പൊൻകുന്നം: ആറുമാസം മുന്പ് ഉദ്ഘാടനം കഴിഞ്ഞ പൊൻകുന്നം മിനി സിവിൽ സ്റ്റേഷനിലെ ലിഫ്റ്റുകളും ജനറേറ്ററും തുരുന്പെടുത്തു തുടങ്ങി. ഉദ്ഘാടന ദിവസം മാത്രമാണ് ലിഫ്റ്റ് പ്രവർത്തിപ്പിച്ചത്. പിന്നീട് ലിഫ്റ്റുകൾ നിശ്ചലമായി കിടക്കുകയാണ്.
മിനി സിവിൽ സ്റ്റേഷനിൽ ലിഫ്റ്റുകൾ സ്ഥാപിക്കുന്നതിനായി മാത്രം രണ്ട് വർഷമാണ് കാത്തിരുന്നത്. ടെൻഡർ നടപടികളെല്ലാം പൂർത്തിയായപ്പോഴാണ് ഫയർ ഉൾപ്പെടെ വിവിധ വകുപ്പുകളുടെ എൻഒസി ആവശ്യമായി വന്നത്. ഒടുവിൽ കടന്പകളെല്ലാം കടന്ന് സിവിൽസ്റ്റേഷനിലേക്ക് ലിഫ്റ്റുകൾ എത്തി.
ഫിറ്റിംഗ്സുകൾ എല്ലാം പൂർത്തിയാക്കി പത്ത് മാസം മുന്പാണ് ട്രയൽ നടത്തി സിവിൽസ്റ്റേഷൻ ഉദ്ഘാടനത്തിന് ഒരുങ്ങിയത്. ഉദ്ഘാടനത്തിന് നേതാക്കൾ ലിഫ്റ്റുകളിൽകയറി മുകളിലത്തെ നിലകളിലേക്കും തുടർന്ന് താഴോട്ടും പല തവണ കയറിയിറങ്ങി. ഇത് ഉദ്ഘാടനത്തിനായി വാടകയ്ക്കെടുത്ത ജനറേറ്ററിലായിരുന്നു പ്രവർത്തിപ്പിച്ചത്.
ലിഫ്റ്റുകൾ പ്രവർത്തിപ്പിക്കണമെങ്കിൽ ത്രീ ഫേയ്സ് വൈദ്യുതി കണക്ഷൻ ആവശ്യമാണ്. ഇതിനായി റവന്യൂ അധികൃതർ കഐസ്ഇബിയ്ക്ക് അപേക്ഷ നൽകിയിരുന്നു. എന്നാൽ, ഓണർഷിപ്പ് സർട്ടിഫിക്കറ്റ് മുതലായ പ്രധാന രേഖകൾ അപേക്ഷയോടൊപ്പം ഇല്ലെന്നുള്ള കാരണത്താൽ വൈദ്യുതി വകുപ്പ് ഇതുവരെയും അനങ്ങിയിട്ടില്ല.
ത്രീ ഫേയ്സ് ലൈൻ വലിച്ച് കണക്ഷൻ കിട്ടിയാൽ തന്നെ ഇലക്ട്രിക്കൽ ഇൻസ്പക്ടറേറ്റിൽ നിന്നും പരിശോധനകൾ പൂർത്തിയാക്കി സർട്ടിഫിക്കറ്റ് വാങ്ങേണ്ടതായി വരും.മിനി സിവിൽസ്റ്റേഷനിലെ ജനറേറ്ററും ഇതുവരെ പ്രവർത്തിപ്പിച്ചിട്ടില്ല. ഉദ്ഘാടനത്തിനു പോലും വാടകയ്ക്ക് എടുത്താ ജനറേറ്ററായിരുന്നു പ്രവർത്തിപ്പിച്ചത്. അതിനാൽ തന്നെ ജനറേറ്ററിന്റെ പല ഭാഗങ്ങളും തുരുന്പെടുത്തു തുടങ്ങി.