കൊല്ലം: മംഗളൂരു സെന്‍ട്രലില്‍നിന്നു തിരിച്ച് തിരുവനന്തപുരം സെന്‍ട്രലില്‍ എത്തിചേരുന്ന ട്രെയിന്‍ നമ്പര്‍ 16348 ന് പരവൂരില്‍ സ്റ്റോപ്പ് അനുവദിച്ചതായി എന്‍.കെ. പ്രേമചന്ദ്രന് എംപി അറിയിച്ചു. ട്രെയിന്‍ ഓടുന്നതിന് അഞ്ച് മിനിട്ട് അധിക സമയവും അനുവദിച്ചിട്ടുണ്ട്. ഈ എക്സ്പ്രസിന് പരവൂര്‍ സ്റ്റോപ്പ് അനുവദിക്കണമെന്ന നിരന്തരമായ ആവശ്യത്തെ തുടര്‍ന്നാണ് സ്റ്റോപ്പ് അനുവദിച്ച് റെയില്‍വേ ബോര്‍ഡ് ഉത്തരവായത്.
നേരത്തേ ഈ ട്രെയിനിന് പരവൂരിൽ സ്റ്റോപ്പ് ഉണ്ടായിരുന്നു. കോവിഡ് കാലത്ത് രാജ്യത്താകമാനം ട്രെയിൻ സർവീസുകൾ നിർത്തിവച്ച ശേഷം പുനഃസ്ഥാപിച്ചപ്പോഴാണ് സ്റ്റോപ്പ് ഒഴിവാക്കിയത്. തുടർന്ന് സ്റ്റോപ്പ് വീണ്ടും ലഭിക്കുന്നതിനായി യാത്രക്കാരുടെ സംഘടനകൾ പ്രക്ഷോഭരംഗത്തായിരുന്നു.
ട്രെയിന്‍ നമ്പർ 16366 നാഗര്‍കോവില്‍ -കോട്ടയം പാസഞ്ചറിന് പെരിനാട്ടും ഇരവിപുരത്തും, ട്രെയിന്‍ നമ്പർ 16629/16630 മലബാര്‍ എക്സ്പ്രസിന് മയ്യനാട്ടും, ട്രെയിന്‍ നമ്പർ 16791/16792 തിരുനെല്‍വേലി പാലക്കാട് പാലരുവി എക്സ്പ്രസിന് ആര്യങ്കാവിലും, ട്രെയിന്‍ നമ്പർ 16101/16102 ചെന്നൈ എഗ്മോര്‍ കൊല്ലം എക്സ്പ്രസിന് തെന്മലയിലും സ്റ്റോപ്പ് അനുവദിക്കണമെന്ന് റെയില്‍വേ ബോര്‍ഡ് അധികൃതരുമായി ചര്‍ച്ച ചെയ്തിട്ടുണ്ടെന്നും തെന്മല, പെരിനാട് സ്റ്റോപ്പുകള്‍ റയില്‍വേ ബോര്‍ഡിന്റെ പരിഗണനയിലാണെന്നും എംപി അറിയിച്ചു.
ബംഗളൂരു-കൊച്ചുവേളി പൊങ്കാല സ്പെഷൽ
കൊല്ലം: ആറ്റുകാൽ പൊങ്കാല പ്രമാണിച്ച് ബംഗളൂരു-കൊച്ചുവേളി – ബംഗളൂരു റൂട്ടിൽ റെയിൽവേ രണ്ട് വീതം സ്പെഷൽ സർവീസുകൾ നടത്തും.
ട്രെയിൻ നമ്പർ 06501 ബംഗളൂരു-കൊച്ചുവേളി എക്സ്പ്രസ് സ്പെഷൽ 22, 24 തീയതികളിൽ രാത്രി 11.55 ന് ബംഗളൂരുവിൽ നിന്ന് പുറപ്പെട്ട് പിറ്റേ ദിവസം രാത്രി 7.10 ന് കൊച്ചുവേളിയിൽ എത്തും.
ട്രയിൻ നമ്പർ 06502 കൊച്ചുവേളി -ബംഗളൂരു എക്സ്പ്രസ് സ്പെഷൽ 23, 25 തീയതികളിൽ രാത്രി പത്തിന് കൊച്ചുവേളിയിൽ നിന്ന് പുറപ്പെട്ട് അടുത്ത ദിവസം വൈകുന്നേരം 4.30 ന് ബംഗളുരുവിൽ എത്തും.
വൈറ്റ് ഫീൽഡ്, ബംഗാരപ്പെട്ട്, കുപ്പം, സേലം, ഈറോഡ്, തിരുപ്പൂർ, കോയമ്പത്തൂർ, പാലക്കാട്, ഒറ്റപ്പാലം, തൃശൂർ, ആലുവ, എറണാകുളം ടൗൺ, കോട്ടയം, തിരുവല്ല, ചെരുന്നൂർ, കായംകുളം, കൊല്ലം എന്നിവിടങ്ങളിൽ രണ്ട് റൂട്ടുകളിലും സ്റ്റോപ്പ് അനുവദിച്ചിട്ടുണ്ട്.
ഏസി ടൂടയർ-ഒന്ന്, ഏസി ത്രീ ടയർ -13, ജനറൽ സെക്കൻഡ് ക്ലാസ്-രണ്ട്, സ്ലീപ്പർ -രണ്ട് എന്നിങ്ങനെയാണ് കോച്ച് പൊസിഷൻ. ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചതായി അധികൃതർ അറിയിച്ചു.