പൊങ്കാല ഏറ്റു..! ലോ അക്കാഡമിക്ക് മുന്നില്‍ മഹിള കോണ്‍ഗ്രസിന്റെ പൊങ്കാല; മണിക്കൂറിനുള്ളില്‍ ഫലവും കണ്ടു

ponkala  തിരുവനന്തപുരം: ലോ അക്കാഡമിയിലെ വിദ്യാര്‍ഥി സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് മഹിള കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സമരപ്പന്തലിന് മുന്നില്‍ പൊങ്കാലയിട്ട് പ്രതിഷേധിച്ചു. ലക്ഷ്മി നായര്‍ രാജിവയ്ക്കണമെന്ന വിദ്യാര്‍ഥികളുടെ ആവശ്യത്തെ പിന്തുണച്ചായിരുന്നു മഹിളകളുടെ പൊങ്കാല സമരം.

അതിനിടെ വിദ്യാര്‍ഥികള്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് നിരാഹാര സമരം നടത്തുന്ന കെ.മുരളീധരന്‍ എംഎല്‍എയെ മുതിര്‍ന്ന നേതാക്കള്‍ ഇന്നും സന്ദര്‍ശിച്ചു. കെപിസിസി അധ്യക്ഷന്‍ വി.എം.സുധീരന്‍, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എ തുടങ്ങിയവരാണ് ഇന്ന് സമരപ്പന്തലില്‍ എത്തിയത്. ലോ അക്കാഡമിയിലേക്ക് പുതിയ പ്രിന്‍സിപ്പലിനെ ആവശ്യമുണ്ടെന്ന് കാട്ടി മാനേജ്‌മെന്റ് നല്‍കിയ പത്രപരസ്യത്തില്‍ വ്യക്തതയില്ലെന്ന് കെ.മുരളീധരന്‍ പറഞ്ഞു. പുതിയ പ്രിന്‍സിപ്പലിനെ നിയമിക്കുന്‌പോള്‍ ലക്ഷ്മി നായരെ എന്തിന് മാറ്റിയെന്ന് മാനേജ്‌മെന്റ് വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

വിദ്യാര്‍ഥി സമരം  അവസാനിപ്പിച്ചു

തിരുവനന്തപുരം: കഴിഞ്ഞ 28 ദിവസമായി ലോ അക്കാഡമിയില്‍ നടന്ന വിദ്യാര്‍ഥി സമരം വിജയത്തോടെ അവസാനിപ്പിച്ചു. വിദ്യാഭ്യാസമന്ത്രി പ്രഫ.സി.രവീന്ദ്രനാഥുമായി വിദ്യാര്‍ഥി സംഘടനകള്‍ നടത്തിയ ചര്‍ച്ചയാണ് സമരം അവസാനിക്കാന്‍ കാരണമായത്. വിദ്യാര്‍ഥികള്‍ ഉന്നയിച്ച മുഴുവന്‍ ആവശ്യങ്ങളും അംഗീകരിച്ച് വിദ്യാഭ്യാസമന്ത്രിയും മാനേജ്‌മെന്റ് പ്രതിനിധികളും ഒപ്പുവച്ച് കരാറുണ്ടാക്കിയാണ് സമരം തീര്‍ത്തത്.

പുതിയ കരാര്‍ പ്രകാരം ലക്ഷ്മി നായര്‍ക്ക് പകരം വരുന്ന പ്രിന്‍സിപ്പലിന് കാലാവധി ഉണ്ടാകില്ലെന്നതാണ് കരാറിലെ ഏറ്റവും പ്രധാന വ്യവസ്ഥ. ഈ കരാര്‍ ലംഘിച്ചാല്‍ സര്‍ക്കാര്‍ ഇടപെടുമെന്ന ഉറപ്പും വിദ്യാഭ്യാസമന്ത്രി പ്രതിഷേധക്കാര്‍ക്ക് നല്‍കി. ഇതോടെ പ്രിന്‍സിപ്പല്‍ ലക്ഷ്മി നായരുമായി ബന്ധപ്പെട്ട് വിദ്യാര്‍ഥികള്‍ ഉന്നയിച്ച ആവശ്യങ്ങളെല്ലാം മാനേജ്‌മെന്റ് അംഗീകരിച്ചു.

വിദ്യാര്‍ഥി സമരം പുര്‍ണമായും വിജയിച്ചതിനാല്‍ സമരം അവസാനിപ്പിക്കുകയാണെന്ന് കഐസ്യു സംസ്ഥാന അധ്യക്ഷന്‍ വി.എസ്.ജോയിയും എഐഎസ്എഫ് സംസ്ഥാന സെക്രട്ടറി ശുബേഷ് സുധാകരനും പ്രതികരിച്ചു.

Related posts