പൊൻകുന്നം: പൊൻകുന്നത്തിനടുത്ത് ബൈക്കപകടത്തിൽ യുവാവ് മരിച്ചു. വിഴിക്കത്തോട് പരുന്തൻമല ചന്ദ്രവിലാസത്തിൽ പരേതനായ അശോക് കുമാറിന്റെ മകൻ അമൽ രാജാ (20)ണ് മരിച്ചത്.ഒപ്പം സഞ്ചരിച്ചിരുന്ന കൂരാലി പുല്ലാട്ടുകുന്നേൽ അഭിജിത്തി(20)ന് പരിക്കേറ്റു. നെയ്യാട്ടുശ്ശേരി -തച്ചപ്പുഴ റോഡിൽ മാക്കൽകുന്ന് വളവിൽ ഇന്നലെ രാത്രി 12.10 നായിരുന്നു അപകടം. ബൈക്ക് കോണ്ക്രീറ്റ് വൈദ്യുതി പോസ്റ്റിൽ ഇടിച്ചു മറിഞ്ഞായിരുന്നു അപകടം.
വിവരം അറിഞ്ഞയുടൻ ഇളങ്ങുളം മുത്താരമ്മൻ കോവിലിൽ ഉത്സവ സ്ഥലത്ത് പട്രോളിംഗിലുണ്ടായിരുന്ന പോലിസ് ഉദ്യോഗസ്ഥർ അപകടസ്ഥലത്ത് എത്തി പരിക്കേറ്റ് റോഡിൽ കിടന്ന ഇരുവരേയും പോലിസ് വാഹനത്തിൽ കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും അമൽ രാജിന്റെ ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.ഗുരുതരമായി പരിക്കേറ്റ അഭിജിത്തിനെ കോട്ടയം മെഡിക്കൽ കോളജിലേക്ക് മാറ്റി.
പോലീസ് അപകടസ്ഥലത്ത് എത്തിയപ്പോൾ നിരവധിയാളുകൾ ഉണ്ടായിരുന്നുവെങ്കിലും ആരും സഹായത്തിന് എത്തിയില്ലെന്ന് പോലിസ് പറഞ്ഞു. ഇരുവരും പാലാ ഐടിഐയിൽ ഓട്ടോമൊബൈൽ വിദ്യാർഥികളാണ്. ഇവർ മുത്താരമ്മൻകോവിലിൽ എത്തിയതായിരുന്നുവെന്ന് പറയപ്പെടുന്നു. മരിച്ച അമൽ രാജിന്റെ സംസ്കാരം വൈകുന്നേരം നാലിന് വിട്ടു വളപ്പിൽ. പൊൻകുന്നം പോലീസ് മേൽനടപടി സ്വീകരിച്ചു.