പൊൻകുന്നം: കത്തിക്കാളുന്ന വേനൽ ചൂടിലും ചെവിയാട്ടി തുന്പിക്കൈ അനക്കി ടാറിട്ട റോഡിലൂടെ ആനയെഴുന്നുള്ളുന്നത് കണ്ട് ജനം അന്തിച്ചു. പതിനൊന്ന് മണി മുതൽ മൂന്ന് മണി വരെ ആനയെ എഴുന്നള്ളിക്കരുതെന്ന നിയമം ലംഘിക്കുകയാണോ എന്ന് അന്തിച്ചിരിക്കെയാണ് വീലിൽ ഉരുണ്ട് ഒറിജിനലിനെ വെല്ലുന്ന അപരൻ കരിവീരൻ തിടന്പേറ്റി മുന്നിൽ വന്നപ്പോൾ ഭക്തർക്കും കാണികൾക്കും അന്പരപ്പ് മാറി അദ്ഭുതമായി.
ഇന്നലെ പൊൻകുന്നം പുതിയകാവ് ദേവീ ക്ഷേത്രത്തിലെ കാവടിയോടനുബന്ധിച്ചാണ് തിടന്പേറ്റാൻ ഇലക്ട്രിക് ആനയെ ഒരുക്കിയത്. തിടന്പേറ്റാൻ നിയമം വിലങ്ങുതടിയായപ്പോൾ പൊൻകുന്നം സ്വദേശി റെജിയുടെ ആശയത്തിലാണ് ഒറിജിനലിനെ വെല്ലുന്ന ഡ്യുപ്ലിക്കേറ്റ് ആന തയ്യാറായത്.
ഒറിജിനൽ ആനയുടെ വലിപ്പത്തിൽ തയ്യാറാക്കിയ ആനക്കുള്ളിൽ ഉറപ്പിച്ച മോട്ടോർ ഉപയോഗിച്ച് ആനയുടെ ചെവിയും ,തുന്പികൈയും ആട്ടുന്ന രീതിയിൽ തയ്യാറാക്കുകയായിരുന്നു. ആനയുടെ പുറത്ത് രണ്ട് പേർക്ക് ഇരിക്കാനുള്ള സൗകര്യവും ഒരുക്കിയിരുന്നു. ഇങ്ങനെ തയ്യാറാക്കിയ ആനയുടെ കാലുകളിൽ ചക്രങ്ങൾ ഘടിപ്പിച്ച് തള്ളി നീക്കിയാണ് പ്രദർശനം നടത്തിയത്. ഭാവിയിൽ ഇത്തരം ആനകൾ വ്യാപകമാവുന്നതോടെ ആനകൾ മൂലമുണ്ടാകുന്ന അപകടം ഒഴിവാക്കാൻ ഉപകരിക്കുമെന്ന അഭിപ്രായവും ശക്തമാണ്.