വൈ.എസ്. ജയകുമാർ
തിരുവനന്തപുരം: ഭക്തിയുടെ അന്തരീക്ഷത്തിൽ ആറ്റുകാലമ്മയ്ക്ക് ക്ഷേത്രമുറ്റത്തെ പാട്ടുപുരക്കു മുന്നിൽ തോറ്റംപാട്ടുകാർ പൊങ്കാലയിട്ടു. കോവിഡ് മാനദണ്ഡങ്ങൾ ഉള്ളതിനാൽ ക്ഷേത്രമുറ്റത്തും വഴിയോരങ്ങളിലും പൊങ്കാല ഇല്ലായിരുന്നു.
പൊതു ഇടങ്ങളിൽ പൊങ്കാല ഒഴിവാക്കാനായി ക്ഷേത്ര ട്രസ്റ്റും ജില്ലാ ഭരണകൂടവും നിർദേശിച്ചിരുന്നു. ക്ഷേത്ര പരിസരം മുതൽ പതിവ് പൊങ്കാലയിടുന്ന 10കിലോമീറ്ററോളം ചുറ്റളവിലെ പല വീടുകളിലും നഗരത്തിലെ മറ്റ് ക്ഷേത്രാങ്കണങ്ങളിലും പൊങ്കാലയർപ്പിച്ചു.
കോവിഡ് മാനദണ്ഡം പാലിച്ചായിരുന്നു ഈ വർഷത്തെ പൊങ്കാല. ഇത് ഉറപ്പാക്കാനായി ജില്ലാഭരണകൂടവും പോലീസും സുരക്ഷക്രമീകരണങ്ങൾ ഏർപ്പെടുത്തിയിരുന്നു. ഒന്പതാം ഉത്സവ ദിവസമായ ഇന്ന് രാവിലെ ക്ഷേത്രമുറ്റത്തെ പാട്ടുപുരയിൽ തമിഴ് കാവ്യമായ ചിലപ്പതികാരത്തിൽ പാണ്ഡ്യ രാജാവിനെ വധിക്കുന്ന ഭാഗം പാടിത്തീർന്നു.
ശേഷം തന്ത്രി തെക്കേടത്ത് കുഴിക്കാട്ടില്ലത്ത് പരമേശ്വരൻ വാസുദേവൻ ഭട്ടതിരിപ്പാട് ശ്രീകോവിലിൽ നിന്നുള്ള ദീപം പകർന്ന് മേൽശാന്തി പി. ഈശ്വരൻ നന്പൂതിരിക്ക് കൈമാറി. രാവിലെ 10.50ന് മേൽശാന്തി ക്ഷേത്ര തിടപ്പള്ളിയിലെ പൊങ്കാല അടുപ്പിൽ തീപകർന്നു.
അതേ ദീപം സഹമേൽശാന്തിക്ക് കൈമാറി. സഹമേൽശാന്തി ക്ഷേത്രത്തിനു മുന്നിലെ പാട്ടുപുരയ്ക്കു സമീപത്തെ പണ്ടാര അടുപ്പിലേക്ക് തീ പകരുകയായിരുന്നു. ഉച്ചകഴിഞ്ഞ് 3.40ന് പണ്ടാര അടുപ്പിലെ പൊങ്കാല നിവേദിക്കും.പണ്ടാര അടുപ്പിൽ തീപകർന്നതോടെ ക്ഷേത്ര പരിസരത്ത വീടുകളിലും പൊങ്കാല അടുപ്പുകളിൽ തീപകർന്നു.
പൊങ്കാല മുടക്കാൻ ആഗ്രഹിക്കാത്തവർ വീടുകളിൽ പൊങ്കാലയിട്ടു. ആയിരക്കണക്കിന് വീടുകളിൽ പൊങ്കാല കലത്തിൽ തീപകർന്നതോടെ ആറ്റുകാൽ പൊങ്കാല പുതിയ സന്പ്രദായത്തിലേക്കുകൂടി പ്രവേശിച്ചിരിക്കുകയാണ്. വീടുകളിലെ പൊങ്കാല നിവേദിക്കാൻ പൂജാരിമാരെ നിയോഗിച്ചിട്ടില്ല. കുത്തിയോട്ടവും ആചാരമായി ചുരുക്കിയിട്ടുണ്ട്.
ഒരു ബാലൻ മാത്രം ഇത്തവണ ചൂരൽ കുത്തും. രാത്രി എട്ടിന് മണക്കാട് ശാസ്താക്ഷേത്രത്തിലേക്ക് നടക്കുന്ന പുറത്തേക്ക് എഴുന്നള്ളിപ്പിൽ കുത്തിയോട്ട ബാലൻ പങ്കുചേരും. രാവിലെ ആരംഭിച്ച താലപ്പൊലിയിൽ 10-നും 12-നും മധ്യേയുള്ള ബാലികമാരെ മാത്രമാണ് പങ്കെടുപ്പിച്ചത്.
നാളെ രാത്രി അത്താഴ പൂജയ്ക്കുശേഷം കാപ്പഴിക്കും. പുലർച്ചെ ഒന്നിന് കുരുതി തർപ്പണത്തോടെ പൊങ്കാല ഉത്സവത്തിനു സമാപനമാകും. ഭക്തർക്കു ക്ഷേത്രാങ്കണത്തിൽ പ്രവേശിക്കുന്നതിനു നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു.
പതിവ് തെറ്റിക്കാതെ ആനിയും ചിപ്പിയും പൊങ്കാലയിട്ടു
തിരുവനന്തപുരം: ആറ്റുകാലമ്മയ്ക്ക് പതിവ് തെറ്റിക്കാതെ ഇക്കുറിയും പൊങ്കാലയിട്ട് നടി ആനിയും ചിപ്പിയും. വീട്ടിലാണ് ഇരുവരും കുടുംബത്തോടൊപ്പം പൊങ്കാലയിട്ടത്. ഷാജി കൈലാസിന്റെ ആഗ്രഹപ്രകാരം കഴിഞ്ഞ രണ്ട് വർഷമായി വീട്ടിലാണ് പൊങ്കാലയിടുന്നത്.
വീട്ടിൽ പൊങ്കാലയിടുന്പോൾ കുടുംബത്തിലെ മക്കൾ ഉൾപ്പെടെ പൊങ്കാലയുടെ ഭാഗമാകാറുണ്ടെന്ന് ആനി മാധ്യമപ്രവർത്തകരോട് പറഞ്ഞു.ആറ്റുകാലമ്മയുടെ അനുഗ്രഹം എല്ലാവർക്കും ലഭിക്കട്ടെയെന്ന് ആശംസിക്കുന്നതായി നടി പറഞ്ഞു.