എടത്വ: സ്ത്രീ ശബരിമലയായ ചക്കുളത്തുകാവ് ശ്രീഭഗവതീ ക്ഷേത്രത്തിൽ പത്തിന് നടക്കുന്ന പൊങ്കാലക്ക് മുന്നോടിയായി പൊങ്കാല നിലവറദീപം തെളിഞ്ഞു. ചക്കുളത്തുകാവ് ക്ഷേത്ര മൂലസ്ഥാനമായ പട്ടമന ഇല്ലത്തെ മൂലകുടുംബക്ഷേത്രനടയിൽ നിന്നും രാവിലെ ഒൻപത് മണിക്ക് ക്ഷേത്ര മുഖ്യകാര്യദർശി രാധാകൃഷ്ണൻ നന്പൂതിരി തെളിയിച്ച ദീപം വാദ്യമേളങ്ങളുടെയും, വായ്ക്കുരവകളുടെയും അകന്പടിയോടു കൂടി ക്ഷേത്ര ഗോപുരനടയിൽ പ്രത്യേകം തയ്യാറാക്കിയ വിളക്കിലേക്ക് ക്ഷേത്ര കാര്യദർശി മണിക്കുട്ടൻ നന്പൂതിരി തിരിതെളിച്ചു.
ക്ഷേത്ര അഡ്മിനിസ്ട്രേറ്റർ കെ.കെ. ഗോപാലകൃഷ്ണൻ നായർ, പിആർഒ സുരേഷ് കാവുംഭാഗം, ജയസുര്യ നന്പൂതിരി, രജ്ഞിത്ത് ബി. നന്പൂതിരി, രമേശ് ഇളമണ് നന്പൂതിരി, അജിത്ത് പിക്ഷാരത്ത്, പി.എസ്. മുരളീധരൻ നായർ എന്നിവർ പങ്കെടുത്തു. പത്തിന് പുലർച്ചെ നാലിന് ഗണപതിഹോമവും നിർമാല്യദർശനവും 8.30 ന് വിളിച്ചുചൊല്ലി പ്രാർത്ഥന, രാവിലെ ഒന്പതിന് ക്ഷേത്ര കാര്യദർശി മണിക്കുട്ടൻ നന്പൂതിരിയുടെ അധ്യക്ഷതയിൽ നടക്കുന്ന ആധ്യാത്മിക സംഗമം മുഖ്യകാര്യദർശി രാധാകൃഷ്ണൻ നന്പൂതിരി ഉദ്ഘാടനം ചെയ്യും.
പൊങ്കാലയുടെ ഉദ്ഘാടനം ഹിന്ദുമഹാമണ്ഡലം പ്രസിഡൻറ് പി.എസ്സ്. നായർ നിർവഹിക്കും. ദേവസം കമ്മീഷണർ ഹർഷൻ മുഖ്യാഥിതിയും ആയിരിക്കും. തുടർന്ന് ക്ഷേത്ര കാര്യദർശി മണിക്കുട്ടൻ നന്പൂതിരിയുടെ കാർമികത്വത്തിൽ ദേവിയെ ക്ഷേത്രശ്രീകോവിലിൽ നിന്നും എഴുന്നുള്ളിച്ച് പണ്ടാര പൊങ്കാല അടുപ്പിന് സമീപം എത്തുന്പോൾ പൊങ്കാലക്ക് തുടക്കം കുറിച്ചുകൊണ്ട് പണ്ടാര അടുപ്പിലേയ്ക്ക് മുഖ്യകാര്യദർശി രാധാകൃക്ഷ്ണൻ നന്പൂതിരി അഗ്നിപകരും.11 ന് അഞ്ഞൂറിൽ അധികം വേദപണ്ഡിതൻമാരുടെ മുഖ്യ കാർമികത്വത്തിൽ ദേവിയെ 41 ജീവതകളിലായി എഴുന്നുള്ളിച്ച് ഭക്തർ തയ്യാറാക്കിയ പൊങ്കാല നേദിക്കും.
പൊങ്കാല നേദ്യത്തിനു ശേഷം ദിവ്യ അഭിഷേകവും ഉച്ചദീപാരാധനയും നടക്കും. വൈകുന്നേരം 5.30 ന് ക്ഷേത്ര കാര്യദർശി മണിക്കുട്ടൻ നന്പൂതിരിയുടെ അധ്യക്ഷതയിൽ നടക്കുന്ന സാംസ്ക്കാരിക സമ്മേളനം സജി ചെറിയാൻ എംഎൽഎ ഉദ്ഘാടനം ചെയ്യും. കൊടിക്കുന്നിൽ സുരേഷ് എംപി മുഖ്യ അതിഥിയായിരിക്കും. കേരളത്തിൽ നിന്നും ആദ്യമായി സൗത്ത് ആഫ്രിക്കയിൽ എംപി ആയ കേശവം അനിൽ പിള്ളയെ ആദരിക്കും. യുഎൻ വിദഗ്ധ സമിതി ചെയർമാൻ ഡോ. സി.വി. ആനന്ദബോസ് കാർത്തിക സ്തംഭത്തിൽ അഗ്നി പകരും.