കെ.എ. അബ്ബാസ്
പൊൻകുന്നം: ഈ വാഴക്കുല കണ്ടാൽ ആരുമൊന്ന് നോക്കിനിൽക്കും. എന്തായൊരു അഴക് ! പൊൻകുന്നം അമ്മു ലക്കി സെന്റർ ഉടമ ഇമ്മാനുവേൽ തോമസിന്റെ കൊപ്രക്കളത്തെ വീട്ടു മുറ്റത്താണ് ആരെയും അദ്ഭുതപ്പെടുത്തുന്ന വാഴക്കുല തലയെടുപ്പോടെ നിൽക്കുന്നത്.
മൂസാ പിസാങ് സെറീബൂ ഇനത്തിൽപ്പെട്ടതാണ് വാഴക്കുല. പതിനൊന്നര അടി ഉയരമുണ്ട്. പത്തര അടി നീളത്തിൽ നൂറ്റിഅമ്പതു പടലകളിലായി നാലായിരത്തോളം കായ്കളുണ്ട്.
കാഴ്ചയ്ക്കു കൗതുകവും കായ്കൾക്ക് അസ്സൽ രുചിയും പ്രദാനം ചെയ്യുന്ന ഈ വാഴ ആഫ്രിക്കയിലെ ഘാനയിൽ നിന്നുള്ളതാണ്. കണ്ണാറ വാഴ ഗവേഷണ കേന്ദ്രത്തിൽ നിന്നാണ് വിത്ത് ലഭിച്ചത്. ഗവേഷണ കേന്ദ്രത്തിലെ ഡോ. മഞ്ജുവിന്റെ ഉപദേശങ്ങളാണ് വാഴക്കൃഷിയിൽ ഇമ്മാനുവലിന് തുണയായത്.
2019 മേയ് മൂന്നിന് നട്ട ഈ വാഴ ജനുവരി എട്ടിന് കുലച്ചു. പടലകൾ ഇനിയും വിരിഞ്ഞു തീർന്നിട്ടില്ല. മുകൾ ഭാഗത്തുള്ള കായ്കൾ പഴുത്തു തുടങ്ങി. സാധാരണ വാഴയ്ക്കുള്ള പരിചരണങ്ങൾ തന്നെയാണ് കൊടുത്തിരുന്നതെങ്കിലും സമ്മിശ്ര വളങ്ങൾ ധാരാളമായി നൽകി.
അക്ഷയ തൃതീയ , ഘോഷയാത്രകൾ, ഓണം , വിഷു ആഘോഷങ്ങൾ , ഗൃഹപ്രവേശം, വിവാഹം തുടങ്ങിയ ചടങ്ങുകളിലേക്ക് അലങ്കാരമായി ഈ വാഴക്കുല പതിനായിരങ്ങൾ മുടക്കി വാങ്ങുന്നവരുണ്ട്.
വിവിധ വാഴകളുടെ ഒരു വിപുല ശേഖരവും ഇവിടെ ഉണ്ട്. വാഴക്കുല നേരിൽ കാണുകയും സെൽഫി എടുക്കുകയും ചെയ്യുന്നതിനായി നിരവധി സന്ദർശകർ എത്തിക്കൊണ്ടിരിക്കുന്നു.