പൊൻകുന്നം: വൈക്കം സത്യഗ്രഹസമരത്തിന്റെ ശതാബ്ദിവർഷത്തിൽ ചിറക്കടവിനും അഭിമാനിക്കാം, ഇവിടെ നിന്നൊരാൾ സമരത്തിൽ പങ്കെടുത്ത് ജയിൽവാസം അനുഭവിച്ചിരുന്നു എന്ന ചരിത്രം ഓർമിച്ച്.
ചിറക്കടവ് തെക്കേത്തുകവല താന്നുവേലിൽ കുടുംബാംഗമായ പാച്ചുപിള്ള എന്നറിയപ്പെട്ടിരുന്ന രാമൻ നായരാണ് ആ സമരപോരാളി.
1900ൽ ജനിച്ച ഇദ്ദേഹം 1978ൽ മരിച്ചു. സ്വാതന്ത്ര്യസമരത്തിൽ പങ്കെടുത്തതിന് കേന്ദ്രസർക്കാരിന്റെ താമ്രപത്രവും പൊന്നാടയും പെൻഷനും പാച്ചുപിള്ളയ്ക്ക് ലഭിച്ചിരുന്നു.
അവർണർക്ക് ക്ഷേത്രപ്രവേശനം, പൊതുവഴി ഉപയോഗിക്കാൻ സ്വാതന്ത്ര്യം എന്നിവയ്ക്കായി തിരുവനന്തപുരം വരെ നടത്തിയ കാൽനടജാഥയിലും ഇദ്ദേഹം പങ്കെടുത്തിട്ടുണ്ട്. കുറൂർ, ടി.കെ. മാധവൻ എന്നിവർക്കൊപ്പമാണ് വൈക്കം സത്യഗ്രഹത്തിൽ പങ്കെടുത്തത്.
താന്നുവേലിൽ തറവാടിന്റെ കാരണവസ്ഥാനത്ത് തുടരുമ്പോൾ സവർണ, അവർണഭേദമില്ലാതെ തൊഴിലാളികൾക്കായി നിലകൊണ്ടു. അവർണരും വിദ്യാഭ്യാസത്തിലൂടെ പുരോഗതി കൈവരിക്കണമെന്ന ചിന്താഗതിക്കാരനായിരുന്നു.
ലക്ഷ്മിക്കുട്ടിയമ്മയായിരുന്നു ഭാര്യ. 11 മക്കളായിരുന്നു ഇവർക്ക്. ഇവരിൽ അഞ്ചുപേർ ബാല്യത്തിലേ മരിച്ചു. ആർ. രാമകൃഷ്ണൻ നായർ, ടി.എൽ. സരോജിനിയമ്മ, ടി.ആർ. ശാരദക്കുട്ടിയമ്മ, ആർ. ശ്രീകുമാരൻ നായർ, ടി.ആർ.ജി. നായർ, സി.ആർ. രാധാകുമാരി എന്നിവരാണ് മറ്റു മക്കൾ.
ഇപ്പോൾ ജീവിച്ചിരിക്കുന്നത് ടി.ആർ.ജി. നായരും സി.ആർ. രാധാകുമാരിയും. ഡൽഹിയിൽ എജ്യൂക്കേഷൻ ഓഫീസർ, പൊൻകുന്നം ശ്രേയസ് പബ്ലിക് സ്കൂൾ പ്രിൻസിപ്പൽ എന്നീ സ്ഥാനങ്ങൾ വഹിച്ച വി.ആർ. സോമന്റെ ഭാര്യയാണ് രാധാകുമാരി.