പൊൻകുന്നം: കല്ലറയ്ക്കൽ സ്റ്റോഴ്സ് ഉടമ തച്ചപ്പുഴ കല്ലറയ്ക്കൽ കെ.ജെ. ജോസഫിന്റെ വാഹനം തടഞ്ഞു പണം കവർന്ന കേസിൽ നാലുയുവാക്കൾ അറസ്റ്റിൽ.
കഴിഞ്ഞ 17ന് രാത്രി കടയടച്ചു മടങ്ങിയപ്പോൾ തച്ചപ്പുഴ റോഡിൽ പണം തട്ടിയെടുത്ത ചേനപ്പാടി തരകനാട്ടുകുന്ന് പറയരുവീട്ടിൽ അഭിജിത്ത് (25), തന്പലക്കാട് തൊണ്ടുവേലി കൊന്നയ്ക്കാപറന്പിൽ ഹരികൃഷ്ണൻ (24), തന്പലക്കാട് വേന്പനാട്ട് രാജേഷ് (23), തന്പലക്കാട് കുളത്തുങ്കൽ മുണ്ടപ്ലാക്കൽ ആൽബിൻ (26) എന്നിവരാണ് അറസ്റ്റിലായത്.
25,000 രൂപയാണു വാഹനത്തിൽനിന്ന് ഇവർ തട്ടിയെടുത്തത്. മൊത്തവിൽപ്പന വ്യാപാരിയായതിനാൽ കൂടുതൽ പണമുണ്ടാകുമെന്ന പ്രതീക്ഷയിലാണ് നാൽവർസംഘം കവർച്ച ആസൂത്രണം ചെയ്തതെന്ന് പോലീസ് പറഞ്ഞു.
ബിഗ്ഷോപ്പറുമായി പതിവായി വാനിൽ കയറി മടങ്ങുന്ന കടയുടമയെ പലദിവസം നിരീക്ഷിച്ചാണിവർ പദ്ധതി തയാറാക്കിയത്.
അഭിജിത്തിനെ ചേനപ്പാടിയിലെ വീട്ടിൽനിന്നും മറ്റുള്ളവരെ എറണാകുളം ഇടപ്പള്ളിയിലെ ലോഡ്ജിൽ നിന്നുമാണു പിടികൂടിയത്. ഇവരുടെ പക്കൽനിന്നു കത്തികളും കവർച്ചയ്ക്ക് ഉപയോഗിച്ച ബൈക്കുകളും കണ്ടെടുത്തു.
കുറച്ചുപണം ഇവർ ചെലവഴിച്ചു. വീതം വച്ച ബാക്കി പണവും കണ്ടെത്തി. പൊൻകുന്നം ടൗണിൽ കല്ലറയ്ക്കൽ സ്റ്റോഴ്സിന്റെ സമീപത്തെ സിസിടിവി ദൃശ്യങ്ങളിൽ നിന്നാണു പ്രതികളെക്കുറിച്ച് സൂചന ലഭിച്ചത്.
പ്രതികളിലൊരാളായ ഹരികൃഷ്ണന്റെ അച്ഛന്റെ പേരിലുള്ള ബൈക്ക് ദൃശ്യങ്ങളിൽ കണ്ടത് തുന്പായി. പിന്നീട് ഹരികൃഷ്ണന്റെ ഫോണ്‍വിളികൾ നിരീക്ഷണത്തിലായി.
സമീപത്തെ ബേക്കറിയിലെ ജീവനക്കാരനായ അഭിജിത്താണ് കവർച്ചയുടെ ആസൂത്രകനെന്നു പോലീസ് പറഞ്ഞു. ഇയാൾ അടുത്തിടെ ഇതിനുസമീപമുള്ള ജ്വല്ലറിയിൽ മുക്കുപണ്ടം പണയംവച്ച് നടത്തിയ തട്ടിപ്പിൽ സംശയിക്കപ്പെട്ടിരുന്നു.
അഭിജിത്തിന്റെ സുഹൃത്ത് ഈ കേസിൽ പിടിയിലാകുകയും ചെയ്തു. അതിനാൽ പുതിയ കേസിൽ അഭിജിത്തിന്റെ ഫോണ്‍വിളികളും നിരീക്ഷണത്തിലായിരുന്നു. മറ്റൊരു പ്രതി രാജേഷ് മുന്‍പ് കഞ്ചാവ് കേസിൽ ഉൾപ്പെട്ടിട്ടുണ്ട്.
രണ്ടുബൈക്കുകളിലായാണ് ഇവർ സംഭവദിവസം വ്യാപാരിയെ പിന്തുടർന്നത്. വാൻ തടഞ്ഞുനിർത്തി ഇവരിലൊരാൾ ഉടുത്തിരുന്ന കൈലിയഴിച്ച് ജോസഫിന്റെ തലയിലിട്ടുമൂടിയതിനുശേഷമാണ് ബാഗ് കൈക്കലാക്കിയത്.
കല്ലറയ്ക്കൽ സ്റ്റോഴ്സിന് സമീപത്തെ സ്വർണവ്യാപാരിയെയാണ് പ്രതികൾ പണത്തിനായി ആദ്യം ലക്ഷ്യമിട്ടിരുന്നതെന്ന് കാഞ്ഞിരപ്പള്ളി ഡിവൈഎസ്പി എൻ. ബാബുക്കുട്ടൻ പറഞ്ഞു. പ്രതികൾ മിക്കദിവസവും ഇതിനുസമീപം സംഘം ചേരാറുണ്ടായിരുന്നുവെന്നും പോലീസ് കണ്ടെത്തി.
കാഞ്ഞിരപ്പള്ളി ഡിവൈഎസ്പി എൻ. ബാബുക്കുട്ടന്റെ നേതൃത്വത്തിൽ പൊൻകുന്നം എസ്എച്ച്ഒ സജിൻ ലൂയിസ്, എസ്ഐമാരായ ടി.ജി. രാജേഷ്, ജയകുമാർ, സിപിഒമാരായ റിച്ചാർഡ് സേവ്യർ, സി.എ.ലേഖ, കെ. ബിബിൻ, അനീഷ്കുമാർ എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടിച്ചത്.