പൊൻകുന്നം: സന്ധ്യമയങ്ങിയാൽ പൊൻകുന്നത്തും സമീപ പ്രദേശങ്ങളും കുറുക്കൻമാരുടെ വിളയാട്ടം.
പൊൻകുന്നം റോയൽ ബൈപാസ്, ചിറക്കടവ് അന്പലം, മഞ്ഞപ്പള്ളിക്കുന്ന്, മണ്ണംപ്ലാവ് തുടങ്ങി വിവിധ പ്രദേശങ്ങളിലാണ് കുറുക്കൻമാർ കൂട്ടമായി ഇറങ്ങുന്നത്. പി.സി. ആന്റണി റോഡ് കുറുക്കൻമാരുടെ സ്ഥിരം തവളമാണ്.
കഴിഞ്ഞ രാത്രിയിൽ കുറുക്കൻമാരെ കണ്ട് ഭയന്നോടിയ വിദ്യാർഥിയ്ക്കു വീണു പരിക്കേറ്റിരുന്നു. ചേപ്പുംപാറ ഉൗഴിയാട്ട് സാനിയോ സെബാസ്റ്റ്യനാണ് (19) പരിക്കേറ്റത്.
രാത്രിയിൽ ചേപ്പുംപാറ പി.സി. ആന്റണി റോഡിലുള്ള കുടുംബവീട്ടിൽ നിന്ന് തൊട്ടടുത്തുള്ള സ്വന്തം വീട്ടിലേക്കു പോകുകയായിരുന്ന സാനിയോയുടെ നേരേ കുറുക്കന്മാർ പാഞ്ഞടുത്തു.
ആക്രമണത്തിൽനിന്ന് രക്ഷപ്പെടാനായി തിരിഞ്ഞോടുന്പോൾ റോഡിൽ വീണ് പരിക്കേൽക്കുകയായിരുന്നു.
അടുത്തുകണ്ട വെളിച്ചമുള്ള വീട്ടിലേക്ക് ഓടിക്കയറിയതോടെ കുറുക്കൻമാർ പിൻമാറി. റോഡിൽ വീണ് ഇടതു കൈവിരലിന് ഒടിവുണ്ടായി. കൈക്കും കാലിനും സാരമായി പരിക്കേറ്റു. സാനിയോ കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ ചികിത്സ തേടി.
രാത്രിയായാൽ കൂട്ടംകൂടിയെത്തുന്ന കുറുക്കന്മാർ പ്രദേശത്ത് നിലയുറപ്പിക്കും. ഇത് കാൽനടയാത്രക്കാർക്കും പ്രദേശവാസികൾക്കും വലിയ ഭീഷണിയാണ്.
പ്രദേശത്ത് ഏറെ നാളുകളായി കുറുക്കന്മാരുടെ ശല്യമുള്ളതായി നാട്ടുകാർ പറയുന്നു. റോഡിന്റെ ഒരു വശം പൂർണമായും വനത്തിന് സമാനമായ അവസ്ഥയാണ്.
ഇവിടെ നിന്നാണ് കുറുക്കൻമാർ ജനവാസ മേഖലയിലേക്ക് ഇറങ്ങുന്നത്. നിരവധി വീടുകൾ ഈ പ്രദേശത്തുണ്ട്. കൂടാതെ അംഗൻവാടിയും ഇവിടെ പ്രവർത്തിക്കുന്നു.
അംഗൻവാടികൾ വീണ്ടും തുറന്ന് കുട്ടികൾ എത്തുന്നതിനു മുന്പ് പ്രശ്നത്തിന് പരിഹാരം കാണണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
കുറുക്കൻമാരുടെ എണ്ണം കൂടിയതോടെ രാത്രിയായാൽ അക്രമണം ഭയന്ന് പുറത്തിറങ്ങാനാവാത്ത അവസ്ഥയിലാണ് നാട്ടുകാർ. രാത്രികാലങ്ങളിൽ കൂട്ടത്തോടെ ഇറങ്ങുന്ന ഇവ ഓരിയിട്ടാണ് കടന്നു പോകുന്നത്.
സമീപത്തെ വീടുകളിൽ ലൈറ്റിടുകയോ റോഡിലൂടെ കടന്നുപോകുന്ന വാഹനങ്ങളുടെ വെളിച്ചം കാണുകയോ ചെയ്യുന്പോൾ ഇവ ഓടി മറയും.
പകൽ സമയങ്ങളിൽ ആൾപ്പാർപ്പില്ലാത്ത റബർത്തോട്ടങ്ങളിലും പുരയിടങ്ങളിലുമാണ് ഇവ കഴിയുന്നത്. സംഭവത്തിൽ പഞ്ചായത്തധികൃതർക്ക് പരാതി നൽകാൻ ഒരുങ്ങുകയാണ് പ്രദേശവാസികൾ.