 നാണ് പൊങ്കാല നിവേദിക്കൽ ചടങ്ങ്.
പൊങ്കാല നിവേദിക്കാനായി 400 ൽപരം ശാന്തിമാരെയാണ് നിയോഗിച്ചിരിക്കുന്നത്. ആറ്റുകാൽ അമ്മയ്ക്ക് പൊങ്കാല അർപ്പിക്കാനായി സമസ്ത മേഖലകളിൽ നിന്നുള്ള വനിതകളാണ് വിവിധ ജില്ലകളിൽ നിന്നും ആറ്റുകാലിലെത്തിയത്. ആറ്റുകാൽ ദേവീക്ഷേത്രം മുതൽ 20 കിലോ മീറ്റർ ചുറ്റളവിലാണ് പൊങ്കാല അർപ്പിക്കാനായി സ്ത്രീ ഭക്തജനങ്ങൾ എത്തിച്ചേർന്നത്.
പൊങ്കാലയിടാൻ എത്തിയ ഭക്തർക്ക് നഗരത്തിലെ വിവിധ പ്രദേശങ്ങളിലെ സന്നദ്ധ സംഘടനകളും കൂട്ടായ്മകളും ക്ഷേത്ര കമ്മിറ്റികളും സമുദായ സംഘടനകളും ഉൾപ്പെടെ വിവപുലമായ സൗകര്യങ്ങളാണ് ഒരുക്കി കൊടുത്തത്. പ്രഭാതഭക്ഷണം, ഉച്ചഭക്ഷണം ഉൾപ്പെടെയുള്ള സൗകര്യങ്ങൾ ഏർപ്പെടുത്തിയിരുന്നു.
ഒരു വർഷത്തെ കാത്തിരിപ്പിനുശേഷം ദർശനപുണ്യം തേടി മനംമുരുകുന്ന പ്രാർഥനയോടെയാണ് ഭക്തരായ വനിതകൾ ആറ്റുകാൽ ദേവിക്ക് പൊങ്കാല അർപ്പിക്കാൻ എത്തിയത്. പൊങ്കാലയിടാൻ എത്തുന്നവരുടെ സുരക്ഷയ്ക്കായി പോലീസ്, ആരോഗ്യവകുപ്പ്, ജലവിഭവ വകുപ്പ് ഉൾപ്പെടെ വിവിധ വകുപ്പുകൾ വിപുലമായ ക്രമീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്.
പൊങ്കാലയുടെ സുരക്ഷയ്ക്കായി 3500 ൽപരം പോലീസുകാരെയാണ് നിയോഗിച്ചിരിക്കുന്നത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിൽ നിന്നുള്ള പോലീസ് ഉദ്യോഗസ്ഥരാണ് സുരക്ഷയ്ക്കായി എത്തിയിരിക്കുന്നത്. ക്രമസമാധാനചുമതലയുള്ള എഡിജിപി. മനോജ് എബ്രഹാമിന്റെ മേൽനോട്ടത്തിൽ സിറ്റി പോലീസ് കമ്മീഷണർ തോംസണ് ജോസാണ് സുരക്ഷ ചുമതല നിർവഹിക്കുന്നത്.
- എം. സുരേഷ്ബാബു